ദൈവ വിഭ്രാന്തി - റിച്ചാർഡ് ഡോക്കിൻസ്
അദ്ധ്യായം 1
അഗാധമായ മതാത്മകത ഉള്ള
ഒരു അവിശ്വാസി
പ്രപഞ്ച ഘടനയെക്കുറിച്ച് ബഹുമാനത്തോടെ നോക്കിക്കാണാൻ നമ്മുടെ അപര്യാപ്‌ത ഇന്ദ്രിയങ്ങളെ അത് ഇതുവരെ അനുവദിച്ചിരുന്നു എന്നതുകൊണ്ട്, ഒരു വ്യക്തിഗത ദൈവത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കുന്നില്ല.
-ആൽബർട്ട് ഐൻസ്റ്റൈൻ
അർഹിക്കുന്ന ആദരവ്
കൈകളില്‍ മുഖമമര്‍ത്തി പുല്‍മെത്തയില്‍ വിശ്രമിക്കുന്ന ബാലന്‍. പെട്ടെന്ന് തന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം ഒരു ചലചിത്രത്തിലെന്നപോലെ അവന്റെ മനസ്സിലൂടെ കടന്നുപോകാന്‍ തുടങ്ങി. കെട്ടുപിണഞ്ഞ വേരുകളും, ശാഖോപശാഖകളും നിറഞ്ഞ വനം, പുല്‍ച്ചാടികളും ഉറുന്പുകളും വസിക്കുന്ന ഒരു മായാലോകം, കോടിക്കണക്കായ സുക്ഷ്മാണുക്കള്‍ നിറഞ്ഞ മറ്റൊരു ലോകം. പൊടുന്നനെ ഇവയെല്ലാം ഒന്നു ചേര്‍ന്ന് അവന് പരിചയമുള്ള ഭൂമി. ഈ അനുഭവം അവന് ദിവ്യമായി തോന്നുകയും അത് അവനെ പൗരോഹിത്യത്തിലേക്ക് നയിക്കുകയും ചെയ്‌തു. ആംഗ്ലിക്കന്‍ പാതിരിയായി പട്ടം ലഭിച്ച അയാള്‍ എന്റെ വിദ്യാലയത്തിലെ അദ്ധ്യാപകനായെത്തി. എനിക്ക് പ്രിയപ്പെട്ട അദ്ധ്യാപകന്‍. എന്നിലേക്ക് മതം കുത്തി വയ്‌ക്കാതിരിക്കാന്‍ സഹായിച്ചത് ഇദ്ദേഹത്തെപ്പോലെ പുരോഗനാതമകമായി ചിന്തിക്കുന്ന പുരോഹിതന്മാരായിരുന്നുവെന്ന് നന്ദിപൂര്‍വ്വം സ്‌മരിക്കട്ടെ. മറ്റൊരിടത്ത് മറ്റൊരു സമയത്ത്, താരാപഥങ്ങളില്‍ ഒറിയോണും, കാസിയൊപ്പിയ, ഉര്‍സാ മേജര്‍ തുടങ്ങിയവയുടെ തലോടലേറ്റ്, ക്ഷീരപഥത്തിന്റെ താരാട്ടുപാട്ടുകേട്ട്, ചെന്പകപ്പൂക്കളുടേയും, ആഫ്രിക്കന്‍ വനന്തരത്തിലെ ഭീമാകാരങ്ങളായ പുഷ്‌പങ്ങളുടേയും സുഗന്ധം ആസ്വദിച്ച് ദിവ്യമായ ഒരനുഭൂതിയിലൂടെ കടന്നുപോകുന്ന ഞാന്‍. എന്തുകൊണ്ട് സമാനമായ അനുഭവം എന്റെ അദ്ധ്യാപകനെ ഒരു വഴിക്കും എന്നെ മറ്റൊരു വഴിക്കും നയിച്ചു എന്നത് കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്. പ്രകൃതി പ്രതിഭാസങ്ങളോട് വികാരതീവ്രമായ പ്രതികരണം ശാസ്ത്രജ്ഞന്മാരിലും പുരോഗമനവാദികളിലും കാണാം. പക്ഷെ ഇതിന് അമാനുഷിക ശക്തിയിലുള്ള വിശ്വാസവുമായി ബന്ധമൊന്നുമില്ല.
ചാൾസ് ഡാര്‍വിന്റെ "ജീവിവര്‍ഗങ്ങളുടെ ഉത്ഭവം" എന്ന പുസ്‌തകത്തിലെ അവസാന വരികള്‍ - വിഖ്യാതമായ 'കെട്ടുപിണഞ്ഞ തീരം' ഖണ്ഡിക, 'കുറ്റിക്കാടുകളില്‍ പാടുന്ന പക്ഷികള്‍, ചാഞ്ചാടുന്ന ഷഡ്‌പദങ്ങള്‍, നനഞ്ഞ മണ്ണില്‍ ഇഴയുന്ന പുഴുക്കള്‍ - എന്നെപ്പോലെ എന്റെ അദ്ധ്യാപകന്റെ ബാല്യത്തില്‍ അദ്ദേഹം അറിഞ്ഞിരുന്നുവെങ്കില്‍, പൗരോഹിത്യത്തിലേക്ക് തിരിയാതെ ഒരുപക്ഷെ ഡാര്‍വിനിസത്തിലേക്ക്, നമുക്കു ചുറ്റുമായി പ്രവർത്തിക്കുന്ന ചില നിയമങ്ങളാണ് സ്വാഭാവികമായി എല്ലാറ്റിനെയും സൃഷ്‌ടിച്ചത് എന്ന നിലപാടിലേക്ക്, അദ്ദേഹവും നയിക്കപ്പെട്ടേനെ.
