top of page

ബാലപീഡകരായ പുരോഹിതന്മാർ


കത്തോലിക്കാ പുരോഹിതൻ രണ്ടു കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരു ചുവർചിത്രം അടുത്തകാലത്ത് ഒട്ടേറെ ശ്രദ്ധ നേടുകയുണ്ടായി. തെക്കൻ യൂറോപ്പിലെ ലിസ്‌ബനിലെ ഒരു തെരുവിലാണ് ഇതിനോടകം പ്രസിദ്ധമായിത്തീർന്ന ഈ ചുവർ ചിത്രം. കത്തോലിക്കാ പുരോഹിതന്മാരുടെ ബാലപീഡനത്തിന്റെ വൈപുല്യം ലോകമാകെ ചർച്ച ചെയ്യാൻ തുടങ്ങിയ 1980 മുതൽ ഒന്നൊന്നായി പുറത്തുവരുന്ന കഥകൾ അന്പരപ്പിക്കുന്നവ ആണ്. അതിനെതിരായ രോഷം അവിശ്വാസികളുടെ പക്ഷത്തുനിന്ന് ഉണ്ടായതിനേക്കാൾ ഏറെയാണ് വിശ്വാസികളായ കത്തോലിക്കാരിൽനിന്നും ഉണ്ടായത്. അതിന്റെ ബഹിർസ്‌ഫുരങ്ങളിൽ ഒന്നാണ് ഈ ഗ്രഫിറ്റി.

2011-ലെ സെൻസസ് പ്രകാരം 81 ശതമാനം കത്തോലിക്കർ ഉള്ള പോർച്ചുഗലിന്റെ (Portugal) തലസ്ഥാനം ആണ് ലിസ്ബൻ. കത്തോലിക്കാ സഭയ്‌ക്ക്‌ ഇപ്പോഴും സ്വാധീനം ഉള്ള ഈ രാജ്യത്തെ 19 ശതമാനം പേർ മാത്രമേ കുന്പസാരം, സഭാചടങ്ങുകൾ തുടങ്ങിയവ ആചരിക്കാറുള്ളൂ എന്നത് ഇതിന്റെ മറുവശം.

പൗരോഹിത്യലബ്ധിക്കായി രതിസുഖം വേണ്ടെന്നു വച്ച പുരോഹിതന്മാർ കാട്ടിക്കൂട്ടുന്ന പ്രശ്‌നങ്ങൾ മുൻപു പലപ്പോഴും ഉയർന്നു വന്നിട്ടുണ്ടെങ്കിലും അതിന്റെ വ്യാപ്‌തി എത്ര വലുതാണെന്ന് പലരും തിരിച്ചറിഞ്ഞത് അന്പരപ്പോടെ ആണ്.

യുഎസ്എ, കാനഡ , ബ്രിട്ടൻ, അയർലൻഡ്, മെക്‌സിക്കോ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുരോഹിതന്മാരുടെ ഏറ്റവും അധികം ബാലപീഡന കേസുകൾ വെളിയിൽ വന്നത്. 1995 -നു ശേഷം നൂറിലധികം പുരോഹിതന്മാർ ആസ്‌ട്രേലിയയിൽ മാത്രം ഇക്കാര്യത്തിന് കോടതിയിൽനിന്ന് ശിക്ഷ നേടുകയുണ്ടായി. ഫിലിപ്പൈൻസിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ നൂറുകണക്കിനു പരാതികൾ ഉണ്ടായി.

അയർലൻഡിൽ പുരോഹിതന്മാരുടെ ബാലപീഡനത്തെക്കുറിച്ചു പഠിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് വന്നതോടെ കത്തോലിക്കാസഭ കൂട്ടമായി ഉപേക്ഷിച്ചവർ ഏറെയാണ്. അയർലൻഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബാലപീഡന കേസുകൾ പുരോഹിതന്മാർക്കെതിരെ ഉണ്ടായത് യുഎസ്എ-യിൽ ആണ്. 4,392 പുരോഹിതന്മാർക്കെതിരെയാണ് അവിടെ ലൈംഗിക പീഡന പരാതികൾ ഉണ്ടായത്. ദശലക്ഷക്കണക്കിനു ഡോളർ നഷ്‌ടപരിഹാരം നൽകിയാണ് ഇവയിൽ പല കേസുകളും അവസാനിപ്പിച്ചത്.

