top of page

ദാരിദ്ര്യത്തിന്റെ "സൗന്ദര്യം" വില്പനക്ക്

ജാർഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രം കുഞ്ഞുങ്ങളെ അനധികൃതമായി വിറ്റ വിവരം പലരേയും അന്പരപ്പിച്ചത് മദർ തെരേസയെക്കുറിച്ചും അവർ സ്ഥാപിച്ച സ്ഥാപനത്തെക്കുറിച്ചും പ്രചാരത്തിലുള്ള നിറം പിടിപ്പിച്ച കഥകൾ അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാണ്. അനാഥ കുഞ്ഞുങ്ങളെ വിട്ടതിന് അറസ്റ്റു ചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രത്തിലെ സിസ്റ്റർ കോൻസാലിയോ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ വീഡിയോ ചാനലിൽ കൊടുത്തിട്ടുണ്ട്. https://youtu.be/9M4PG-avW6s

വീഡിയോകൾ അപ്‌ലോഡ് ചെയ്‌താലുടൻ കിട്ടുവാൻ യുട്യുബിലെ പുതിയ തേരാളി വീഡിയോ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക. www.YouTube.com/Rationalists

ഈ വീഡിയോ പുറത്തു വരുന്നതിനുമുന്പ് ജാർഖണ്ഡിലെ ബിഷപ്പ് ഉൾപ്പടെയുള്ളവർ ഈ സംഭവത്തെ വിശേഷിപ്പിച്ചത് ക്രൈസ്‌തവർക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം ആണിത് എന്നാണ്. എന്നാൽ കുറ്റസമ്മത വീഡിയോ പുറത്തു വന്നതോടെ ആ വാദം അവസാനിച്ചുവെന്നാണു തോന്നുന്നത്.

അനാഥക്കുഞ്ഞുങ്ങളെ മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രം വിറ്റതിനെക്കുറിച്ച് ദേശീയ ടെലിവിഷൻ ചാനലുകളിലെ (ഇംഗ്ളീഷിലും ഹിന്ദിയിലും) നിരവധി ചർച്ചകളിൽ ചുരുക്കത്തിൽ ഞാൻ സൂചിപ്പിച്ച ചില കാര്യങ്ങളെക്കുറിച്ച് അല്പം വിശദീകരിക്കാം.

മദർ തെരേസ മരിച്ചതിനെത്തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ അധിപ ആയി തിരഞ്ഞെടുക്കപ്പെട്ടത് സിസ്റ്റർ നിർമ്മല ആണ്. 'അഗതികളുടെ അമ്മ' എന്ന് ലോകമൊട്ടാകെ അറിയപ്പെട്ട മദർ തെരേസയുടെ പിൻഗാമിയാവാൻ അവർ തന്നെ തെരെഞ്ഞെടുത്ത ആളാണ് സിസ്റ്റർ നിർമ്മല. സിസ്റ്റർ നിർമ്മല ആദ്യമായി പത്രപ്രവർത്തകരെ അഭിമുഖീകരിച്ചപ്പോൾ ഗൗരവമുള്ള ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. "ദാരിദ്ര്യം അവസാനിപ്പിക്കുവാൻ ദീർഘകാലപദ്ധതിയോടെ പരിപാടികൾ ആവിഷ്‌ക്കരിക്കുവാൻ ഫണ്ടും നിയമങ്ങളും ഉണ്ടാവുകയല്ലേ വേണ്ടത്? നിങ്ങൾ ഏതാനുംപേരെ ദത്തെടുത്തു സൂപ്പു കൊടുത്താൽ പട്ടിണി തീരുമോ?"

അധികം ആലോചിക്കാതെ പെട്ടെന്നായിരുന്നു സന്യാസിനീ സഭാ മേധാവിയുടെ ഉത്തരം.

"മദർ പറഞ്ഞിട്ടുണ്ട് ദരിദ്രർ അവരുടെ ദാരിദ്ര്യം അംഗീകരിക്കുന്നത് എത്ര സുന്ദരമാണ് എന്ന്. പാവങ്ങൾ പാവങ്ങളായിത്തന്നെ തുടരേണ്ടതുണ്ട്. അല്ലെങ്കിൽ ഞങ്ങളുടെ ബിസിനസ് തീരില്ലേ?"

