top of page

യേശുക്രിസ്തുവും ഐസക് ന്യൂട്ടനും ഗലീലിയോയും

Malayalam blog by Sanal Edamaruku /



. കാനായിലെ പഴയകാലത്തെ ജനങ്ങളുടെ ഫലഭൂയിഷ്ഠതയുടെ ദൈവമായിരുന്നു ലാഹ് മു (Laḫmu). ആ ദൈവത്തിന്റെ പേരിനോടനുബന്ധിച്ചാണ് പാലസ്തീനിലെ വരണ്ട അർദ്ധ മരുഭൂമിയിലെ ബെത്‌ലെഹേം എന്ന അറബി പ്രദേശത്തിന് ആദ്യം ആ പേര് കിട്ടിയത്. "അപ്പത്തിന്റെ ഭവനം" എന്ന് പഴയ ഗ്രീക്ക് ഭാഷയിലും "മാംസത്തിന്റെ ഭവനം" എന്ന് അറബിയിലും അർത്ഥം വരുന്ന ബെത്‌ലെഹേം ഇപ്പോൾ പലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രദേശത്താണ്. യേശുക്രിസ്തു അവിടെയാണ് ജനിച്ചത് എന്നാണ് വിശ്വാസം. അവിടെ മഞ്ഞു പെയ്യാറില്ല.

യൂറോപ്പിലും ഉത്തരാർദ്ധ ഭൂമിയിലെ മറ്റു രാജ്യങ്ങളിലും ഇത് മഞ്ഞുപെയ്യുന്ന ശീതകാലമാണ്. ഒരു അറേബ്യൻ മിത്ത് പാശ്ചാത്യവൽക്കരിക്കപ്പെട്ടപ്പോൾ ഉണ്ടായതാണ് മഞ്ഞുപെയ്യുന്ന രാത്രിയിലെ അത്ഭുത ശിശുവിന്റെ ജനന കഥ.

യേശുക്രിസ്തുവിന്റെ പുരുഷസംബന്ധം ഇല്ലാതെയുള്ള ജനനത്തിനും മറ്റ് ഐതിഹ്യങ്ങൾക്കും ചരിത്രപരമായ സാധുതയൊന്നും ഇല്ലെങ്കിലും ഡിസംബർ 25-ന് സൂര്യാരാധകർ ആഘോഷിച്ചിരുന്ന ശീതകാല ഉത്സവം ക്രിസ്തുവിന്റെ ജനനദിനമായി കത്തോലിക്കാ സഭ ആഘോഷിക്കാൻ തുടങ്ങിയത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്ത്, നാലാം നൂറ്റാണ്ടിലാണ്.

ഡിസംബർ 25-ന് ജനിച്ച ഏറ്റവും പ്രധാനപ്പെട്ട ആൾ സർ ഐസക് ന്യൂട്ടൺ ആണ്. ഇംഗ്ലണ്ടിലെ ലിങ്കൺഷെയറിലായിരുന്നു 1643-ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ശാസ്ത്രത്തിന്റെ ചരിത്രത്തിലെ പരമോന്നത പ്രതിഭകളിലൊരാളായി കരുതപ്പെടുന്ന ന്യൂട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ ഗുരുത്വാകർഷണ സിദ്ധാന്തം, വെളുത്ത പ്രകാശത്തിന്റെ സ്വഭാവം, കാൽക്കുലസ് എന്നിവയാണ്.

ഗലീലിയോ ഗലീലിയുടെ മരണവും 1643-ൽ ആയിരുന്നു. ഭൂമി ഒരു ഭ്രമണ പഥത്തിൽ സൂര്യനെ വലം വയ്ക്കുന്നു എന്നു വിശ്വസിച്ചതിനായിരുന്നു "മതനിന്ദ" യുടെ പേരിൽ അദ്ദേഹത്തെ ജയിലിൽ ഏകാന്ത തടവിൽ അടച്ചത്. ഭൂമി സൂര്യന്റെ ചുറ്റും കറങ്ങുന്ന ഗോളമാണ് എന്നു കരുതുന്നത് മതനിന്ദയും ദൈവനിഷേധവുമാണ് എന്നായിരുന്നു അക്കാലത്ത് കത്തോലിക്കാ സഭ വിശ്വസിച്ചിരുന്നത്. 1992 ഒക്ടോബറിൽ, 359 വർഷങ്ങൾക്കു മുമ്പ് ഗലീലിയോട് ചെയ്തത് തെറ്റായിരുന്നുവെന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അംഗീകരിക്കുകയും ഔദ്യോഗികമായി മാപ്പ് ചോദിക്കുകയും ചെയ്തു.


Blog by Sanal Edamaruku on 25.12.2021


Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page