അങ്ങനെയാണ് പ്രകൃതിയിലെ പോരാട്ടങ്ങളില്‍നിന്ന്, പട്ടിണിയിലും മരണത്തിലും നിന്ന്, ഭാവന ചെയ്യാവുന്ന ഏറ്റവും ഉന്നതിയാർജ്ജിച്ച ജീവികളുടെ ആവിർഭാവത്തിലേക്ക് നേരിട്ട് മുന്നേറിയത്. അതിന്റേതായ നിരവധി ശക്തികളാൽ, ആദ്യമായി ജീവൻ ലഭിച്ച ഏതാനും രൂപങ്ങളിൽ നിന്ന്, അല്ലെങ്കിൽ ഒന്നിൽ നിന്ന്, ഈ ഭൂമി നിശ്ചിതമായ ഒരു ആകർഷണ നിയമത്തിനു വിധേയമായി കറങ്ങിക്കൊണ്ടിരിക്കുന്പോൾ, വളരെ ലളിതമായ ഒരു തുടക്കത്തിൽനിന്ന്, മനോഹരവും തികച്ചും അത്ഭുതകരവുമായ അസംഖ്യം രൂപങ്ങളിലേക്ക്, പരിണമിക്കുകയായിരുന്നു എന്ന ഈ വീക്ഷണം മഹത്തരമാണ്.
-ചാൾസ് ഡാർവിൻ (ജീവിവർഗങ്ങളുടെ ഉത്ഭവം)
കാൾ സാഗന്‍, പേൽ ബ്ലു ഡോട്ടില്‍ (Pale Blue Dot) എഴുതി:
എന്തുകൊണ്ടാണ് മതങ്ങള്‍ ഒന്നും തന്നെ ശാസ്‌ത്രത്തെ നോക്കി, 'തങ്ങള്‍ കരുതിയതിലും മികച്ചതാണല്ലോ ഇത്' എന്ന നിഗമനത്തിലെത്തുന്നില്ല! പ്രപഞ്ചം ഞങ്ങളുടെ പ്രവാചകന്‍ പഠിപ്പിച്ചതിലും വളരെ വലുതും, നിഗൂഢവും, മഹത്തും ആണല്ലോ എന്ന് അവ കണ്ടെത്തുന്നില്ല? അവര്‍ പറയും, 'ഇല്ല, ഇല്ല, എന്റെ ദൈവം ചെറിയ ദൈവമാണ്. അവന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ.' മതം, അത് പഴയതോ, പുതിയതോ ആവട്ടെ, ആധുനിക ശാസ്‌ത്രം വ്യക്തമാക്കുന്നതുപോലെ പ്രപഞ്ചം മഹത്തരമാണെന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ, പരന്പരാഗത വിശ്വാസങ്ങൾ നൽകുന്ന പ്രപഞ്ച ധാരണയെക്കുറിച്ചുള്ള ബഹുമാനത്തിനും ബഹുമാനത്തിനും അത് പരിധി നിശ്ചയിക്കുമായിരുന്നു.
സാഗന്റെ എല്ലാ കൃതികളും മതങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടുകളിൽ കുത്തകയാക്കിവച്ചിരുന്ന മനുഷ്യന്റെ വൈകാരിക തലങ്ങളെ സ്പര്‍ശിക്കുന്നുണ്ട്. എന്റെ തന്നെ രചനകളും അതിനു ശ്രമിക്കുന്നു. തൽഫലമായി, എന്നെ കറതീര്‍ന്ന വിശ്വാസിയായി ചിലർ ചിത്രീകരിക്കപ്പെടുന്നതായി ഞാൻ കേൾക്കുന്നു. ഒരിക്കല്‍ ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അവളുടെ അദ്ധ്യാപകനോട് എന്നേക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. "നിശ്ചയമായും, അദ്ദേഹത്തിന്റെ ശാസ്‌ത്രീയ രീതി മതവിശ്വാസരീതികളോട് ഒത്തുപോകില്ല. പക്ഷേ, പ്രകൃതിയേയും പ്രപഞ്ചത്തേയും പ്രതിപാദിക്കുന്പോള്‍ അദ്ദേഹം ഒരുതരം ഉന്മാദാവസ്ഥയെ പ്രാപിക്കുന്നു. ഞാന്‍ പറയും, അതാണ് വിശ്വാസം!' പക്ഷേ ഇതിനെ വിശ്വാസമെന്ന് പറയുന്നത് ശരിയാണോ? ഞാന്‍ അങ്ങനെ കരുതുന്നില്ല. നോബല്‍ സമ്മാനം നേടിയ (നിരീശ്വരവാദി കൂടിയായ) ഊര്‍ജ്ജതന്ത്രജ്ഞന്‍ സ്റ്റിവെന്‍ വെയ്ന്‍ബെര്‍ഗ് (Steven Weinberg) ഇക്കാര്യം അദ്ദേഹത്തിന്റെ "അവസാന സിദ്ധാന്തത്തെക്കുറിച്ചുള്ള സ്വപ്‌നം" (Dreams of Final Theory) എന്ന പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ചിലരുടെ ദൈവവിശ്വാസം വിശാലവും അതിര്വരന്പുകളില്ലാത്തതുമാണ്. അവര്‍ക്ക് ആവശ്യമെന്നു തോന്നുന്പോള്‍ എപ്പോഴും എവിടെയും ദൈവത്തെ കാണാം. ദൈവം ഉന്നതനാണ്, പ്രകൃതിയാണ് ദൈവം, പ്രപഞ്ചമാണ് ദൈവം, എന്നിങ്ങനെയൊക്കെ അവര്‍ ദൈവത്തെ വിശദീകരിക്കും. തീര്‍ച്ചയായും ദൈവമെന്ന വാക്കിന് പല അര്‍ത്ഥങ്ങള്‍ നല്‍കാം. നിങ്ങള്‍ ദൈവത്തെ ഊര്‍ജ്ജമെന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ ഒരു കല്‍ക്കരിക്കഷ്ണത്തില്‍ നിങ്ങള്‍ക്ക് ദൈവത്തെ കാണാം.
