വേദവിമർശനത്തിന് ഒരു ആമുഖം
സാഹിത്യകൃതികൾ എന്ന നിലയിൽ വേദങ്ങൾക്ക് വലിയ ഔന്നത്യമുണ്ട്. ഭാഷ പഠിക്കുന്നവർക്കും ചരിത്രശകലങ്ങൾ തേടുന്നവർക്കും വേദങ്ങളിൽ നിന്ന് പലതും കിട്ടാനുണ്ട്. എന്നാൽ ആ നിലയിൽ മാത്രമല്ല വേദങ്ങൾ ഗണിക്കപ്പടുന്നത്. ഹിന്ദുമതത്തിന്റെ അചഞ്ചലമായ അടിസ്ഥാനമായിട്ടാണ് വേദങ്ങളെ പലരും വീക്ഷിക്കുന്നത്. ഹിന്ദുക്കളുടെ മാത്രമല്ല, മറ്റു മതങ്ങളിൽപെട്ട ഭാരതീയരുടെയും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും വേദങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനം ചെലുത്തുന്നുണ്ട്.
വേദങ്ങളെക്കുറിച്ച് ഗൗരവത്തോടെ ഞാൻ പഠിക്കാൻ ആരംഭിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഡെൽഹി യുക്തിവാദി സംഘത്തിന്റെ പ്രതിവാര സ്‌റ്റഡി ക്ലാസ്സുകളിലെ വിഷയങ്ങളിലൊന്നായി "വേദങ്ങൾ" നിർണയിക്കപ്പെട്ടപ്പോൾ ആ വിഷയത്തിന് ക്ലാസ്സെടുക്കേണ്ട ചുമതല എന്റെ ചുമലിലായി. അതിന് വളരെ മുന്പുതന്നെ വള്ളത്തോളിന്റെ ഋഗ്‌വേദ പരിഭാഷയും ആര്യസമാജക്കാരുടെ വ്യാഖാനങ്ങളും മാക്സ് മ്യൂളറുടെ കൃതികളും രാധാകൃഷ്ണന്റെ ഭാരതീയ ദർശനവും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ക്ലാസ്സെടുക്കാവുന്ന തലത്തിൽ വിഷയഗ്രാഹ്യം ഉണ്ടാകുവാൻ അതൊന്നും പോരല്ലോ. ഡൽഹിയിലെ വിവിധ ലൈബ്രറികൾ, പ്രത്യേകിച്ച് ഡെൽഹി പബ്ലിക് ലൈബ്രറി, ഈ വിഷയത്തിൽ ഒരു കലവറ തന്നെയായിരുന്നു.
ഓരോ ക്ലാസ് കഴിയുന്പോഴും പുതിയ ചോദ്യങ്ങൾ ഉരുത്തിരിഞ്ഞുവന്നു. വീണ്ടും പഠനം ആരംഭിച്ചു. അൻപതോളം സ്റ്റഡി ക്ലാസ്സുകളും അതിനു വേണ്ടിയുള്ള പഠനവും ചോദ്യോത്തരങ്ങളും വേദ സാഹിത്യത്തോട് എന്നെ വളരെ അടുപ്പിച്ചു.
ഇ.പി. ഭാരതപിഷാരടിയുടെ കീഴിൽ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ദീർഘകാലം സംസ്‌കൃതം അഭ്യസിക്കാൻ കഴിഞ്ഞത് മൂല ഗ്രന്ഥങ്ങളും സംസ്‌കൃത വ്യാഖ്യാനങ്ങളും പരിശോധിക്കുന്നതിന് സഹായകമാവുകയും ചെയ്‌തു.