അക്കാലത്തു ഡെൽഹിയിൽ പത്രപ്രവർത്തനായിരുന്ന ഞാൻ ഉൾപ്പടെ അത് കേട്ടിരുന്ന മാധ്യമ പ്രവർത്തകരാകെ സ്തബ്ധരായിപ്പോയി. നിരവധി ദേശീയ ദിനപത്രങ്ങൾ സിസ്റ്റർ നിർമ്മലയുടെ ഈ മറുപടി 1997 സെപ്റ്റംബർ 21-നു പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടും ഇതേരീതിയിൽ അവർ പറഞ്ഞതിനെക്കുറിച്ച് വാർത്തകൾ ഉണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന ഇതേ സിസ്റ്റർ നിർമ്മല, അഗതിമന്ദിരങ്ങളിൽ പാർക്കുന്ന കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച ഒരു കേസിൽ ഉന്നയിച്ച വാദമുഖം മനസിൽ ആർദ്രതയുടെ കണികയെങ്കിലും ഉള്ളവരെ ഞെട്ടിപ്പിക്കാൻ പര്യാപ്‌തമാണ്.

മിഷനറീസ് ഓഫ് ചാരിറ്റി കൊൽക്കൊത്തയിൽ ചേരികളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി നടത്തുന്ന ഒരു കേന്ദ്രമാണ് മഹാത്മാ ഗാന്ധി വെൽഫെയർ സെന്റർ. ഈ സെന്ററിൽ കൊൽക്കൊത്തയിലെ ചേരികളിൽ നിന്ന് തെരെഞ്ഞെടുത്ത ഏതാനും കുട്ടികൾ പാർക്കുന്നു. ഈ സ്ഥാപനത്തിലും ഇതര അനാഥാലയങ്ങളിലും കഴിയുന്നവർക്ക് സമയത്തു ആഹാരമോ വൈദ്യസഹായമോ ലഭിക്കാറില്ലെന്നും, ഒരിക്കൽ ഇതിനുള്ളിൽ പെട്ടുപോയാൽ രക്ഷപെടുക എളുപ്പമല്ലെന്നും പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്.

മഹാത്മാ ഗാന്ധി സെന്ററിലെ നാല് പിഞ്ചു കുഞ്ഞുങ്ങളെ സെന്ററിന്റെ ചുമതല വഹിക്കുന്ന കന്യാസ്‌ത്രീ ചുട്ടുപഴുപ്പിച്ച കത്തികൊണ്ട് പൊള്ളിച്ചു എന്നൊരു പരാതി ഉണ്ടായി. തെരുവിലെ ചപ്പുചവറുകൾ പെറുക്കിവിറ്റു ജീവിക്കുന്ന മഹാനഗരത്തിലെ ഒരു പാവപ്പെട്ട മനുഷ്യന്റെ മകളും ഇതിൽ ഉൾപ്പെടുന്നു. നഗരം ചണ്ടിയാക്കിയ സാഹചര്യങ്ങളിൽ കഴിയുന്നവനെങ്കിലും മകൾ നേരിട്ട യാതന അറിഞ്ഞ പിതാവ് കൊൽക്കൊത്തയിലെ ബോവ്‌ബസാർ പോലീസ് സ്റ്റേഷനിൽ ഇതിനെതിരെ പരാതി നൽകി. കുറ്റം ആരോപിക്കപ്പെട്ട കന്യാസ്‌ത്രീയ്‌ക്ക്‌ അലിപുർ കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം നൽകി.