വെയ്ന്ബെര്ഗിന്റേത് ശരിയായ വീക്ഷണമാണ്. ദൈവമെന്ന വാക്ക് തീര്‍ത്തും അനാവശ്യമായി തീര്‍ന്നില്ലങ്കില്‍ നമുക്ക് അതിനെ സാമാന്യ അര്‍ത്ഥത്തിലെങ്കിലും ഉപയോഗിക്കാം. 'ആരാധിക്കപ്പെടുന്നതിനു യോഗ്യനായ' പ്രകൃത്യാതീതനായ സ്രഷ്ടാവ് എന്ന അര്‍ത്ഥത്തില്‍. ഐന്‍സ്റ്റൈന്റെ മതവിശ്വാസവും, പ്രകൃത്യാതീതശക്തിയിലൂന്നിയ മതവിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തത് പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഐന്സ്റ്റൈൻ (നിരീശ്വരരായ മറ്റ് ശാസ്‌ത്രജ്ഞരും) നടത്തിയിട്ടുള്ള ദൈവ പരാമര്‍ശം മതനേതാക്കന്മാര്‍ക്ക് വിഖ്യാതനായ ഈ ശാസ്ത്രജ്ഞനെ തങ്ങളിലൊരാളായി ചിത്രീകരിക്കാന്‍ ഇടകൊടിത്തിട്ടുണ്ട്. സ്റ്റീഫന്‍ ഹോക്കിങിന്റെ 'A Brief History of Time' എന്ന ഗ്രന്ഥത്തിന്റെ നാടകീയാന്ത്യത്തില്‍ 'അന്ന് നാം ദൈവത്തിന്റെ മനസ്സറിയും' എന്ന പരാമര്‍ശം വളച്ചൊടിച്ച് അദ്ദേഹം ഒരു വിശ്വാസിയാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ചിലർ ശ്രമിച്ചിരുന്നു. The Sacred Depths of Nature എന്ന Ursula Goodenough (കോശ ശാസ്ത്രകാരി)-ന്റെ ഗ്രന്ഥത്തിലും ദൈവ പരാമര്‍ശങ്ങളുണ്ട് -ഹോക്കിങിനെക്കാളും ഐൻസ്റ്റൈനെക്കാളും മതാത്മകത അവർക്കുണ്ടെന്നു തോന്നിപ്പോകും. അവര്‍ പള്ളികളെയും ക്ഷേത്രങ്ങളെയും മോസ്‌ക്കുകളെയും ഇഷ്ടപ്പെടുന്നു. വിഷയത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാല്‍ മതക്കാര്‍ക്ക് ഇന്ധനമാക്കാവുന്ന പല പരാമര്‍ശങ്ങളും അവരുടെ ഗ്രന്ഥത്തില്‍ കാണാം. അചഞ്ചല വിശ്വാസമുള്ള ഒരു പ്രകൃതിസ്നേഹി എന്നു വരെ അവര്‍ അവരെ വിശേഷിപ്പിക്കുന്നു. അവരുടെ ഗ്രന്ഥങ്ങള്‍ സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കിയാല്‍ അവരും എന്നെപ്പോലെ നിരീശ്വര വീക്ഷണം ഉള്ള ആളാണെന്നു കാണാം.
June_15
<a href="#June_15">Click here to see the content below.</a>
പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്നത് തെറ്റിദ്ധരിക്കപ്പെടാവുന്ന വാക്കാണ്. ഈ വാക്ക് എന്റെ കുട്ടിക്കാല ഹീറോ കഥാപാത്രം ഹഗ് ലോഫ്റ്റിംഗിസിന്റെ ഡോ. ഡോലിറ്റിലിനെ (ചാൾസ് ഡാര്‍വിനെപ്പോലെ ദാര്‍ശനികനായ പ്രകൃതി ശാസ്‌ത്രജ്ഞന്‍ എന്നതായിരിക്കും കൂടുതല്‍ ശരി) ഓര്‍മ്മിപ്പിക്കും. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ നല്‍കിയ അര്‍ത്ഥം തന്നെയാണ് പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന വാക്കിന് നമ്മില്‍ ഭൂരിപക്ഷവും ഇന്നും നല്‍കുന്നത്. പ്രകൃതിയെ പഠിക്കുന്നവന്‍. ഗില്‍ബര്‍ട്ട് വൈറ്റിനെപ്പോലെ പല പുരോഹിതരും ഈ അര്‍ത്ഥത്തില്‍ ശാസ്‌ത്രജ്ഞരായിരുന്നു. ചെറുപ്പത്തില്‍ ഡാര്‍വിനും പൗരോഹിത്യപാതയിലേക്ക് തിരിയാന്‍ തീരുമാനിച്ചത് പുരോഹിതന് കൂടുതലായി ലഭിക്കുന്ന വിശ്രമവേളകള്‍ തന്റെ ഷഡ്‌പദങ്ങളെക്കുറിച്ചുള്ള പഠനത്തിനുതകുമല്ലോ എന്നു കരുതിയാണ്. പക്ഷേ ദാര്‍ശനികര്‍ പ്രകൃതിശാസ്‌ത്രജ്ഞരെ ഭൗതികവാദികളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ജൂലിയന്‍ ബാഗിനി Atheism എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'നിരീശ്വരവാദികളെല്ലാം പറയുന്നത്, പ്രകൃതിയില്‍ ഭൗതികമല്ലാത്തതൊന്നുമില്ലന്നും, മനസ്സ്, സൗന്ദര്യം, വികാരം, സദാചാരം എല്ലാം ഭൗതികമാണെന്നുമാണ്.'