ആസ്‌ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ മാത്രം കുറഞ്ഞത് 40 പേരെങ്കിലും പുരോഹിതന്മാരുടെ പീഡനം നേരിടാനാവാതെ 2012 -ൽ മാത്രം ആത്മഹത്യ ചെയ്‌തു എന്ന് പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സഫർ ദ് ചിൽഡ്രൻ (Suffer the children) എന്ന പേരിൽ യുടിവി (UTV) സംപ്രേഷണം ചെയ്‌ത ടെലിവിഷൻ ഡോക്യൂമെന്ററികളും, ബോസ്റ്റൺ ഗ്ലോബ് (Boston Globe) പുറത്തു കൊണ്ടുവന്ന വിവരങ്ങളും, ബിബിസി (BBC) ലോകവ്യാപകമായി റിപ്പോർട്ട് ചെയ്‌ത വിവരങ്ങളും നിഷേധിക്കാനാവാത്ത തെളിവുകൾ കത്തോലിക്കാ പുരോഹിതന്മാർക്കെതിരെ നിരത്തി.

കത്തോലിക്കാ സഭയുടെ ലോക ആസ്ഥാനനമായ വത്തിക്കാനിൽനിന്നു നേരിട്ടു സഭാനേതൃത്വം നടത്തിയ അന്വേഷണം പോലും അംഗീകരിച്ചത് 2001-നും 2010-നും ഇടയിൽ 3000 ബാലപീഡന ലൈംഗികാരോപണങ്ങൾ പുരോഹിതന്മാർക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.

പുരോഹിതന്മാർക്കെതിരെ പരാതികൾ കുന്നുകൂടിയപ്പോൾ കത്തോലിക്കാ സഭ ഉന്നയിച്ച ന്യായീകരണങ്ങളിൽ ഒന്ന് ശ്രദ്ധേയമാണ്. മറ്റ് മതങ്ങളിലെ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ഇതുപോലെയോ ഇതിലധികമോ ലൈംഗികാരോപണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന ന്യായീകരണം, സദാചാര മൂല്യങ്ങലെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ പൊള്ളയായ അവകാശവാദം തുറന്നു കാണിക്കുകയായിരുന്നു.

സദാചാരബോധത്തിന്റെയും മൂല്യങ്ങളുടെയും മാനദണ്ഡങ്ങൾ ലോകത്തു നിശ്ചയിച്ചത് ബൈബിളിലെ പുറപ്പാട് പുസ്‌തകത്തിൽ നിഷ്‌കർഷിക്കുന്ന, മോശക്ക് യെഹോവ നൽകിയതെന്നു വിശ്വസിക്കപ്പെടുന്ന, 'പത്തു കൽപനകൾ' ആണ് എന്നാണ് ജൂത-ക്രൈസ്തവ വിശ്വാസം. ഈ പത്തു കല്പനകളിൽ 'ബാല പീഡനം അരുത്' എന്നൊരു കല്പന ഇല്ല എന്ന് ഒരു പുരോഹിതൻ ന്യായവാദം നടത്തിയതായി ഒരു കഥ ഉണ്ട്. ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് അവകാശപ്പെടുന്ന ഈ പുരോഹിതന്മാർക്ക്, സ്വയം തീരുമാനം എടുക്കാൻ പ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളോട് ലൈംഗിക അതിക്രമം കാണിക്കുന്നതിന് അല്പം പോലും മടിയോ ശങ്കയോ ഉണ്ടായില്ല.