സിസ്റ്റർ നിർമ്മലതന്നെ നേരിട്ട് കോടതിയിലെത്തി. നിഷേധിക്കാനാകാത്ത തെളിവുകൾക്കു മുന്നിൽ സിസ്‌റ്റർ നിർമ്മല ശിരസു കുനിച്ചു. ആരോപണം ശരിയാണെന്ന് അവർ പരസ്യമായി അംഗീകരിച്ചു.കുഞ്ഞുങ്ങളുടെ കൈകളിൽ ചുട്ടു പഴുപ്പിച്ച കത്തി വെച്ച് പൊള്ളിച്ചത് അല്പം പരിധി വിട്ടുപോയെന്നത് ശരിയാണെങ്കിലും, ആ കൃത്യത്തിന്റെ പിന്നിലെ ഉദ്ദേശശുദ്ധി തിരിച്ചറിയണമെന്നാണ് സിസ്റ്റർ നിർമ്മല കോടതിയിൽ ആവശ്യപ്പെട്ടത്. ശിക്ഷവഴി അവരെ തിരുത്താനുള്ള ശ്രമമാണത്രെ മഹാത്മാ ഗാന്ധി കേന്ദ്രത്തിൽ ഉണ്ടായത്‌. ഈ കുഞ്ഞുങ്ങൾ ചെറിയൊരു തുക മോഷ്ടിച്ചുവെന്നും, ഇത്തരം ശിക്ഷകൾവഴി അവരെ തിരുത്താൻ കഴിയുമെന്ന നല്ല ഉദ്ദേശമാണ് സെന്ററിന്റെ ചുമതല വഹിച്ച കന്യാസ്‌ത്രീക്ക് ഉണ്ടായിരുന്നതെന്നും അവർ വിശദീകരിച്ചു. ആഹാരം നൽകാതെ 'സംയമനം' പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിശന്നുപൊരിഞ്ഞ കുഞ്ഞുങ്ങൾ അല്പം ഭക്ഷണം വാങ്ങുന്നതിനു വേണ്ടിയാണു നൂറുരൂപയിൽ താഴെ വരുന്ന തുക മോഷ്ടിച്ചത് എന്നുകൂടി അറിയുക.

മനുഷ്യത്വമുള്ള ഏതു ഹൃദയത്തേയും വേദനിപ്പിക്കുന്ന ഈ കൃത്യം നിർവഹിച്ച കന്യാസ്‌ത്രീയും അതിന് ന്യായീകരണം കണ്ടെത്തിയ സിസ്റ്റർ നിർമ്മലയും, ഇപ്പോൾ അനാഥ കുഞ്ഞുങ്ങളെ അനധികൃതമായി വിറ്റു എന്ന കുറ്റാരോപണം നേരിടുന്ന ജാർഖണ്ഡിലെ സിസ്റ്റർ കോൻസാലിയോയുമൊക്കെ വഴിവിട്ട് പെരുമാറിയ ചിലർ മാത്രമാണോ? നന്മയുടെ സമുദ്രത്തിലെ ഒറ്റപ്പെട്ട ചില ക്രൂരതകൾ മാത്രമാണോ അവർ പ്രതിനിധാനം ചെയ്യുന്നത്?

നന്മയുടെ കേന്ദ്രം എന്ന് പൊലിപ്പിച്ച് അവതരിക്കപ്പെടുന്ന കൊൽക്കൊത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരത്തിൽ ഏതുതരം മെഡിക്കൽ സൗകര്യങ്ങളാണ് മരണാസന്നരായ അഗതികൾക്ക് ലഭിച്ചിരുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

"The Missionary Position: Mother Teresa in Theory and Practice" എന്ന പുസ്‌തകത്തിന്റെ രചയിതാവായ ക്രിസ്റ്റഫർ ഹിച്ചൻസ് എഴുതുന്നു:

"....ചികിത്സാ സൗകര്യങ്ങൾ അന്പരപ്പിക്കുന്ന വിധത്തിൽ ലളിതമാണ്. പ്രാകൃതവും അശാസ്‌ത്രീയവും ആധുനിക മെഡിക്കൽ സയൻസിന്റെ ധാരണയുടെ അളവുകോലുകൾ പ്രകാരം മൈലുകൾ പിന്നിലുമാണ്..... കുഷ്ഠരോഗികളേയും മരണാസന്നരേയും കൈകാര്യം ചെയ്യുന്നതിലെ പ്രാകൃതത്വവും വൈദ്യശാസ്‌ത്രത്തോടുള്ള അവരുടെ സമീപനവും ഭീകരമാണ്. മരണാസന്നരെയാണ് അവർ തെരഞ്ഞെടുക്കുന്നത് എന്നത് അർത്ഥവത്താണ്- അഗതി മരിക്കുകയേയുള്ളൂ എന്നുറപ്പുള്ള സാഹചര്യത്തിൽ അധികമൊന്നും ചെയ്യേണ്ടതില്ലല്ലോ."

".....ഈ സ്ഥാപനത്തിന്റെ പേരിൽ സമാഹരിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ഡോളർ, അഗതികൾക്ക് മെച്ചപ്പെട്ട അവസ്ഥ പ്രദാനം ചെയ്യപ്പെടുമെന്ന വിശ്വാസം മൂലമാണ് ലഭ്യമാവുന്നത്. അതിലൊരു ചെറിയ പങ്കുകൊണ്ട് ആധുനികമായ ചികിത്സ നല്കാനാവുന്ന ഒരു ആശുപത്രിയോ ത്യാഗികളായ മെഡിക്കൽ ഡോക്ടർമാരെ സജ്ജരാക്കാവുന്ന മെഡിക്കൽ കോളേജോ ഉണ്ടാക്കാം."