മനുഷ്യന്റെ വികാരവിചാരങ്ങള്‍ തലച്ചോറിന്റെ ഗഹനമായ പ്രവര്‍ത്തനഫലമാണ്. നിരീശ്വരവാദികള്‍ ഭൗതികേതരമായ എന്തെങ്കിലുമെണ്ടെന്ന് കരുതുന്നില്ല. ശരീരം നശിച്ചാലും നിലനില്‍ക്കുന്ന ആത്മാവ്, പ്രപഞ്ച സൃഷ്ടാവ്, അത്ഭുതങ്ങള്‍ - നമുക്ക് ഇനിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത പ്രകൃതി പ്രതിഭാസങ്ങള്‍ ഒഴിച്ച് - ഇവയിലൊന്നും അവര്‍ വിശ്വസിക്കുന്നില്ല. എന്തെങ്കിലും ഇപ്പോള്‍ നമുക്ക് ഭൗതികേതരമെന്ന് തോന്നുമെങ്കിലും നിരന്തര അന്വേഷണം അവയുടെ പിന്നിലെ രഹസ്യം വെളിവാക്കുകതന്നെ ചെയ്യും. മഴവില്ലിനെ ശാസ്‌ത്രീയ പഠനത്തിലൂടെ ഇഴപിരിച്ചെടുത്താലും അതൊരു വിസ്‌മയമായിത്തന്നെ നിലനില്‍ക്കുമല്ലോ?
വിശ്വാസികളായി തോന്നാവുന്ന പല ശാസ്‌ത്രജ്ഞരും അങ്ങനെയല്ലന്ന്, അവരുടെ വിശ്വാസങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠനവിധേയമാക്കിയാല്‍ മനസ്സിലാവും. ഐന്‍സ്റ്റൈന്റേയും, ഹോക്കിങിന്റേയും കാര്യത്തിലും ഇത് ശരിയാണ്‍. അവിശ്വാസിയായ ആംഗ്ലിക്കനായി സ്വയം വിശേഷിപ്പിക്കുന്ന മാര്‍ട്ടിന്‍ റീസ് എന്ന ജ്യോതിശാസ്‌ത്രജ്ഞന്‍ തന്നെ പള്ളിയിലേക്കു നയിക്കുന്നത് സഹജീവികളോടുള്ള സ്നേഹമാണെന്ന് പറയുകയുണ്ടായി. ദൈവത്തില്‍ വിശ്വസിക്കാത്ത അദ്ദേഹവും മറ്റു ശാസ്‌ത്രജ്ഞരെപ്പോലെ പ്രപഞ്ചത്തെ കാവ്യാത്മകമായി കാണുന്നു. അടുത്തൊരു ടി.വി. പരിപാടിയില്‍ പ്രമുഖ ഡോക്ടറായ റോബര്‍ട്ട് വിന്‍സ്റ്റണോട് അദ്ദേഹം ജൂത മതവിശ്വാസിയാണെങ്കിലും പ്രകൃത്യാതീതമായതൊന്നിലും വിശ്വസിക്കുന്നില്ല എന്നു സമ്മതിക്കാമോ എന്നു ചോദിക്കുകയുണ്ടായി. അദ്ദേഹം സമ്മതിക്കുന്നതിന്റെ അടുത്തുവരെ എത്തിയെങ്കിലും അവസാനം തന്റെ വിശ്വാസം അച്ചടക്കമുള്ള ജീവിതം നയിക്കാന്‍ സഹായിക്കുന്നുവെന്നു പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചു. അത് ചിലപ്പോള്‍ ശരിയാവാം. പക്ഷേ ജൂത മതത്തിലുള്ള പ്രകൃത്യാതീത അവകാശവാദങ്ങളില്‍ സത്യത്തിന്റെ തരിന്പുമില്ല. നിരീശ്വരവാദികളായ പല ജൂതരും തങ്ങള്‍ ജൂതരാണെന്നു അഭിമാനപൂര്‍വ്വം പറയുകയും മതാചാരങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നത് കാണാം. രക്തസാക്ഷികളോടുള്ള സ്നേഹമോ, തങ്ങളുടെ പാരന്പര്യത്തോടുള്ള വിധേയത്വമോ ആയിരിക്കും ഇതിനു കാരണം. അവര്‍ വിശ്വാസികളല്ല, ഡാനിയൽ ഡെന്നറ്റിന്റെ ഭാഷയില്‍, വിശ്വാസത്തില്‍ വിശ്വസിക്കുന്നവരാണ്.
'മതരഹിത ശാസ്‌ത്രം മുടന്തനും ശാസ്‌ത്രരഹിത മതം അന്ധവും' - ഐന്‍സ്റ്റൈന്റെ പ്രശസ്‌തമായ ഉദ്ധരണിയാണിത്. അദ്ദേഹത്തിന്റെ മറ്റൊരു വാചകം നോക്കൂ:
മതവിശ്വാസത്തെക്കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയത് അസത്യമാണ്, തന്ത്രപരമായി ആവര്‍ത്തിക്കപ്പെടുന്ന ഒരു കള്ളം. ഒരു വ്യക്തി ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലുള്ള വിശ്വാസം നിഷേധിക്കുക മാത്രമല്ല വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിലെന്തെങ്കിലും വിശ്വാസപരമായി കാണുമെങ്കില്‍ അത് ശാസ്‌ത്രം പുറത്തുകൊണ്ടുവന്ന പ്രപഞ്ചത്തിന്റെ ഘടനയിലുള്ള ആരാധന മാത്രമായിരിക്കും.
ഐന്‍സ്റ്റൈനില്‍ വൈരുദ്ധ്യം ദര്‍ശിക്കാമോ? അദ്ദേഹത്തിന്റെ വാക്കുകള്‍ ഉപയോഗിച്ച് ഒരു വസ്‌തുതയുടെ വിപരീത വശങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. മതമെന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നത് വ്യവസ്ഥാപിത അര്‍ത്ഥത്തിലല്ല. തുടര്‍ന്നു വരുന്ന ഐന്‍സ്റ്റൈനിയന്‍ മതവും പ്രകൃത്യാതീത മതവും തമ്മിലുള്ള താരതമ്യ പഠനത്തില്‍ ഞാന്‍ പ്രകൃത്യാതീത ദൈവത്തെയാണ് 'വിഭ്രമിപ്പിക്കുന്നത്' എന്ന് വിളിക്കുന്നത്.