ക്രൈസ്‌തവ വിശ്വാസമനുസരിച്ച് സീനായ് പർവതത്തിൽ വച്ച് ദൈവം ഇസ്രയേൽ ജനവുമായി ചെയ്ത ഉടന്പടിയുടെ വ്യവസ്ഥയായി മോശയ്‌ക്ക്‌ നൽകിയ ഉത്തരവാണ്‌ 'പത്തു കല്പനകൾ' എന്നറിയപ്പെടുന്നത്. അവ താഴെ പറയുന്നവയാണ്.

  1. നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌. (പുറപ്പാട്.20:1-3)

  2. യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്‌. (പുറപ്പാട്.20:4-6)

  3. കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. (പുറപ്പാട്.20:7)

  4. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. (പുറപ്പാട്.20:8-11)

  5. മാതാപിതാക്കന്മാരെ ബഹുമാനിക്കണം. (പുറപ്പാട്.20:12)

  6. കൊലചെയ്യരുത്. (പുറപ്പാട്.20:13)

  7. വ്യഭിചാരം ചെയ്യരുത്. (പുറപ്പാട്.20:14)

  8. മോഷ്ടിക്കരുത്. (പുറപ്പാട്.20:15)

  9. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്. (പുറപ്പാട്.20:16)

  10. കൂട്ടുകാരന്റെ ഭവനത്തെയോ ഭാര്യയെയോ അവനുള്ള യാതൊരു വസ്തുവിനെയോ മോഹിക്കരുത്. (പുറപ്പാട്.20:17)

പുരോഹിതൻ പറഞ്ഞ ന്യായവാദം ഒരുകണക്കിന് ശരി ആണ്. ഇന്ന് ആധുനിക സമൂഹം മൂല്യങ്ങൾ ആയി തിരിച്ചരിഞ്ഞിട്ടുള്ള കാര്യങ്ങളിൽ ബഹുഭൂരിപക്ഷവും ഒരു മതസംഹിതയും അടിസ്ഥാന ചിന്തയായി അംഗീകരിക്കുന്നവ അല്ല. സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത ഒറ്റപ്പെട്ട വാചകങ്ങളോ പ്രാർത്ഥനകളോ ചൂണ്ടിക്കാണിച്ച് ആധുനിക മൂല്യങ്ങളുടെ പിതൃത്വം മതങ്ങളുടെ പേരിൽ അവകാശപ്പെടാനുള്ള ശ്രമങ്ങൾ ഏറെ ഉണ്ടുതാനും.

കുട്ടികളോടുള്ള ശാരീരികമോ ലൈംഗികമോ മാനസികമോ ആയ ദുഷ്‌പെരുമാറ്റമോ അവഗണനയോ ബാലപീഡനം ആണെന്ന് യുണിസെഫ് നിർവചിച്ചിട്ടുണ്ട്‌. മാതാപിതാക്കളിൽനിന്നോ സംരക്ഷകരിൽ നിന്നോ ഇവ ഉണ്ടാവുന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. എല്ലാത്തരം ചൂഷങ്ങളിൽനിന്നും വിവേചനകളിൽനിന്നും അവർ സംരക്ഷിക്കപ്പെടേണ്ടതാണ്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഈ സമീപനം 1789-ലെ ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ തുടർച്ച ആണ്.

കത്തോലിക്കാ സഭയുടെ യൂറോപ്പിലെ ആധിപത്യത്തിന് അവസാനം കുറിച്ച ഫ്രഞ്ച് വിപ്ലവത്തിനു ശേഷം ഫ്രഞ്ച് ജനതയുടെ പ്രതിനിധി സഭ 1789-ൽ അംഗീകരിച്ച 'മനുഷ്യാവകാശ പ്രഖ്യാപനം' ആണ് ആധുനിക സാമൂഹ്യ-രാഷ്‌ട്രീയ മൂല്യങ്ങളുടെ വഴികാട്ടി ആയത്.

യെഹോവയുടെ പത്തു കല്പനകളെക്കാൾ എത്രയോ മഹത്തരം ആണ് ഇവ എന്നു നോക്കൂ.

