ഇടമറുകിനെക്കുറിച്ച് സനൽ
- നിരന്തര ജാഗ്രതയുള്ള ഒരു സേന പോലെ ...
2006 ജൂൺ 29. അന്ന് ഇടമറുക് ഉറക്കമുണർന്നില്ല. തലേ ദിവസം രാത്രി ഉറങ്ങുന്നതുവരെ കർമനിരതനായിരുന്ന അദ്ദേഹം ഉറക്കത്തിലെപ്പോഴോ മരണത്തിലേക്ക് യാത്രയാവുകയായിരുന്നു.
എല്ലാ ദിവസവും രാവിലെ നാലു മണിക്ക് എഴുന്നേൽക്കുകയായിരുന്നു അപ്പായുടെ പതിവ്. വായനയും പഠനവും, ഏതാണ്ട് ഒൻപതോളം ദിനപത്രങ്ങളുടെ ഓടിച്ചുള്ള വായനയുമൊക്കെ ഒതുക്കി, രാവിലെ ഏഴു മുതൽ ഉച്ചവരെയുള്ള സമയമാണ് എഴുത്തിനായി ഉപയോഗിച്ചിരുന്നത്. ഈ സമയത്തു മേശപ്പുറത്തു പുസ്‌തകങ്ങൾ കുന്നുകൂടും. ഉച്ച കഴിഞ്ഞാണ് വെളിയിൽ പോകുന്നതും സുഹൃത്തുക്കളെ കാണുന്നതും സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നതും. വൈകിട്ട് പ്രത്യേക കാരണങ്ങൾകൊണ്ട് വൈകുന്നില്ലെങ്കിൽ, പത്തര മണിക്കുള്ള ഏഷ്യാനെറ്റ് വാർത്ത കേട്ടിട്ട് ഉറങ്ങാൻ പോവുകയായിരുന്നു പതിവ്.
എന്റെ ദിനചര്യ നേരെ തിരിച്ചാണ്. രാവേറെ ചെല്ലുവോളം ജോലി ചെയ്യാറുള്ള ഞാൻ ഉറങ്ങുന്നത് പലപ്പോഴും മൂന്നര മണിക്കോ നാലു മണിക്കോ ആണ്. നാലു മണിക്ക് ഉറങ്ങുന്ന ഞാനും, നാലു മണിക്ക് ഉണരുന്ന അപ്പായും! 'ചിന്തയുടെ രംഗത്ത് നമ്മുടെ സേന നിരന്തര ജാഗ്രതയിലാണ്' എന്ന് ഞങ്ങളുടെ ഉറക്കത്തിന്റെ സമയത്തെ പരാമർശിച്ചു അപ്പാ തമാശ പറയുമായിരുന്നു.
ജൂൺ 28-ന് പതിവുപോലെ ഉച്ച ഭക്ഷണം കഴിഞ്ഞു ട്രാവൻകൂർ പാലസിലെ മലയാള ഭാഷാപഠന കേന്ദ്രത്തിന്റെ ഓഫീസിലേക്ക് അപ്പാ പോയി. അവിടെ നിന്ന് കേരളാ ഹൗസിൽ എത്തി ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ രമേഷ് കുമാറിനോടൊപ്പം ഏറെ നേരം ചിലവഴിച്ചു. കേരളാ ഹൗസ് ക്യാന്റീനിലിരുന്ന് സംസാരിക്കവെ, വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും 1950-കളിൽ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയതും അമ്മയെ കണ്ടെത്തിയതും പ്രണയിച്ചതുമെല്ലാം രമേഷിനോടു പറഞ്ഞു. രമേഷ് ഉൾപ്പടെ നൂറു കണക്കിന് ആളുകൾ അദ്ദേഹത്തിന് പുത്രസമാനരായി ഉണ്ടായിരുന്നു.