ഇതാ ഐന്‍സ്റ്റൈനിയന്‍ മതത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച ലഭിക്കാന്‍ അദ്ദേഹത്തിന്റെ കുറേ ഉദ്ധരണികള്‍ കൂടി:
ഞാന്‍ ആഴമുള്ള മതാത്മകത ഉള്ള ഒരു അവിശ്വാസിയാണ്. ഇത് പുതിയ ഒരു മതമെന്ന് വേണമെങ്കില്‍ പറയാം.
മനുഷ്യനുള്ളതുപോലെ പ്രകൃതിക്ക് ഒരു ലക്ഷ്യമോ തീരുമാനമോ ഉള്ളതായി ഞാന്‍ കാണുന്നില്ല. ഞാന്‍ പ്രകൃതിയില്‍ കാണുന്നത് വിസ്‌മയാവഹമായ രൂപഘടനയാണ്. നമുക്ക് അത് വളരെ കുറച്ചേ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ സങ്കീര്‍ണത എന്നെപ്പോലെ ഒരു ചിന്തകനില്‍ ചിലപ്പോള്‍ താന്‍ എത്ര ചെറുതാണെന്ന ബോധം ഉണ്ടാക്കിയേക്കാം. ഇതിന് മതചിന്തയുമായി ഒരു ബന്ധവുമില്ല.
ഒരു വ്യക്തിദൈവം എന്ന ആശയം എനിക്ക് അന്യവും ബാലിശവും ആണ്.
ഐന്‍സ്റ്റൈന്റെ മരണശേഷം അദ്ദേഹത്തെ തങ്ങളിലൊരാളായി ചിത്രീകരിക്കാന്‍ മത വക്താക്കള്‍ നിരന്തരം ശ്രമിച്ചുപോന്നു. പക്ഷേ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അവര്‍ അദ്ദേഹത്തെ കണ്ടിരുന്നത് തീര്‍ത്തും മറ്റൊരു രീതിയിലായിരുന്നു. 1940 ല്‍ അദ്ദേഹം തന്റെ വിഖ്യാതമായ "ഞാന്‍ ഒരു വ്യക്തി ദൈവത്തില്‍ വിശ്വസിക്കുന്നില്ല" എന്നതിന് ന്യായവാദങ്ങള്‍ നിരത്തി. ഇതും ഇതുപോലെയുള്ള അദ്ദേഹത്തിന്റെ മറ്റു വാദങ്ങളും മതവക്താക്കളെ പ്രകോപനം കൊള്ളിച്ചു. ചിലര്‍ അദ്ദേഹത്തിന്റെ ജൂത പാരന്പര്യത്തെത്തന്നെ ചോദ്യം ചെയ്‌തു. തുടര്‍ന്നുവരുന്ന ഉദ്ധരണികള്‍ മാക്സ് ജാമ്മറിന്റെ Einstien and Religion എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തതാണ്. (മത കാര്യങ്ങളില്‍ ഐന്‍സ്റ്റൈന്‍ ഉദ്ധരണികളുടെ എന്റെ പ്രധാന സ്രോതസ് ആണത്). കന്‍സാസ് സിറ്റിയിലെ കത്തോലിക്കാ ബിഷപ്പ് ഒരിക്കല്‍ പറഞ്ഞു: 'ദുഃഖകരമായ കാര്യം പഴയനിയമ പാരന്പര്യത്തില്‍ നിന്നും വന്ന ഈ മനുഷ്യന്‍ തന്റെ മുന്‍ഗാമികളുടെ ആചാരങ്ങളെ നിഷേധിക്കുന്നുവെന്നതാണ്.' മറ്റൊരു കത്തോലിക്കാ പുരോഹിതന്‍ അട്ടഹസിച്ചു: "വ്യക്തി ദൈവമല്ലാതെ മറ്റൊരു ദൈവമില്ല... ഐന്‍സ്റ്റൈന് അയാള്‍ പുലന്പുന്നതെന്തന്നറിയില്ല. അയാള്‍ തെറ്റുകാരനാണ്. കുറച്ചധികം വിദ്യാഭ്യാസം ലഭിച്ചാല്‍ ഏതുകാര്യത്തിലും ചാടിക്കേറി അഭിപ്രായം പറയാമെന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്.' മതപണ്ഡിതര്‍ ചോദ്യംചെയ്യപ്പെട്ടുകൂടാ എന്നൊരു ധാരണ നമുക്കിടയിലുണ്ട്. യക്ഷിയുടെ ചിറകിന്റെ നിറവും, വലിപ്പവും ഒരു താന്ത്രികന്‍ വിശദീകരിച്ചാല്‍ മുകളില്‍ പറഞ്ഞ പുരോഹിതന്‍ പോലും അതിനെ ചോദ്യം ചെയ്യില്ല. മതകാര്യങ്ങളില്‍ ബിരുദമില്ലാത്ത ഐന്‍സ്റ്റൈന് ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളില്‍ അറിവില്ലായെന്ന് ഈ പുരോഹിതര്‍ ചിന്തിച്ചിരിക്കാം. പക്ഷേ ഐന്‍സ്റ്റൈന്‍ താന്‍ നിഷേധിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയിട്ടു തന്നെയായിരുന്നു അവയെ തള്ളിക്കളഞ്ഞത്.
മത ഏകീകരണത്തിനു വേണ്ടി പരിശ്രമിക്കുന്ന ഒരു അമേരിക്കന്‍ കത്തോലിക്കാ അഭിഭാഷകന്‍ ഒരിക്കല്‍ ഐന്‍സ്റ്റൈന് എഴുതി:
ഒരു വ്യക്തിദൈവമെന്ന ആശയത്തെ താങ്കള്‍ നിഷേധിച്ചത് ഞങ്ങളെ വളരെ വേദനിപ്പിച്ചു... ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നിന്നും യഹൂദരെ പുറത്താക്കിയതിന് ഒരു ന്യായീകരണമായി ജനങ്ങള്‍ ഈ പ്രവൃത്തിയെ കാണുന്നു. അഭിപ്രായസ്വാതന്ത്ര്യ അവകാശം അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, താങ്കളുടെ ഇത്തരം പ്രസ്‌താവനകള്‍ അമേരിക്കന്‍ ജനതയെ അമര്‍ഷരാക്കുന്നു.