  1. മനുഷ്യർ ജന്മനാ സ്വതന്ത്രരും തുല്യരുമാണ്. വ്യക്തികൾക്കിടയിൽ പൊതുനന്മക്ക് ഉതകുന്ന വിവേചനങ്ങൾ മത്രമേ അനുവദിക്കാവൂ.

  2. രാഷ്ട്രീയനിലപാടുകളുടേയും കൂട്ടായ്‌മകളുടേയും ഏക ലക്ഷ്യം വ്യക്തിയുടെ സ്വതസിദ്ധവും അനിഷേധ്യവുമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്. സ്വാതന്ത്ര്യം, സ്വത്ത്, സുരക്ഷ, പീഡനത്തിനെതിരായുള്ള ചെറുത്തുനില്പ് എന്നിവയാണ് ഈ അവകാശങ്ങൾ.

  3. പരമാധികാരം രാഷ്ട്രത്തിൽ നിക്ഷിപ്തമായിരിക്കുന്നു. രാഷ്ടത്തിന്റെ പ്രത്യക്ഷമായ അനുവാദമില്ലാതെ ഒരു വ്യക്തിക്കോ, സംഘടനക്കോ ഇത് കൈകാര്യം ചെയ്യാനുള്ള അധികാരമില്ല.

  4. അന്യനു ദോഷകരമല്ലാത്തതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട്. അതായത് പ്രകൃത്യാ ഉള്ള അവകാശാധികാരങ്ങൾക്ക് അതിന്റേതായ പരിധിയുണ്ട്, അന്യർക്കും ഇതേ അവകാശാധികാരങ്ങൾ അനുഭവിച്ചാസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പരിധികൾ നിയമപ്രകാരം നിർണയിക്കപ്പെടേണ്ടതാണ്.

  5. സമൂഹത്തിന് ഹാനികരമായേക്കാവുന്ന കൃത്യങ്ങൾ വിലക്കാനുള്ള അധികാരം നിയമത്തിനുണ്ട്. നിയമപ്രകാരം നിഷേധിക്കപ്പെടാത്തതൊന്നും തടസ്സപ്പെടുത്തരുത്. നിയമപ്രകാരമല്ലാത്തതു ചെയ്യാൻ ആരേയും നിർബന്ധിക്കാനുമാവില്ല.

  6. നിയമം സമൂഹത്തിന്റെ പൊതുവായ ഇച്ഛയുടെ പ്രകടനമാണ്. ആയതിനാൽ നിയമനിർമ്മാണ നടപടിയിൽ എല്ലാ പൗരന്മാരും നേരിട്ടോ പ്രതിനിധികൾ മുഖാന്തരമോ പങ്കെടുക്കേണ്ടതാണ്. ശിക്ഷക്കായാലും രക്ഷക്കായാലും നിയമം എല്ലാവർക്കും ഒരേ പോലെ ബാധകമായിരിക്കണം നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും തുല്യരാണ്. അതുകൊണ്ടു തന്നെ എല്ലാ പൊതുസ്ഥലങ്ങളിലും, പദവികൾക്കും ജോലികൾക്കും എല്ലാവർക്കും തുല്യഅവസരങ്ങൾ ലഭിക്കും. യോഗ്യതയും കഴിവുമല്ലാതെ വ്യക്തികൾ തമ്മിൽ മറ്റു യാതൊരു വിധ വിവേചനവും പാടില്ല.

  7. നിയമപ്രകാരമല്ലാതെ, തക്കതായ രേഖകൾ കൂടാതെ ആരേയും കുറ്റം ചാർത്തുകയോ, അറസ്റ്റു ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുത്. നിയമപരമല്ലാത്ത ഇത്തരം കൃത്യങ്ങൾ നടത്തുകയോ നടത്താൻ ആവശ്യപ്പെടുകയോ ചെയ്യുന്നവർ ശിക്ഷാർഹരായിരിക്കും. പക്ഷെ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട പൗരൻ ഉടൻ അതിനു വിധേയനാകണം, ചെറുത്തു നിൽക്കുന്നത് ശിക്ഷാർഹമായിരിക്കും.