അഞ്ചു മണിയോടെ ഞാൻ കേരളാ ഹൗസിലെത്തി. തുടർന്ന് ഞങ്ങൾ ഒന്നിച്ചാണ് ഇന്റർ നാഷണൽ കഥകളി സെന്ററിന്റെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാനായി പോയത്.
പ്രമേഹവും ഹൃദ്‌രോഗവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ചിട്ടയായ ഭക്ഷണക്രമം പാലിക്കുകയും മരുന്നുകൾ മുറ തെറ്റാതെ കഴിക്കുകയും ചെയ്‌തിരുന്നതുകൊണ്ട് അപ്പായ്‌ക്ക് പൊതുവെ ക്ഷീണമൊന്നും ഉണ്ടായിരുന്നില്ല, എങ്കിലും രണ്ടു ദിവസങ്ങൾക്കു മുന്പ് രാജസ്ഥാനിലേക്ക് ദീർഘമായ ഒരു യാത്ര നടത്തിയിരുന്നതുകൊണ്ട് അന്ന് അല്പം തളർച്ച ഉണ്ടായിരുന്നു. കാറിൽ ഒരു മണിക്കൂറോളം വരുന്ന യാത്രാസമയം മുഴുവനും അപ്പാ ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. കഥകളി സെന്ററിലെ ബോർഡ് യോഗം ആരംഭിക്കുന്നതിനു തൊട്ടുമുന്പാണ് സി.എൻ.എൻ-ഐ.ബി.എൻ ടെലിവിഷൻ ചാനലിൽ നിന്ന് ഒരു തൽസമയ ചർച്ചയ്‌ക്ക് എത്തിച്ചേരാമോ എന്ന് ചോദിച്ചുകൊണ്ട് എനിക്കൊരു ഫോൺ വന്നത്. വീണ്ടും ഒരു മണിക്കൂറോളം കാറിൽ യാത്ര ചെയ്‌ത് കൃത്യസമയത്തു എത്തിച്ചേർന്ന് ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. അപ്പോൾ ആ ചർച്ചയിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു എന്നെ നിർബന്ധപൂർവം അയക്കുകയായിരുന്നു അദ്ദേഹം.
ഞാൻ പോയതിനു ശഷം ഇൻഡ്യാ വിഷൻ ചാനലിൽ നിന്ന് ഒരു ചർച്ചയിൽ ഫോണിലൂടെ പങ്കെടുക്കാൻ അദ്ദേഹത്തോട് ആ ചാനലിൽ നിന്ന് അഭ്യർത്ഥന വന്നു. കഥകളി സെന്ററിന്റെ ബോർഡ് മീറ്റിംഗ് നടക്കുന്ന മുറിയിൽനിന്ന് അല്പനേരത്തേക്ക് പുറത്തിറങ്ങി ഫോണിലൂടെ ഇന്ത്യാ വിഷൻ ചാനലിന് അദ്ദേഹം ഇന്റർവ്യൂവും നൽകി.
കാറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് പോയതുകൊണ്ട് അപ്പായുടെ ഉറ്റ സുഹൃത്ത് ഓംചേരി എൻ എൻ പിള്ള അദ്ദേഹത്തെ രാത്രി പത്തരയോടെ അദ്ദേഹത്തിന്റെ കാറിൽ വീട്ടിലെത്തിച്ചു.