ഒരു ന്യൂയോര്‍ക്ക് യഹൂദപുരോഹിതന്‍ ഒരിക്കല്‍ പറഞ്ഞു: ഐന്‍സ്റ്റീന്‍ മഹാനായ ശാസ്ത്രജ്ഞനാണ്, പക്ഷേ അദ്ദേഹത്തിന്റെ മതവീക്ഷണം യഹൂദ വിക്ഷണങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല.
ന്യൂയോര്‍ക്ക് ഹിസ്റ്റോറിക്ക് സൊസൈറ്റി പ്രസിഡന്റ് എഴുതിയ കത്ത് ഐന്‍സ്റ്റൈനിലെ മതവിശ്വാസത്തിന്റെ ബലഹീനത വെളിവാക്കുന്നു.
ഡോ. ഐന്‍സ്റ്റൈന്‍, താങ്കളുടെ പാണ്ഡിത്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു, പക്ഷേ ഒരു വസ്‌തുത താങ്കള്‍ക്ക് അറിവില്ല: ദൈവത്തെ ദൂരദര്‍ശിനിയോ സൂക്ഷ്മദര്‍ശിനിയോ ഉപയോഗിച്ച് കാണുവാന്‍ സാധ്യമല്ല, മനുഷ്യ വികാര വിചാരങ്ങള്‍ തലച്ചോര്‍ പരിശോധിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തതുപോലെ. മതം വിജ്ഞാനത്തിലല്ല, വിശ്വാസത്തിലാണ് അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ചിന്താശാലികള്‍ മതവിഷയങ്ങളില്‍ പലപ്പോഴും സംശയാലുക്കളാകാറുണ്ട്. എന്റെ വിശ്വാസങ്ങള്‍ക്കും പതര്‍ച്ച സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യം ഞാന്‍ രണ്ടു കാരണങ്ങളാല്‍ പുറത്തു പറയില്ല. (1) എന്റെ സഹജീവികളുടെ ജീവിതവും പ്രത്യാശയും ഇതുമൂലം തകരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (2) മറ്റുള്ളവരുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ദൗര്‍ഭാഗ്യം പിന്തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'..... താങ്കൾ തെറ്റായി ചിത്രീകരിക്കപ്പെട്ടതായി കരുതട്ടെ. താങ്കളെ ആദരിക്കുന്ന അമേരിക്കന്‍ ജനതയെ സന്തോഷിപ്പിക്കുന്ന വാക്കുകള്‍ താങ്കളില്‍ നിന്നും ഇനി പ്രതീക്ഷിക്കുന്നു.
എത്ര വ്യക്തമായി തുറന്നു കാട്ടുന്ന കത്ത്! ഭീരുത്വം മുറ്റി നില്‍ക്കുന്ന വാചകങ്ങള്‍ .
ഇത്ര ഹീനമല്ലെങ്കിലും ഞെട്ടലുണ്ടാക്കുന്ന ഒരു കത്ത് Calvary Tabernacle Association, Oklahoma സ്ഥാപകന്‍ എഴുതിയിട്ടുണ്ട്:
പ്രൊഫ. ഐന്‍സ്റ്റൈന്‍, അമേരിക്കയിലെ ഓരോ ക്രിസ്‌ത്യാനിയും നിങ്ങളോട് ഇങ്ങനെ പറയും. 'ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിലും പുത്രനായ യേശുക്രിസ്‌തുവിലുമുള്ള വിശ്വാസം കൈവിടില്ല, ഈ രാജ്യത്തെ ജനങ്ങളുടെ ദൈവത്തില്‍ താങ്കള്‍ വിശ്വസിക്കുന്നില്ലയെങ്കില്‍ വന്നിടത്തേയ്‌ക്കു തന്നെ തിരിച്ചുപോകുന്നതായിരിക്കും നല്ലത്'. ഞാന്‍ എന്റെ എല്ലാ കഴിവുകളുമുപയോഗിച്ച് ഇസ്രായേലിന്റെ ഉന്നതിക്കുവേണ്ടി ശ്രമിക്കുന്പോള്‍ നിങ്ങളുടെ ദൈവനിഷേധ നാവുകൊണ്ട് നടത്തിയ പ്രസ്‌താവന താങ്കളുടെ ജനതയുടെ ലക്ഷ്യത്തെയും ആന്റി സെമറ്റിസത്തിനെതിരെ ഇസ്രായേലിനെ സ്‌നേഹിക്കുന്ന ക്രിസ്ത്യാനികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും പിന്നോട്ടടിപ്പിച്ചു. പ്രൊഫ. ഐന്‍സ്റ്റൈന്‍ അമേരിക്കയിലെ മുഴുവന്‍ ക്രിസ്‌ത്യാനികളും താങ്കളോടു പറയും 'നിങ്ങളുടെ വെറിപിടിച്ച, കളവായ പരിണാമ ശാസ്‌ത്രവുംകൊണ്ട് നിങ്ങള്‍ വന്ന ജര്‍മ്മനിയിലേക്കുതന്നെ മടങ്ങിപ്പോകൂ, അല്ലങ്കില്‍ നിങ്ങളുടെ മാതൃരാജ്യത്തുനിന്നും ഭയന്ന് അഭയാര്‍ത്ഥിയായി എത്തിയപ്പോള്‍ കൂപ്പുകൈകളോടെ സ്വാഗതം ചെയ്‌ത ജനതയുടെ വിശ്വാസങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തനം നിര്‍ത്തൂ.'