  8. അത്യന്താപേക്ഷിതമെന്നു വരുന്ന ശിക്ഷകൾ മാത്രമേ നിയമം വിധിക്കാവൂ. ഒരു കൃത്യം കുറ്റമാണെന്ന നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പ് അതു കുറ്റമാകുന്നില്ല.

  9. കുറ്റം തെളിയിക്കപ്പെടുന്നതുവരെ വ്യക്തി നിരപരാധിയെന്നു പരിഗണിക്കപ്പെടും. ഈ വ്യക്തിയെ അറസ്റ്റു ചെയ്യേണ്ടത് ഒഴിവാക്കാനാവില്ലെന്നു വന്നാൽ, അനാവശ്യമായ കാർക്കശ്യം കാട്ടുന്നതിനെ നിയമം രൂക്ഷമായി വിലക്കണം.

  10. ഒരു വ്യക്തിയുടെ അഭിപ്രായങ്ങളെച്ചൊല്ലി അയാളെ ശല്യപ്പെടുത്തരുത്. അതായത് അവ സമൂഹത്തിന്റെ നിയമപരമായ ക്രമസമാധാനത്തിന് ഹാനികരമല്ലെങ്കിൽ.

  11. അഭിപ്രായങ്ങളും ആശയങ്ങളും സ്വതന്ത്രമായി പങ്കു വെക്കുക എന്നത് ഒരു വ്യക്തിയുടെ അമൂല്യമായ അവകാശമാണ്. അതുകൊണ്ട് നിയമവിരുദ്ധമായ രീതിയിൽ ഈ അവകാശം ദുരുപയോഗം ചെയ്യാതിരിക്കുന്നേടത്തോളം കാലം എന്തും പറയാനും എഴുതാനും അച്ചടിച്ചു വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഉണ്ട്.

  12. വ്യക്തി-പൗര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് സുരക്ഷാസേന ആവശ്യമാണ്. ഈ സേന പൊതുനന്മക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, അല്ലാതെ അധികാരസ്ഥരുടെ സ്വന്തം താല്പര്യങ്ങളനുസരിച്ചല്ല.

  13. സുരക്ഷാസേനയുടെ നിലനില്പിനും ബന്ധപ്പെട്ട കാര്യനിവഹണത്തിനുമായുള്ള ചെലവിലേക്ക് പൊതുജനം സംഭാവന ചെയ്യേണ്ടതുണ്ട്. സ്വന്തം കഴിവനുസരിച്ചായിരിക്കണം ഓരോരുത്തരുടേയും വീതം.

  14. ഓരോ വ്യക്തിക്കും നേരിട്ടോ, പ്രതിനിധി മുഖാന്തരമോ പൊതു നികുതിയെപ്പറ്റി അറിയാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള അവകാശമുണ്ട്. അതായത് നികുതിയുടെ ആവശ്യകത, അതെന്തിനു ഉപയോഗിക്കപ്പെടും, എന്തടിസ്ഥാനത്തിലും തോതിലുമാവും നികുതി ചുമത്തുക, എങ്ങനെ എത്ര തവണകളായി എത്രകാലം അടക്കേണ്ടി വരും എന്നൊക്കെ.

  15. സമൂഹത്തിന് ഏതു പൗരപ്രതിനിധിയോടും ഭരണച്ചെലവിന്റെ കണക്കുകൾ ആവശ്യപ്പെടാം.

  16. അവകാശങ്ങൾ ഉറപ്പു വരുത്താത്ത, അധികാരവികേന്ദ്രീകരണം നടക്കാത്ത സമൂഹത്തിന് ഭരണഘടനയെന്നൊന്നില്ല.

  17. സ്വത്ത് അനിഷേധ്യവും അലംഘനീയവുമായ അവകാശമാണ്. അതുകൊണ്ട് സ്വകാര്യസ്വത്ത് പിടിച്ചെടുക്കാനാവില്ല. ഇനിയഥവാ നിയമപ്രകാരം പൊതുകാര്യത്തിന് അത്തരമൊരു നടപടി ആവശ്യമായിവന്നാൽത്തന്നെ ഉടമക്ക് മുൻകൂറായി നഷ്ടപരിഹാരം നല്കിയശേഷം മാത്രം.