അടിയന്തിര ജോലികൾ തീരാനുണ്ടായതുകൊണ്ടു ഞാൻ ടെലിവിഷൻ സ്റ്റഡിയോയിൽനിന്ന് ഓഫീസിലേക്കാണ് പോയത്. രാത്രി പതിനൊന്നരക്ക് അപ്പാ ഫോണിൽ വിളിച്ചു. ആ സമയത്തു ഒരു ഫോൺ വിളി പതിവില്ലാത്തതാണ്. ടെലിവിഷനിൽ വന്ന എന്റെ ഇന്റർവ്യൂവിന്റെ പുനഃസംപ്രേഷണം കണ്ട് അഭിപ്രായം പറയാനാണ് അപ്പോൾ വിളിച്ചത്,
പുതിയതായി പ്രസിദ്ധീകരിക്കുന്ന 'ഇവർ മതനിഷേധികൾ' എന്ന അപ്പായുടെ പുസ്‌തകത്തെക്കുറിച്ചും, അപ്പായുടെ യുക്തിവാദരാഷ്ട്രം, എന്റെ വേദങ്ങൾ ഒരു വിമർശന പഠനം എന്നീ പുസ്‌തകങ്ങൾ ഉടനെ പുനഃപ്രസിദ്ധീകരിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.
അതിനു ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് അമ്മയെ ഫോണിൽ വിളിച്ചു.
ആ രാത്രിയിൽ ഉറക്കത്തിൽ നിന്ന് അദ്ദേഹം ഉണർന്നില്ല. നീണ്ടു നിവർന്ന്, ചെറു പുഞ്ചിരിയോടെ, പ്രശാന്ത ഭാവത്തിൽ കിടന്ന അദ്ദേഹത്തെ മരണം രാവിലെപ്പോഴോ കവരുകയായിരുന്നു.
* * *
മരണത്തെക്കുറിച്ചു എപ്പോഴും തമാശയോടെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. മരിക്കാൻ ഭയമില്ലാത്തവർക്കേ ധീരമായി പ്രവർത്തിക്കാനാവൂ എന്ന് പലപ്പോഴും പറയുമായിരുന്നു. ഒരാഴ്ച മുന്പ് കേരളാ ക്ലബ്ബിലെ സാഹിതീസഖ്യത്തിൽ യുവകവിയായ ജയദേവന്റെ കവിതകൾ അവതരിപ്പിച്ച വേളയിൽ, അതിലേറെയും മരണത്തെ സ്‌പർർശിക്കുന്ന കവിതകളാണെന്ന് ആരോ ചൂണ്ടിക്കാട്ടി. മരണമൊരു ജൈവ പ്രക്രിയ മാത്രമാണെന്നും അതേക്കുറിച്ചു ആകുലപ്പെടുന്നതിൽ അർത്ഥമില്ലെന്നും ആ ചർച്ചാവേദിയിൽ അധ്യക്ഷം വഹിച്ചുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി.
മരിച്ചാൽ മൃതദേഹം എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടതെന്ന് അപ്പാ വ്യക്തമായി നിഷ്കർഷിച്ചിരുന്നു.
"കണ്ണുകൾ നഷ്ടപ്പെടുന്നതിനു മുന്പ് ദാനം ചെയ്യണം. രണ്ട് അന്ധർക്ക് അതുമൂലം കാഴ്ചശക്തി ലഭിക്കും." - ഒരിക്കൽ അപ്പാ പറഞ്ഞു.
"മൃതദേഹത്തിലെ അവയവങ്ങളിൽ ഏതെങ്കിലും മറ്റാർക്കെങ്കിലും പ്രയോജനപ്പെടുമെങ്കിൽ അവയൊക്കെ നൽകണം. അതിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് ശരീര ശാസ്ത്ര പഠനത്തിന് നൽകണം."
ഇതായിരുന്നു അപ്പായുടെ ആഗ്രഹം.
അങ്ങനെ എഴുതി വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. രോഗമായി കിടക്കേണ്ടി വരികയാണെങ്കിൽ അപ്പോഴോ, മരിച്ചതിനു ശേഷമോ പൂജാവിധികളോ ആചാര അനുഷ്ഠാനങ്ങളോ ഉണ്ടാവരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എങ്ങനെയൊക്കെ അപ്പാ ആഗ്രഹിച്ചുവോ അതുപോലെയൊക്കെ ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം എനിക്കുണ്ട്.