ഐന്‍സ്റ്റൈന്‍ തങ്ങളിലൊരാളല്ലന്ന് മതവിശ്വാസികളായ അദ്ദേഹത്തിന്റെ വിമര്‍ശകരെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല താന്‍ ഒരു മതവിശ്വാസിയാണെന്ന വാദത്തോടെ അദ്ദേഹം ആവര്‍ത്തിച്ച് തന്റെ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. എങ്കില്‍ അദ്ദേഹം വോള്‍ട്ടയറിനേയും, ഡിഡെറോയേയും പോലെ ഒരു ഡീയിസ്റ്റ് (deist) ആയിരുന്നോ? അല്ലെങ്കില്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന തത്വശാസ്‌ത്രകാരന്‍ സ്‌പിനോസയെപ്പോലെ ഒരു വിശ്വദേവതാവാദി (pantheist) ആയിരുന്നോ: 'ഞാന്‍ സ്‌പിനോസയുടെ, മനുഷ്യപ്രവൃത്തിയിലോ വിധിയിലോ ഇടപെടാത്ത ദൈവത്തില്‍, വിശ്വസിക്കുന്നു'.
വിശ്വാസസംഹിതകളെ ഒന്നുകൂടി പരിശോധിക്കാം. ഒരു മതവാദി പ്രകൃത്യാതീമായ ഒരു ബുദ്ധികേന്ദ്രത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ ആദ്യ ജോലിയായിരുന്ന പ്രപഞ്ചസൃഷ്ടി നടത്തുക മാത്രമല്ല സൃഷ്ടികളുടെ നിരീക്ഷണവും കൂടി ഏറ്റെടുത്ത് അവയുടെ ഇടയില്‍ ഇന്നും കറങ്ങി നടക്കുന്നു. പല മതവിശ്വാസസംഹിതകളിലും മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ ശക്തമായി ഇടപെടുന്ന ഒരു ദൈവത്തെക്കാണാം. അത് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുക, പാപികളോട് പൊറുക്കുകയോ അവരെ ശിക്ഷിക്കുകയോ ചെയ്യുക, പ്രപഞ്ചത്തില്‍ അത്ഭുതപ്രവര്‍ത്തിളിലൂടെ ഇടപെടല്‍ നടത്തുക, നല്ലതോ ചീത്തയൊ ആയ പ്രവൃത്തികളെക്കുറിച്ച് വ്യാകുലപ്പെടുക, നാം എപ്പോള്‍ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുമെന്ന് മുന്‍കൂട്ടി അറിയുക (നമ്മുടെ ചിന്തകള്‍പോലും അറിയുക) തുടങ്ങിയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ഡീയിസ്റ്റുകളും (diest) പ്രകൃത്യാതീതശക്തിയില്‍ വിശ്വസിക്കുന്നു. പക്ഷേ സൃഷ്ടികര്‍മ്മം മാത്രമേ അവര്‍ ഈ ശക്തിയില്‍ ആരോപിക്കുന്നുള്ളു. ഡീയിസ്റ്റ് ദൈവത്തിന് മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ ഒരു താല്പര്യവുമില്ല. വിശ്വദേവതാവാദികള്‍ (pantheist) പ്രകൃത്യാതീനായ ദൈവത്തില്‍ വിശ്വസിക്കുന്നേയില്ല, പക്ഷേ ദൈവമെന്ന് വാക്ക് അവര്‍ പ്രകൃതിയെ അല്ലങ്കില്‍ പ്രപഞ്ചത്തെയൊ പ്രപഞ്ചനിയമങ്ങളെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഡീയിസ്റ്റ്കളുടെ ദൈവം മത ദൈവങ്ങളുമായി പലകാര്യങ്ങളിലും വ്യത്യസ്‌തമാണ്. അത് പ്രാര്‍ത്ഥനയ്‌ക്ക് ഉത്തരം നല്‍കുന്നില്ല, പാപങ്ങളിലോ, കുന്പസാരങ്ങളിലോ താല്പര്യവുമെടുക്കുന്നില്ല, നമ്മുടെ മനസ്സ് വായിക്കുകയോ, അത്ഭുതപ്രവര്‍ത്തികളുമായി പ്രപഞ്ചത്തിലിടപെടല്‍ നടത്തുകയോ ചെയ്യുന്നില്ല. ഡീയിസ്റ്റ് ദൈവം വിശ്വദേവതാവദികളുടെ ദൈവത്തില്‍ നിന്നും വ്യത്യസ്‌തനാണ്. ഡീയിസ്റ്റ് ദൈവം പ്രപഞ്ചാതീതമായ ഒരു ബുദ്ധിയും വിശ്വദേവതാവാദികളുടേത് കാവ്യാത്മകമായ പ്രപഞ്ച നിയമ പരാമര്‍ശവുമാണ്. വിശ്വദേവതാവാദം (pantheism) നിരീശ്വരവാദത്തോട് (atheism) അടുത്തുനില്‍ക്കുന്നു. ഡീയിസം (diesm) വെള്ളമൊഴിപ്പിച്ചു നേര്‍പ്പിച്ച മതവാദമാണ്.
ദൈവം പിടികൊടുക്കാത്ത ഒരു പ്രഹേളികയായിരിക്കാം. എന്നാല്‍ അത് വിദ്വേഷമുള്ള ഒന്നാവില്ല, അവന്‍ ഒരിക്കലും ചൂതുകളിയില്‍ ഏര്‍പ്പെടില്ല, അല്ലെങ്കില്‍ പ്രപഞ്ചസൃഷ്ടിയില്‍ അവന്‍ ഭാഗ്യ പരീക്ഷണം നടത്തിയിരിക്കുമോ? ഐന്‍സ്റ്റൈന്റെ ഈ ഉദ്ധരണികളെല്ലാം വിശ്വദേവതാവാദത്തൊട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. ദൈവം ചൂതുകളിക്കില്ലയെന്നാല്‍ കൃത്യതയില്ലായ്‌മ എവിടെയും കാണുന്നില്ലയെന്നും പ്രപഞ്ചനിര്‍മാണത്തില്‍ ദൈവം ഭാഗ്യപരീക്ഷണം നടത്തുമോ എന്നത് പ്രപഞ്ച സൃഷ്ടി മറ്റു മാര്‍ഗ്ഗങ്ങളില്‍കൂടിയും സാധ്യമാകും എന്നും വായിക്കാം. ദൈവം എന്ന് ഐസ്റ്റൈന്‍ ഉപയോഗിച്ചത് തികച്ചും കാവ്യാത്മകമായി മാത്രമാണ്. സ്റ്റീഫന്‍ ഹോക്കിങ്സും മറ്റു പല ഊര്‍ജ്ജതന്ത്രജ്ഞരും ഇതുപോലെ കാവ്യാത്മകമായി ദൈവ പരാമര്‍ശം നടത്തിയിട്ടുണ്ട്. പോള്‍ ഡേവിസിന്റെ 'ദൈവത്തിന്റെ മനസ്സ് (The Mind of God) ഐന്‍സ്റ്റൈനിയന്‍ വിശ്വദേവതാവാദത്തിനും അസ്പഷ്ടമായ ഡീയിസത്തിനും ഇടയിലെവിടെയോ നിലകൊള്ളുന്നു - അദ്ദേഹത്തെ അതിന് റ്റെംപ്ലേഷന്‍ പുരസ്കാരം നല്‍കി ആദരിച്ചു (റ്റെംപ്ലേഷന്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും മതങ്ങളെ പുകഴ്‌ത്തുന്ന ശാസ്‌ത്രജ്ഞര്‍ക്ക് നല്‍കുന്ന വലിയ സാന്പത്തിക പുരസ്‌ക്കാരം).