"....വൃത്തിയില്ലാത്ത സൗകര്യങ്ങളോ അപൂർണ ഭക്ഷണമോ ലഭിക്കുന്നവർ പരാതിപ്പെട്ടാലും ഫലമില്ല. ആരോഗ്യമില്ലാത്ത മരണാസന്നർക്കു മാത്രമാണ് അവിടെ പ്രവേശനം. അവരുടെ സ്ഥിതി മെച്ചപ്പെടുത്താനാവില്ലെന്നു മുൻവിധിയുള്ളതുകൊണ്ട് അവർ അവഗണിക്കപ്പെടുകയാണ്. അഗതികൾ ഒരു ഉപാധിയാണ്. ധനസമാഹരണത്തിനു ഹൃദയത്തിൽ തട്ടുന്ന ഒരു ഉപാധി."

മദർ തെരേസയുടെയും മിഷനറീസ് ഓഫ് ചാരിറ്റിയുടെയും 'സേവനങ്ങൾ' സഹായം പ്രതീക്ഷിച്ച അഗതികളുടെ നില യഥാർത്ഥത്തിൽ മെച്ചപ്പെടുത്തിയോ?

ഇല്ല എന്ന് ശക്തമായി വാദിക്കുന്നവരിൽ ഒരാളാണ് നിരവധി വർഷക്കാലം മദർ തെരേസയോടൊപ്പം പ്രവർത്തിക്കുകയും ഫ്രോൻസ്‌കിലും റോമിലും സാൻഫ്രാൻസിസ്കോയിലുമുള്ള കേന്ദ്രങ്ങളിൽ സുപ്രധാന ചുമതലകൾ വഹിക്കുകയും ചെയ്ത സൂസൻ ഷീൽഡ്‌. ഒടുവിൽ അവർ ആ പ്രസ്ഥാനത്തിന്റെ പോക്കിൽ നിരാശയായി 1989-ൽ രാജിവെച്ചു പിരിയുകയായിരുന്നു.

"യാഥാർഥ്യങ്ങളുടെ ലോകത്തിലേക്ക് പുനഃപ്രവേശിച്ചതോടെ നുണകളുടെ കടുംകെട്ടുകൾക്കുള്ളിലാണ് ഞാൻ കഴിഞ്ഞിരുന്നതെന്ന് സാവകാശം എനിക്ക് ബോധ്യമായി. അത്രയും കാലം അതെല്ലാം എങ്ങനെ വിശ്വസിക്കുവാൻ കഴിഞ്ഞു എന്ന് ഞാൻ അദ്‌ഭുദപ്പെട്ടുപോയി." - സൂസൻ ഷീൽഡ്‌ പിന്നീടൊരു ലേഖനത്തിൽ എഴുതി.

മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലഭിച്ചിരുന്ന പണം കൈകാര്യം ചെയ്യുകയും സംഭാവന നൽകിയവർക്ക് കത്തെഴുതുകയുമൊക്കെയായിരുന്നു അതിസന്പന്നമായ പശ്ചാത്തലത്തിൽ നിന്ന് കന്യാസ്‌ത്രീ ജീവിതത്തിൽ ആകൃഷ്ടനായി എത്തിയ സൂസൻ ഷീൽഡിന്റെ ചുമതലകളിലൊന്ന്. എന്തുമാത്രം ദാനമാണ് സഭയിൽ കുമിഞ്ഞു കൂടുന്നതെന്ന് മിക്ക കന്യാസ്‌ത്രീകൾക്കും അറിയാമായിരുന്നില്ലെന്ന് സൂസൻ ഷീൽഡ്‌ വ്യക്തമാക്കുന്നു.