* * *
ഞങ്ങളുടേത് അച്ഛനും മകനും തമ്മിലുള്ള ഒരു ബന്ധം ആയിരുന്നില്ല.
ഏതാണ്ട് 15, 16 വയസുമുതൽ എന്നെ ഒരു വിശ്വസ്‌ത സുഹൃത്തിനെ പോലെയോ അടുത്ത സഹപ്രവർത്തകനെപ്പോലെയോ ആണ് കണ്ടിരുന്നത്.
യുക്തിവാദ മേഖലയിലും പുസ്തക രചനയിലും പത്ര പ്രവർത്തന രംഗത്തും അദ്ദേഹം പ്രവർത്തിച്ചു മുന്നേറിയ ഓരോ പടവിലെയും നിശ്വാസം ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. പല പുസ്‌തകങ്ങളുടേയും രചനയുടെ പശ്ചാത്തലമായി ദീർഘമായി ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പഠനത്തിനോ ഗവേഷണത്തിനോ ആവശ്യമായ ഒരു പുസ്‌തകം കിട്ടാതെ വരികയാണെങ്കിൽ അത് സംഘടിപ്പിച്ചു കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു.
അദ്ദേഹത്തിന്റെ അവസാനത്തെ ഏതാണ്ട് മുപ്പത് വർഷങ്ങളിൽ ഞങ്ങൾ ദീർഘമായി പരസ്‌പരം ചർച്ച ചെയ്യാത്ത ദിനങ്ങൾ അപൂർവമായേ ഉണ്ടായിട്ടുള്ളൂ. അതുതന്നെ ഞങ്ങളിൽ ആരെങ്കിലും ദീർഘയാത്രയിൽ ആയിരിക്കുന്പോൾ മാത്രം.
വീട്ടിലിരുന്നാണ് അദ്ദേഹം കൂടുതലും എഴുതിക്കൊണ്ടിരുന്നത്; ഞാനാവട്ടെ നോട്ടുകളും കുറിപ്പുകളും പുസ്‌തകങ്ങളുമായി മയൂർ വിഹാറിലെ ഓഫീസിൽ പോയി അവിടെയിരുന്നും.
സാധാരണ ദിവസങ്ങളിൽ ഇരുപത്തഞ്ചോ മുപ്പതോ തവണയെങ്കിലും ഫോണിലൂടെ ഞങ്ങൾ സാംസാരിക്കുമായിരുന്നു. ഓരോ പ്രവർത്തനവും കർമ്മപഥത്തിലെ ഓരോ സ്‌പന്ദനവും ഞങ്ങൾ പരസ്‌പരം പങ്കിട്ടിരുന്നു.
* * *
അന്വേഷിക്കുവാനും ചോദ്യം ചെയ്യുവാനും സംവദിക്കുവാനും കുട്ടിക്കാലം മുതലേ അപ്പാ പ്രേരിപ്പിച്ചിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തു ഞാനും ഗീതയും അപ്പായോടൊപ്പം യാത്ര ചെയ്‌തിട്ടുള്ളപ്പോഴൊക്കെ മരങ്ങളെക്കുറിച്ചും മലനിരകളെക്കുറിച്ചും സ്ഥലനാമങ്ങളെക്കുറിച്ചും ഓരോ സ്ഥലത്തിന്റെയും ചരിത്ര പ്രാധാന്യത്തെക്കുറിച്ചും അപ്പാ ഞങ്ങളിൽ താല്പര്യം ഉണർത്തി.
ഞങ്ങൾ സ്വയം അന്വേഷിക്കുവാനും സ്വന്തം ചിന്തയിലൂടെ മുന്നോട്ടു പോകാനുമാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നത് എന്ന് തോന്നുന്നു. ഒന്നിനെയും ഭയപ്പെടരുത്, ആരുടേയും മുന്നിൽ നടുവ് കുനിക്കരുത്, ശരിയെന്നു തോന്നുന്നത് എന്ത് ഭവിഷ്യത്തുകൾ വന്നാലും പറയാൻ മടിക്കരുത് എന്നൊക്കെ പലപ്പോഴും പറയുമായിരുന്നു.