'സത്യ'ത്തിന്റെ അടിസ്ഥാന തത്വങ്ങളും യഥാർഥ ജ്ഞാനത്തിന്റെ സത്തയും വേദങ്ങളിൽ അടങ്ങിയിരിക്കുന്നുവെന്ന് പലരും വിശ്വസിക്കുന്നു. 'ഇന്ത്യയിലെ മാർട്ടിൻ ലൂഥർ' എന്ന് ആര്യ സമാജക്കാർ വിശേഷിപ്പിക്കുന്ന സ്വാമി ദയാനന്ദ സരസ്വതി ഈ വിശ്വാസം സ്ഥാപിച്ചെടുക്കുവാൻ അഹോരാത്രം പണിയെടുത്തവരിൽ പ്രമുഖനാണ്. പല അന്ധവിശ്വാസങ്ങളെയും ദയാനന്ദ സരസ്വതി നിരാകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, വേദങ്ങളുടെ പ്രാമാണ്യം അരക്കിട്ട് ഉറപ്പിക്കാനും വേദങ്ങളുടെ അപ്രമാദിത്തം സ്ഥാപിക്കാനും ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പുനർവ്യാഖ്യാനം നടത്തി വേദങ്ങളെ സംരക്ഷിച്ചു നിറുത്താനുമാണ് അദ്ദേഹത്തിന്റെ ശ്രമം. യുക്തിബോധത്തിനും വസ്‌തുതകൾക്കെതിരുമായി വേദങ്ങളിലെ ഋക്കുകൾ തടസ്സം സൃഷ്‌ടിക്കുന്പോൾ പുതിയ വ്യാഖ്യാനങ്ങളുമായി ദയാനന്ദ സരസ്വതി രക്ഷയ്‌ക്കെത്തുന്നു. വ്യാഖ്യാനക്കസർത്തുകൊണ്ടു വേദ സൂക്തങ്ങളെ രക്ഷിച്ചു നിറുത്തുവാനുള്ള ശ്രമമാണിത്. വൈദിക മതനത്തിന്റെ നവോദ്ധാരകനാണ് ദയാനന്ദ സരസ്വതി.
ഇത്തരം നവോദ്ധാരകർ മാനവ വികാസത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്‌തിട്ടുള്ളത്. ക്രിസ്‌തുമതം തകർച്ചയുടെ വക്കിലെത്തി നിന്ന കാലത്തു പ്രോട്ടസ്റ്റന്റ് പ്രസ്ഥാനം ഒരു പുനരുത്ഥാന സന്ദേശവുമായി എത്തിയത്, ക്രിസ്‌തുമതത്തിൽ പ്രതീക്ഷ നശിച്ചിരുന്നവരിൽ പുതിയൊരു ഉണർവുണ്ടാക്കി. താൽക്കാലികമായി, തകർച്ചയിൽ നിന്ന് ആ മതത്തെ രക്ഷിക്കാൻ നവോദ്ധാരകർക്കു കഴിഞ്ഞു. അത്, പിൽക്കാലത്തു കൂടുതൽ ദോഷം ദോഷം ചെയ്തു. ഈ പുനരുത്ഥാനക്കാരാണ് ക്രമേണ ഫണ്ടമെന്റലിസ്റ്റുകളായി മാറുന്നത്. ഇസ്ലാം മതത്തിലും, ഹിന്ദുമതത്തിലും പുനരുത്ഥാനക്കാരുടെ പ്രസ്ഥാനങ്ങൾക്ക് ഫണ്ടമെന്റലിസ്റ്റുകളെ സൃഷ്ടിക്കുവാനേ കഴിഞ്ഞിട്ടുള്ളൂ. വേദപ്രാമാണ്യത്തിൽ അമിതമായി വിശ്വസിക്കുന്ന ആര്യസമാജക്കാരും, ദയാനന്ദ സരസ്വതിയുടെ ശിഷ്യന്മാരും, പുരോഗമനത്തിന്റെ എന്തൊക്കെ മുഖംമൂടികൾ അവർക്കുണ്ടെങ്കിലും, ഹൈന്ദവ ഫണ്ടമെന്റലിസ്റ്റുകളാണെന്ന കാര്യത്തിൽ സംശയിക്കാനൊന്നുമില്ല.
ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ വേദസൂക്തങ്ങൾ നിരാകരിക്കപ്പെടുന്പോൾ, ആ വേദഭാഗങ്ങൾ മൂലകൃതിയിൽ ഉണ്ടായിരുന്നതല്ലെന്നും പിക്കാലത്തു കൂട്ടിച്ചേർത്തതാണെന്നും പറയുവാൻ വേദവാദികൾക്ക് മടിയില്ല. ക്രിസ്‌ത്യാനികളുടെ 'അപ്പോക്രിഫാ' (ആദ്യകാലത്ത് അംഗീകരിക്കപ്പെട്ടതും പിൽക്കാലത്തു നിരസിക്കപ്പെട്ടതുമായ ബൈബിൾ ഗ്രന്ഥങ്ങൾ) പുസ്‌തകങ്ങൾപോലെ, അംഗീകാരം നൽകാതെ ചില വേദഭാഗങ്ങൾ മാറ്റി നിർത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്ങിനെയും, മാറിയ പരിതഃസ്ഥിതികളിലും, വേദങ്ങളെ നിലനിർത്താനും വേദ പ്രാമാണ്യം അംഗീകരിപ്പിക്കാനുമുള്ള സൂത്രമാണ് ഇതിനു പിന്നിലുള്ളത്.