അവർ എഴുതി: "സംഭാവനകൾ അണമുറിയാത്ത എത്തിയിട്ടും അവ ബാങ്കിൽ വളർന്നു വലുതായിട്ടും ഞങ്ങളുടെ ജീവിതരീതിയിലോ, ദാരിദ്ര്യത്തിന്റെ അവസ്ഥക്കോ, ഞങ്ങൾ സഹായിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള പാവങ്ങളുടെ ജീവിതത്തിലോ യാതൊരു മാറ്റവും അവ ഉണ്ടാക്കിയില്ല,,,, പാവങ്ങളായവർ പോലും ഞങ്ങൾക്ക് ഹൃദയസ്പർശിയായ കത്തുകൾ എഴുതുകയും ത്യാഗങ്ങൾ അനുഭവിച്ചു ചെറിയ തുകകൾ ആഫ്രിക്കയിലെ പട്ടിണി അനുഭവിക്കുന്നവർക്കുവേണ്ടിയോ ബംഗ്ലാദേശിലെ വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കുവേണ്ടിയോ ഇന്ത്യയിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടിയോ അയച്ചു തരികയും ചെയ്തു. ഈ പണത്തിലേറിയ പങ്കും ലക്‌ഷ്യസ്ഥാനത്തേക്കു നീങ്ങാതെ ബാങ്ക് അക്കൗണ്ടുകൾക്കു കനം വർദ്ധിപ്പിക്കുകമാത്രം ചെയ്യുകയായിരുന്നു."

അഗതി മന്ദിരങ്ങളിൽ ദാരിദ്ര്യത്തിന്റെ അന്തരീക്ഷം നിലനിർത്തണമെന്ന കാര്യത്തിൽ മദർ തെരേസക്ക് പ്രത്യേക താല്പര്യം തന്നെ ഉണ്ടായിരുന്നുവെന്ന് സൂസൻ ഷീൽഡ്‌സ് വെളിപ്പെടുത്തുന്നു. അവരുടെ വാചകങ്ങൾ തന്നെ കേൾക്കുക, "'ഹെയ്‌ത്തി ദ്വീപിൽ ദാരിദ്ര്യത്തിന്റെ അന്തരീക്ഷം നിലനിർത്തുവാൻ ഇഞ്ചക്ഷൻ സൂചികൾ മൂർച്ച നഷ്ടപ്പെട്ട് മുന പരക്കുന്നതുവരെ വീണ്ടും ഉപയോഗിച്ചിരുന്നു. മുനയില്ലാത്ത സൂചികൊണ്ടുള്ള കുത്തിവെപ്പ് അഗതികൾക്ക് നൽകുന്ന വേദന കണ്ട് മനസുമടുത്ത ചില വോളന്റിയർമാർ പുതിയ സൂചികൾ ആവശ്യപ്പെട്ടു. അവരുടെ ആവശ്യം തിരസ്കരിക്കപ്പെടുകയായിരുന്നു."

ഒരുവശത്തു പാവങ്ങൾക്കുവേണ്ടി കണക്കറ്റ പണം സമാഹരിക്കുകയും അവ പാവങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ അവരെ പട്ടിണിക്കിടുകയും മരുന്ന് കൊടുക്കാതിരിക്കുകയും അത് വഴി 'ദാരിദ്ര്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ശീലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്‌ത്രീകൾ ശബ്ദമുയർത്താതിരുന്നത് എന്തുകൊണ്ടാണ്?

സൂസൻ ഷീൽഡിന്റെ വാചകങ്ങളിൽ അതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നു. "നിരവധി വർഷങ്ങളിൽ സംഭാവന നൽകിയ ഉദാര മനസ്‌ക്കർക്ക് മറുപടി എഴുതാൻ നിയുക്തയായിരുന്ന ഞാൻ എഴുതി, അവർ നൽകിയ മുഴുവൻ സംഭാവനയും പാവങ്ങളിൽ പാവങ്ങളായവർക്ക് ദൈവത്തിന്റെ കാരുണ്യമായി നൽകുന്നതിനായി ഉപയോഗിക്കപ്പെടുമെന്ന്. പരാതിയും പ്രതിഷേധവും ഉന്നയിച്ച എന്റെ മനഃസാക്ഷിയെ ഒതുക്കി നിർത്തുവാൻ, മദറിനെ പരിശുദ്ധാത്മാവാണ് നയിക്കുന്നത് എന്ന് പഠിപ്പിച്ചിരുന്നതുകൊണ്ട്, അക്കാലത്തു എനിക്ക് കഴിഞ്ഞു. മദറിനെ സംശയിക്കുന്നത് ഞങ്ങൾക്ക് വിശ്വാസമില്ലാത്തതിന്റെ സൂചനയാണെന്ന് ഞങ്ങൾ ഭയന്നു. അത് പാപമാണെന്നുപോലും തോന്നിച്ചിരുന്ന തരത്തിലായിരുന്നു ഞങ്ങളെ രൂപപ്പെടുത്തിയിരുന്നത്."

