കുഞ്ഞുങ്ങളെ വിൽക്കുന്ന "ചാരിറ്റി"
ജാർഖണ്ഡിലെ ജയിൽ റോഡിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തിൽ പതിവ് പരിശോധനക്കായി എത്തിയതായിരുന്നു ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പ്രതിനിധികൾ. അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി അതിലൊരാൾ തിരിച്ചറിഞ്ഞു. തുടർ പരിശോധനയിൽ ഒരു കുഞ്ഞ് കൂട്ടത്തിൽ ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ അംഗമായ പ്രതിമാ പുരി ഇതേക്കുറിച്ചു ചാരിറ്റിയിലെ കന്യാസ്തീകളോടു തിരക്കിയപ്പോൾ ആ കുഞ്ഞിന്റെ അമ്മ അതിനെ കൊണ്ടുപോയി എന്നായിരുന്നു മറുപടി. എന്നാൽ തുടർന്നു നടത്തിയ അന്വേഷണം ഞെട്ടിപ്പിക്കുന്ന ആ വിവരം പുറത്തു കൊണ്ടുവന്നു. ഉത്തർ പ്രദേശിലെ ഒരു കുടുംബത്തിന് 1.2 ലക്ഷം രൂപ വാങ്ങി ആ കുഞ്ഞിനെ വിൽക്കുകയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി കുഞ്ഞുങ്ങളെ മുന്പും ഇതുപോലെ വിറ്റിട്ടുണ്ടെന്നും വ്യക്തമായി.
കുടുംബാസൂത്രണവും ഗർഭച്ഛിദ്ര വുമൊക്കെ കൊടിയ പാപം ആണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കാൻ കത്തോലിക്കരെ ഉദ്ബോധിപ്പിക്കാൻ മെത്രാന്മാരും പുരോഹിതന്മാരും ഒരവസരവും പാഴാക്കാറില്ല. മദർ തെരേസ ആവട്ടെ ഗർഭനിരോധനത്തിനെതിരെ പ്രസംഗം നടത്താനാണ് നോബൽ സമ്മാന വേദി പോലും ദുരുപയോഗപ്പെടുത്തിയത്.
കത്തോലിക്കരുടെ എണ്ണം കൂട്ടിക്കൊണ്ടു വരുവാനുള്ള ഉപാധി എന്നതിനപ്പുറം അനാഥാലയ മാർക്കറ്റിങ്ങിനും പ്രയോജനപ്രദമാണ് ഇത്തരം പ്രബോധനങ്ങൾ.
ഗർഭച്ഛിദ്രത്തെ എതിർക്കുകയും അതിനെതിരെ നിരന്തര പ്രചാരണം നടത്തുകയും ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റി, വിവാഹത്തിനു മുന്പ് ഗർഭിണികളാകുന്ന പാവങ്ങൾക്ക് അവരുടെ കേന്ദ്രങ്ങളിൽ പ്രസവിക്കാൻ സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്. ഈ കുഞ്ഞുങ്ങളെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനാഥാലയങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. അനാഥരായ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും സംവിധാനമുണ്ട്. കത്തോലിക്കാ കേന്ദ്രങ്ങൾ പുകഴ്‌ത്തലോടെ അവതരിപ്പിക്കുന്ന, കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന ഈ സംവിധാനം കൃത്യമായ കണക്കുകൂട്ടലുകളുള്ള കെണി ആണ് എന്ന് മുന്പും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെയൊക്കെ കത്തോലിക്കാ സഭയിൽ മാമോദീസ മുക്കി ചേർക്കുന്നതാണ് ഇതിലെ ഒരു താല്പര്യം.
അനാഥാലയങ്ങൾ വരുമാനത്തിന്റെ നിരവധി വാതിലുകളാണ് തുറക്കുന്നത്. വിവിധ ഡോണർ ഏജൻസികളിൽ നിന്നും, അനാഥ കുഞ്ഞുങ്ങളുടെ കഥ കേട്ട് കരളലിയുന്ന ധനികരായ ഉദാര മനസ്‌കരിൽ നിന്നും, സംഭാവനകൽ സ്വരുക്കൂട്ടുക എന്നതാണ് മറ്റൊരു താല്പര്യം. ഈ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും നല്ല ജീവിതത്തിനും വേണ്ടി സമാഹരിക്കപ്പെടുന്ന തുകകൾ അവർക്കുവേണ്ടി ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്.