ഒരു കാലത്ത് ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും, പിൽക്കാലത്തു സന്യാസത്തിന്റെ പുറന്തോടിനുള്ളിൽ അഭയം തേടുകയും ചെയ്‌ത അരവിന്ദ മഹർഷി വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്‌തവരിൽ മറ്റൊരു പ്രമുഖനാണ്. അതിഗഹനവും സാധാരണക്കാർക്ക് ദുരൂഹവുമായ അർത്ഥങ്ങൾ ഋഷിമാർ വേദങ്ങളിൽ ഗൂഢമായ ഭാഷയാൽ മറച്ചു വെച്ചിരിക്കുകയാണെന്ന വാദമാണ് അദ്ദേഹത്തിനുള്ളത്. വേദങ്ങളിലെ ഓരോ വാക്കിനും രഹസ്യമായ അർഥങ്ങളുണ്ടത്രേ! ഈ "രഹസ്യാർത്ഥങ്ങൾ" അരവിന്ദൻ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച്, ആധുനിക ശാസ്‌ത്രീയ വിജ്ഞാനത്തിനു നിരക്കുന്നതാണെന്നു വരുത്തിത്തീർക്കാൻ കഷ്ടപ്പെടുകയാണ്. എന്നിട്ടും അത് സാധിക്കുന്നില്ല എന്നതാണ് രസകരമായ വസ്‌തുത. അഗ്നി, ഇന്ദ്രൻ, മരുത്തുക്കൾ തുടങ്ങിയവയൊക്കെ ആ വാക്കുകളുടെ അർത്ഥത്തിലല്ല വേദങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതെന്നും അതിഗഹനവും ദുരൂഹവും നമുക്കാർക്കും മനസിലാക്കാനാവാത്തതുമായ രഹസ്യാർത്ഥങ്ങളാണ് അതിനുള്ളതെന്നും പറഞ്ഞാൽ കാര്യങ്ങൾ വളരെ എളുപ്പമായല്ലോ.
സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ ഇത്തരം വ്യാഖ്യാനക്കസർത്തുക്കളെ ശക്തമായിത്തന്നെ വിമർശിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "വേദങ്ങളെന്നാൽ സംഹിതകൾ മാത്രമാണെന്നുള്ള വാദം വളരെ പുതിയതും പരേതനായ ശ്രീ. ദയാനന്ദസ്വാമികളാൽ ഉന്നയിക്കപ്പെട്ടിട്ടുള്ളതുമാണ്. സാധാരണ ജനങ്ങളുടെ ഇടയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല, ഇത്. ഇങ്ങനെ വാദിക്കുവാനുള്ള കാരണം, സംഹിതകളിൽ പുതിയ അർത്ഥ പരികല്പന നടത്തി, വൈദിക സിദ്ധാന്തത്തെ മുഴുവനും വ്യാഖ്യാനിക്കാനുള്ള ഉദ്ദേശമാണ്. എന്നിട്ടും വിഷമങ്ങൾ തീർന്നില്ല. ഇവ്വിധമൊക്കെ ചെയ്‌തിട്ടും ബ്രാഹ്മണരുടെ അടിസ്ഥാനത്തിലേക്ക് അവ പിന്നീടും നിപതിക്കുകതന്നെ ചെയ്തു." (വിവേകാനന്ദന്റെ 'തിരഞ്ഞെടുത്ത കൃതികളി'ൽ നിന്ന്).