സൂസൻ ഷീൽഡിന്റെ ലേഖനത്തിന്റെ പരിഭാഷ തേരാളി ബ്ലോഗിൽ വായിക്കാം.

അഗതിമന്ദിരങ്ങളിലെ അശരണർക്ക് ചിലപ്പോഴൊക്കെ വൈദ്യ പരിശീലനമില്ലാത്ത സിസ്റ്റർമാർ, സംഭാവനയായി കിട്ടിയ പഴയ മരുന്നുകൾ നൽകിയിരുന്നതായി പരാതിയുണ്ടായിട്ടുണ്ട്. ചിലപ്പോൾ രോഗശമനത്തെക്കാൾ രാഗം വർദ്ധിപ്പിക്കുന്നതിനുപോലും അവ വഴിയൊരുക്കുകയും ചെയ്തു. കഠിനമായി വേദന അനുഭവിച്ചിരുന്നവർക്ക് വേദന സംഹാരി നൽകാൻപോലും പലപ്പോഴും മഠാധികൃതർ വിമുഖരായിരുന്നുവെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്‌ത്രീകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വേദന ആനന്ദകരമായി സ്വീകരിക്കണം എന്നതായിരുന്നു അവരുടെ സമീപനം.

വേദന അനുഭവിക്കുന്നവരോട് പലപ്പോഴും മദർ തെരേസ പറഞ്ഞു: "ക്രൂശിതനായ ക്രിസ്‌തുവിനെപ്പോലെയാണ് നിങ്ങൾ വേദന അനുഭവിക്കുന്നത്. വേദനിക്കുന്പോൾൾ യേശു നിങ്ങളെ ചുംബിക്കുകയാണ്."

വിശപ്പിനേയും വേദനയെയും മഹത്വവൽക്കരിക്കുന്ന ഈ സമീപനം കൊൽക്കൊത്തയിലെ ചപ്പുവാരുന്ന പാവപ്പെട്ട മനുഷ്യന്റെ വിശന്ന കുഞ്ഞിന് മനസിലാവുന്നില്ല. വിശപ്പ് സഹിക്കാതെ വന്നപ്പോൾ ആഹാരം വാങ്ങുന്നതിന് ചെറിയൊരു തുക അവൾ കൂട്ടുകാരോടൊപ്പം മോഷ്ടിക്കുന്നു. അവരെ 'തിരുത്തുവാൻ കത്തി ചുട്ടു പഴുപ്പിച്ചു കൈകളിൽ വയ്‌ക്കുന്നതിന്റെ പിന്നിലെ 'ഉദ്ദേശശുദ്ധി' തിരിച്ചറിയണമെന്നാണ് സിസ്റ്റർ നിർമ്മല ആവശ്യപെട്ടത്.

പാവപ്പെട്ട അമ്മമാർ അനാഥാലയങ്ങളിൽ ഏൽപ്പിച്ച കുഞ്ഞുങ്ങളെ വിറ്റുകളഞ്ഞുവെന്ന ആരോപണവുമായി കരഞ്ഞുകൊണ്ടെത്തിയ അമ്മമാരെ "ക്രൈസ്‌തവ വിശ്വാസത്തിനെതിരായ നീക്കം" എന്നു വിശേഷിപ്പിച്ചാണ് കത്തോലിക്കാ സഭ നേരിട്ടത്.

ദീർഘമായി കാണാൻ ശ്രമിക്കുന്പോൾ ഒരുപക്ഷേ അതിനേക്കാൾ ഗൗരവമുള്ളതാണ് ഗർഭനിരോധനത്തിനെതിരെ സഭ നിരന്തരമായി നടത്തുന്ന പ്രചാരണ സംരഭങ്ങൾ.

ഗർഭച്ഛിദ്രത്തിനും ഉറ ഉപയോഗിക്കുന്നതിനും, എല്ലാത്തരത്തിലുമുള്ള ഗർഭനിരോധനത്തിനുമെതിരെ കത്തോലിക്കാ സഭ നടത്തുന്ന തീവ്രപ്രചരണത്തിനു പിന്നിലെ യഥാർത്ഥ താല്പര്യം കത്തോലിക്കരുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലളിതമായ വിശദീകരണത്തെക്കാൾ ആഴത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്.

അതേക്കുറിച്ച് അടുത്ത പോസ്റ്റിൽ എഴുതാം

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page