ഐന്‍സ്റ്റൈന്റെ മറ്റൊരു ഉദ്ധരണികൂടി അദ്ദേഹത്തിന്റെ മത കാഴ്ചപ്പാട് വിശദീകരിക്കാന്‍ ഉപയോഗിക്കട്ടെ. നമുക്ക് അനുഭവവേദ്യമാകുന്ന കാര്യങ്ങളുടെ പുറകില്‍ ഉള്ള വസ്‌തുത നമ്മുടെ മനസ്സിന് ദുരൂഹമാകുകയും അതിന്റെ ശ്രേഷ്ഠതയും സൗന്ദര്യവും നമ്മേ വിസ്‌മയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അതിനെയാണ് ഞാന്‍ മതമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ ഞാനും മതവിശ്വാസിയാണ്. പക്ഷേ ദുരൂഹം എന്നത് എന്നെന്നേക്കും എന്ന് അര്‍ത്ഥമാക്കേണ്ട. പക്ഷേ ഞാന്‍ ഒരു വിശ്വാസി ആയി അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അത് തെറ്റിദ്ധാരണക്കിടയാക്കാം. അത് അപകടകരമായ ധാരണപ്പിശകിലേക്ക് നയിക്കാം. കാരണം ഭൂരിപക്ഷം ആളുകള്‍ക്കും മതവിശ്വാസി എന്നാല്‍ ഒരു പ്രകൃത്യാതീത ദൈവത്തില്‍ വിശ്വസിക്കുന്നവനാണ്. കാള്‍ സാഗന്‍ അത് നന്നായി പറഞ്ഞിട്ടുണ്ട്: ദൈവമെന്നാല്‍ പ്രപഞ്ചത്തെ നയിക്കുന്ന നിയമങ്ങളെ ആണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ തീര്‍ച്ചയായും ദൈവം ഉണ്ട്. വൈകാരികമായി ആ ദൈവം ആകര്‍ഷകമായിരിക്കില്ല. ഗുരുത്വാകര്‍ഷണത്തോട് ആരാധന നടത്തുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
സാഗന്റെ അവസാന വാചകത്തെ കടത്തിവെട്ടുന്ന പ്രസ്‌താവന Dr.Fulton J. Sheen എന്ന അമേരിക്കന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അദ്ദേഹത്തിന്റെ ഐന്‍സ്റ്റൈന്റെ വ്യക്തി ദൈവ നിരാസത്തെ വിമര്‍ശിക്കുന്നതിനിടെ നടത്തി. ഷീൻ പരിഹാസത്തോടെ ചോദിച്ചു, ആരെങ്കിലും ക്ഷീരപഥത്തിനു വേണ്ടി തന്റെ ജീവന്‍ ത്യജിക്കാന്‍ തയ്യാറാവുമോ എന്ന്. അദ്ദേഹം ഐന്‍സ്റ്റൈനെതിരെ ഒരു വാദം ഉയര്‍ത്തി എന്നു തെറ്റിദ്ധരിച്ചുകാണും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐന്‍സ്റ്റൈന്റെ cosmical മതത്തിന് ഒരു കുഴപ്പമേ ഉള്ളു അദ്ദേഹം മതത്തിന്റെ പേരില്‍ ഒരു 's' (comical) കൂടുതലായി ചേര്‍ത്തു. ഐന്‍സ്റ്റൈന്റെ മത വീക്ഷണങ്ങളില്‍ ഞാന്‍ ഒരു തമാശയും (comic) കാണുന്നില്ല. പക്ഷേ എന്റെ അഭിപ്രായം ഊര്‍ജ്ജതന്ത്രജ്ഞര്‍ ദൈവം എന്ന വാക്ക് കാവ്യാത്മകമായിപ്പോലും ഉപയോഗിച്ചുകൂടെന്നാണ്. അവരുടെ ഈ ദൈവം, മതങ്ങള്‍ പരിചയപ്പെടുത്തുന്ന, ഇടപെടലുകള്‍ നടത്തുന്ന, അത്ഭുതപ്രവൃത്തികള്‍ കാട്ടുന്ന, ചിന്തകള്‍ വായിക്കുന്ന, പാപികളെ ശിക്ഷിക്കുന്ന, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്ന, ബൈബിളിലെ, പുരോഹിതരുടെ, മുല്ലാമാരുടെ, റാബികളുടെ ദൈവത്തില്‍ നിന്നും പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്. ഈ രണ്ടും ദൈവങ്ങളേയും മനഃപൂര്‍വ്വം കൂട്ടിക്കുഴക്കുന്നത് ബൗദ്ധിക വഞ്ചനയാണ്.
(തുടരും)
Translation: VB Rajan, Editor: Sanal Edamaruku
.