നാസ്‌തികരും യുക്തിവാദികളുമായിരുന്ന അപ്പായും അമ്മയും അവരുടെ ആശയങ്ങൾ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല, എല്ലാ മതങ്ങളേപ്പറ്റിയും അറിഞ്ഞതിനു ശേഷം പ്രായപൂർത്തി എത്തുന്പോൾ ഏതെങ്കിലും മതം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. വിശാലവും ഉദാരവുമായ ഈ പശ്ചാത്തലത്തിൽ ഒരു തരത്തിലുള്ള മസ്‌തിഷ്‌ക്ക പ്രക്ഷാളനവുമില്ലാതെ വളരാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.
കടുത്ത മത വിമർശകനായിരിക്കുന്പോഴും ഏതു വിശ്വാസധാര പുലർത്തുന്നവരോടും സഹിഷ്‌ണുത പുലർത്തണമെന്നും വിശ്വാസ സ്വാതന്ത്ര്യം അവർക്കുണ്ടാവണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. വിപുലമായ സുഹൃദ് വലയത്തിൽ വിശ്വാസികളും അവിശ്വാസികളും ഒരുപോലെയുണ്ടായിരുന്നു.
അറിയാനും ഉൾക്കൊള്ളാനും പഠിക്കാനും ഉത്സാഹമുള്ള ഉല്പതിഷ്ണു ആയ ഒരു വിദ്യാർഥിയെപ്പോലെയായിരുന്നു അദ്ദേഹം അവസാനം വരെയും. അടങ്ങാത്ത ജ്ഞാന തൃഷ്‌ണ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനോർജ്ജം.
നിരവധി പഠനങ്ങളും പുതിയ പുസ്‌തകങ്ങളും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ലോക മതങ്ങൾ എന്ന പരന്പരയിലെ പുസ്‌തകങ്ങൾ ഏതാണ്ടെല്ലാം തന്നെ പുനഃപരിശോധിച്ച് തയാറാക്കിയിരുന്നു. ആ പന്പരയിലെ എഴുതി തീരാത്ത ഏതാനും പുസ്‌തകങ്ങളുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന് അദ്ദേഹം സിനോപ്‍സിസ് തയാറാക്കിയിരുന്നു.
അന്ത്യം വരെ കർമ്മനിരതനായിരിക്കണമെന്നായിരുന്നു അപ്പായുടെ ഏറ്റവും വലിയ ആഗ്രഹം. പത്രപ്രവർത്തന രംഗത്തും, പുസ്‌തക രചനാ മേഖലയിലും, മലയാള ഭാഷാ പഠന ശ്രമങ്ങളിലും, യുക്തിവാദത്തിൽ പുതിയ ബൗദ്ധികതലങ്ങൾ വളർത്തിയെടുക്കുന്നതിനും, അവസാന ദിവസംവരെ അദ്ദേഹം ഉത്സാഹത്തോടെ പ്രവർത്തിച്ചു.
വേദനയറിയാതെ ഉറക്കത്തിലെപ്പോഴോ മരണത്തിലേക്ക് നീങ്ങുന്നതിനു മുന്പ് പോലും ചെയ്‌തു തീർക്കേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സ്വപ്‌നം കണ്ടിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
അദ്ദേഹം പൂർത്തിയാക്കാതെ പോയ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുവാനുള്ള യത്നമാണ് ഇനിയുള്ള എന്റെ കർമ്മമണ്ഡലം.
(ഇടമറുകിന്റെ മരണശേഷം 2012-ൽ കേരള ശബ്‌ദത്തിലും തേരാളി മാസികയിലും പ്രസിദ്ധീകരിച്ച ലേഖനം)