അരവിന്ദ മഹർഷിയുടെ രഹസ്യാർത്ഥവാദത്തെ നിരാകരിച്ചുകൊണ്ട് ഡോ. രാധാകൃഷ്‌ണൻ എഴുതി: 'ശ്രീ. അരവിന്ദഘോഷിന്റെ വീക്ഷണബിന്ദു എത്രതന്നെ സമർഥമായിരുന്നാലും, ഇന്നത്തെ യൂറോപ്യൻ പണ്ഡിതന്മാരുടെ വീക്ഷണത്തിന് മാത്രമല്ല, സായണന്റെയും വേദ വ്യാഖ്യാനത്തെ സംബന്ധിച്ചിടത്തോളം പ്രാമാണികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പൂർവ മീമാംസയുടേയും വീക്ഷണത്തിനു കൂടി വിരുദ്ധമാണിതെന്നു കാണുന്നതിനാൽ, അദ്ദേഹത്തിന്റെ നേതൃത്വം പിന്തുടരുന്നതിന് നാം വളരെ സംശയിക്കേണ്ടതുണ്ട്.' (ഭാരതീയ ദർശനത്തിന്റെ ഒന്നാം വാല്യത്തിൽനിന്ന്)
നൈരുക്തം, യാജ്ജികം, വൈയാകണം, ജ്യോതിഷം, സാന്പ്രദായികം, ആദ്ധ്യാത്മികം, ഐതിഹാസികം എന്നിങ്ങനെ ഏഴു തരത്തിലുള്ള വേദ വ്യാഖ്യാനങ്ങൾ പണ്ട് പതിവുണ്ടായിരുന്നു. പാശ്ചാത്യരുടെ വ്യാഖ്യാന നിരൂപണങ്ങൾ കൂടാതെയാണിത്. വേദസൂക്തങ്ങളുടെ തുടർച്ചയായ ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും ഉൾക്കൊണ്ടു മാത്രമേ വേദങ്ങളെ മനസ്സിലാക്കാൻ കഴിയൂ. എല്ലാവിധ സമകാലിക കൃതികൽനിന്നും മാറ്റിനിർത്തി, സംഹിതാഭാഗം മാത്രമെടുത്ത്, അത് ദൈവപ്രോക്തമാണെന്ന് പറഞ്ഞു വ്യാഖ്യാനക്കസർത്തു നടത്തുന്നത് കോമാളിത്തം മാത്രമല്ല, വിഡ്ഢിത്തവും കൂടിയാണ്.
ബി.സി.ഇ. 1500-നോടടുത്ത് സംഭരിച്ചു ഋഗ്വേദം ക്രമീകരിക്കപ്പെട്ടതു മുതൽ ആരംഭിക്കുന്ന വേദസാഹിത്യം ദീർഘകാലം വെളിച്ചം കാണാതെ ബ്രാഹ്മണരുടെ കുത്തകയായി സൂക്ഷിക്കപ്പെട്ടു. പഴയ പല വ്യാഖ്യാനങ്ങളും ഇപ്പോൾ ലഭ്യമാണെങ്കിലും, സായണന്റെ സാന്പ്രദായികാടിസ്ഥാനത്തിലുള്ള വേദപ്രകാശമാണ് അംഗീകാര്യമായതും പ്രാമാണികവും.
വേദങ്ങളിലെ സംസ്‌ക്കാരവും വിശ്വാസങ്ങളും ധാരണകളും പ്രാകൃതമാണ്. ഇന്നത്തെ സാമൂഹ്യ ജീവിതം വേദ സംസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന് പറയുന്നതിന്റെ അപകടം വേദസൂക്തങ്ങളിലൂടെ കടന്നു പോകുന്പോഴേ മനസിലാകൂ. വേദങ്ങളിലെ സംസ്‌ക്കാരം പുനഃസ്ഥാപിക്കാനുള്ള ശ്രമം
നിരാകരിക്കപ്പെടേണ്ടതാണ്.
-------------------------------------------
വേദങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന ഇന്ത്യൻ ഭാഷകളിലെ ഏറ്റവും മികച്ച പുസ്‌തകമാണ് സനൽ ഇടമറുകിന്റെ "വേദങ്ങൾ ഒരു വിമർശന പഠനം."
ഈ പുസ്‌തകം ഇപ്പോൾ അച്ചടി പുസ്‌തകമായും, മൊബൈൽ ഫോണിലും കംപ്യൂട്ടറിലും വായിക്കാവുന്ന ഇ-ബുക്ക് ആയും കിട്ടും.
ഇ-ബുക്ക് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അച്ചടി പുസ്‌തകം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.