(1789-ലെ മനുഷ്യാവകാശ പ്രഖ്യാപനം)

ഐക്യരാഷ്ര്ട്ര സഭയുടെ 1948- പാരീസിൽ ചേർന്ന ജനറൽ അസംബ്ലി അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിന് (Universal Declaration of Human Rights) മാനദണ്ഡം ആയതും ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നു രചിക്കപ്പെട്ട പതിനെട്ടാം നൂറ്റാണ്ടിലെ ഈ മനുഷ്യാവകാശ പ്രഖ്യാപനം ആണ് എന്ന് ഓർക്കുക.

ഈ ലേഖനം തുടങ്ങിയപ്പോൾ പരാമർശിച്ച വിഷയത്തിലേക്കു മടങ്ങിവരരാം. എന്തുകൊണ്ടാണ് ഒട്ടേറെ പുരോഹിതന്മാർ നിസ്സഹായരായ കുഞ്ഞുങ്ങളോട് അതിക്രമം കാണിക്കുന്നത്? മതപഠനവും സഭയിലെ അന്തരീക്ഷവും നീചന്മാർ ആവുന്നതിൽനിന്ന് അവരെ തടയാത്തത് എന്തുകൊണ്ടാണ്?

പുരോഹിതന്മാർ മാത്രം ആണ് കുഴപ്പക്കാർ എന്ന സമീപനം എനിക്കില്ല. കത്തോലിക്കാ വിശ്വാസം ആണ് അവരെ ബാലപീഡകർ ആക്കിയതെന്നും ഞാൻ കരുതുന്നില്ല. എന്നാൽ കുഞ്ഞുങ്ങളുടെ അവകാശത്തെക്കുറിച്ചും മൂല്യവത്തായ ജീവിതത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കാൻ കത്തോലിക്കാ വിശ്വാസവും മതബോധനവും തികച്ചും അപര്യാപ്‌തമാണ് എന്നത് വ്യക്തമാണ്.

മൂല്യങ്ങളുടെയും സദാചാരത്തിന്റെയും സംരക്ഷകരായി കെട്ടിഘോഷിക്കപ്പെടുന്നവർ അതിന്റെ ലംഘകർ ആവുന്നത് "മതം മനുഷ്യരെ നല്ലവരാക്കുന്നു" എന്ന മിഥ്യാധാരണ തിരുത്താൻ വഴി ഒരുക്കേണ്ടതുണ്ട്.

ബാലപീഡകരായപുരോഹിതന്മാർ ശിക്ഷിക്കപ്പെട്ടേക്കാം എന്നതുകൊണ്ടു മാത്രം ഈ പ്രശ്‌നം അവസാനിക്കുന്നില്ല. കുഞ്ഞുങ്ങളുടെ മനസികാരോഗ്യത്തിൽ ഈ ദുഷ്ടന്മാർ ഏൽപ്പിച്ച ക്ഷതം അവരെ ജീവിതകാലം മുഴുവൻ പിൻതുടരും എന്നത് മറന്നുകൂടാ. കൊച്ചുകുട്ടികളുടെ സംരക്ഷകരായി പുരോഹിതന്മാരെ കണ്ണുമടച്ചു കരുതാതിരിക്കുക. മറ്റെവിടെയുമെന്നതുപോലെ -ഒരുപക്ഷെ അല്പം കൂടുതലായി - മനോവൈകല്യം ഉള്ളവരും അപകടകാരികളായ കുറ്റവാളികളും പുരോഹിതന്മാർക്കിടയിലും ഉണ്ടെന്ന് ഓർക്കുക. മതബോധനം ആരെയും മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ട വ്യക്തികൾ ആക്കുന്നില്ല.

© 2016 Sanal Edamaruku

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page