ഈ വിമർശനം മദർ തെരേസ ജീവിച്ചിരുന്ന കാലത്തു തന്നെ മറ്റൊരു വിധത്തിൽ ഉയർന്നിട്ടുണ്ട്. കൊൽക്കൊത്തയിലെ അഗതി മന്ദിരങ്ങളുടെയും അവിടെയുള്ള അന്തേവാസികളുടേയും ദയനീയ കഥകൾ കേട്ട് മനസ്സലിഞ്ഞു ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്തിയിരുന്ന ദശലക്ഷക്കണക്കിനു ഡോളർ ഈ അഗതികളുടെ മെച്ചപ്പെട്ട ജീവിതത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നും ആ പണം ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കേന്ദ്രങ്ങൾ കെട്ടിപ്പടുക്കുകയാണ് ചെയ്‌തതെന്നും തെളിവുകൾ സഹിതം പല തവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ പേരിൽ പണം കൈപ്പറ്റുന്പോഴും അവരെ ദരിദ്ര സാഹചര്യങ്ങളിൽ തന്നെയാണ് പാർപ്പിക്കുന്നതെന്നും ആരോപണം ഉണ്ട്.
മിഷനറീസ് ഓഫ് ചാരിറ്റി കൊൽക്കൊത്തയിൽ ചേരികളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി നടത്തുന്ന മഹാത്മാഗാന്ധി വെൽഫെയർ സെന്ററിനെ കുറിച്ച് 2003-ൽ ഉയർന്ന ഗൗരവമുള്ള ആരോപണം ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമാണ്. അനാഥാലയത്തിലെ നാല് പിഞ്ചു കുഞ്ഞുങ്ങളെ സെന്ററിന്റെ ചുമതല വഹിക്കുന്ന കന്യാസ്ത്രീ ചുട്ടു പഴുപ്പിച്ച കത്തി കൊണ്ട് പൊള്ളിച്ചു എന്നായിരുന്നു പരാതി. സംയമനം പരിശീലിപ്പിക്കാൻ ആഹാരം നൽകാതെ പട്ടിണിക്കിട്ട കുഞ്ഞുങ്ങൾ വിശന്നു പൊരിഞ്ഞ് അല്പം ഭക്ഷണം വാങ്ങുന്നതിനു വേണ്ടി 100 രൂപയിൽ താഴെ വരുന്ന തുക മോഷ്ടിച്ചതിനാണ് കുഞ്ഞുങ്ങളുടെ കൈകളിൽ ചുട്ടു പഴുപ്പിച്ച കത്തി വെച്ച് പൊള്ളിച്ചത്.
കുഞ്ഞുങ്ങളെ അനധികൃതമായി വിൽക്കുകയും അവർ വളരുന്പോൾ പ്രതിഫലം നൽകാതെ പരിശീലനം സഭാ സ്ഥാപനങ്ങളിൽ ജോലി ചെയ്യിക്കുകയും അനാഥ കുഞ്ഞുങ്ങളുടെ പേരിൽ വിദേശത്തു നിന്നും പണം ശേഖരിച്ചു അവർക്കുവേണ്ടിയല്ലാതെ മറ്റു കാര്യങ്ങൾക്കു വഴിമാറ്റി വിടുന്നതും മാത്രമല്ല ഇത്തരം ചാരിറ്റി കേന്ദ്രങ്ങൾക്കെതിരെ ഉയരുന്ന ആരോപണം.
കൊൽക്കൊത്തയിലെ മഹാത്മാഗാന്ധി സെന്ററിലെ വിശപ്പടക്കാൻ ചെറിയ മോഷണം നടത്തിയ പിഞ്ചു കുഞ്ഞുങ്ങളെ പഴുപ്പിച്ച കത്തികൊണ്ട് പൊള്ളിച്ച കന്യാസ്ത്രീകൾ മിഷനറീസ് ഓഫ് ചാരിറ്റിയിലെ കൊടിയ ചൂഷണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേക്കുറിച്ച് അടുത്ത പോസ്റ്റിൽ വീണ്ടും എഴുതാം.