അഫ്ഗാനിസ്ഥാൻ സ്ത്രീ ജീവിതം അന്നും ഇന്നും
അഫ്ഗാനിസ്ഥാനിലെ പുതിയ ശ്രമങ്ങളെക്കുറിച്ച് അനുപ്രിയ എഴുതുന്നു.
ഒരിക്കലവിടം അറിയപ്പെട്ടിരുന്നത് സുഗന്ധദ്രവ്യങ്ങളുടെ മണം പരത്തുന്ന ഗാന്ധാര ദേശമെന്നായിരുന്നു.
മാറി മാറി വന്ന സംസ്ക്കാര-രാഷ്ട്രീയ അധിനിവേശത്തിനൊടുവിൽ ഇന്ന് ആ നാട് അറിയപ്പെടുന്നത് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ. ഒപ്പം ആ പേരിനോട് ചേർത്തിപ്പോൾ വായിക്കുന്നത് "ലോകത്തെ ദരിദ്രരാജ്യം, ഏറ്റവും അപകടം നിറഞ്ഞ രാജ്യം" എന്ന തലകെട്ടുകളും.
അഫ്ഗാനിസ്ഥാനെ വറുതിയിലേക്കും തികഞ്ഞ അരക്ഷിതത്വത്തിലേക്കും തള്ളിവിട്ടത് ആരൊക്കെ ചേർന്നായിരുന്നു? സാമ്രാജ്യത്വ മുതലെടുപ്പുകൾക്കൊടുവിൽ അവരാ രാജ്യം വിട്ട് പോയപ്പോൾ അവശേഷിക്കുന്നത് ദാരിദ്ര്യവും, പട്ടിണിയും, ലഹരി ഉപയോഗവും, നാളെയില്ലാത്ത ബാല്യങ്ങളും പിന്നെ കുറേ മുഖമില്ലാത്ത സ്ത്രീ ശരീരങ്ങളും.
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്നുളള 1960-70 കാലഘട്ടത്തിലെ ചിത്രങ്ങൾ ഇന്ന് ആശ്ചര്യത്തോടെയല്ലാതെ ലോകജനതയ്ക്ക് കാണാൻ കഴിയില്ല. കാരണം പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലുളള ജീവിതശൈലിയും ഉന്നത നിലവാരമുളള ജീവിതവും നയിച്ചിരുന്ന മനുഷ്യർ. കാരണം പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലുളള ജീവിതശൈലിയും ഉന്നത നിലവാരമുളള ജീവിതവും നയിച്ചിരുന്ന മനുഷ്യർ,
എന്നാൽ രാജ്യത്തെ രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ ആ സൗഭാഗ്യവും സ്വാതന്ത്ര്യവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഇപ്പോളവർ എത്തിനിൽക്കുന്നത് തികഞ്ഞ അരക്ഷിതാവസ്ഥയിലും.
താലിബാൻ എന്ന തീവ്രമായ മതാന്ധത പേറുന്ന ഒരു കൂട്ടം വിവേക ശുന്യമായ മസ്തിഷ്ക്കങ്ങൾ ആ ജനതയെ അത്രമേൽ അടിച്ചമർത്തിയിരിക്കുന്നു, അത്രമേൽ ആ ജീവിതങ്ങളെ തച്ചുടച്ചിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം.
സോവിയറ്റ് യൂണിയനും അമേരിക്കയും നിറഞ്ഞാടി അഫ്ഗാനിസ്ഥാൻ മണ്ണിൽ നിന്ന് കളമൊഴിഞ്ഞ് പോയപ്പോൾ പിന്നീട് നടന്നത് അവിടുത്തെ തെക്കും-വടക്കുമുളള ഗോത്രവർഗങ്ങൾ തമ്മിലുള്ള ആഭ്യന്തരകലാപമായിരുന്നു.
സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനിൽ നിന്ന് തുരത്താൻ അവിടത്തെ ഗോത്രവർഗങ്ങളെ കൂട്ടുപിടിച്ച് അവരുടെ കൈയിൽ എഫ്. ഐ.എമ്-92 സ്റ്റിങ്ങർ മിസൈൽ ലോഞ്ചറുകൾ കൊടുത്ത അമേരിക്കൻ കോൺഗ്രസ് വക്താവ് ചാർളി വിൽസൺ തന്നെ യുദ്ധശേഷം അമേരിക്കൻ കോൺഗ്രസിൽ പറയുകയുണ്ടായി. "ആരും അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കാനില്ലെങ്കിൽ അവർ കടുത്ത മതയാഥാസ്ഥികരുടേ കയ്യിലകപ്പെടും, സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരക തുല്യമാകും. നമ്മൾ അടിയന്തരമായി എന്തെങ്കിലും ചെയ്യണം."
എന്നാൽ ഏതു വിധേനെയും സോവിയറ്റ് യൂണിയനെ തറപറ്റിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന അമേരിക്ക, ചാർളിയുടെ വാക്കുകൾക്ക് ചെവികൊടുത്തില്ല. അതോടുകൂടി അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഉദയമാരംഭിച്ചു.
"മുസ്ലീങ്ങൾ ഒന്നിച്ചു നിൽക്കേണ്ടവരാണ്, നമ്മേ ഭിന്നിപ്പ് ഭരിക്കാൻ ആരേയും അനുവദിക്കരുത്" എന്ന ആശയത്തിലൂടേ അഫ്ഗാനിസ്ഥാനിൽ തമ്മിൽ പോരടിച്ചു നിന്ന ഗോത്രവർഗങ്ങളെ താലിബാൻ ആദ്യം ഒരുമിപ്പിച്ചു. പിന്നീട് സാമൂഹിക പരിഷ്കർത്താക്കളായി അഫ്ഗാനിസ്ഥാനിൽ അവരുടെ ഭരണം തുടങ്ങി.
എന്നാൽ അധികം വൈകാതെ തന്നെ താലിബാൻ എന്ന പേരിനുളളിൽ ദ്രംഷ്ട്രം ഒളിപ്പിച്ച് ആക്രമിക്കാൻ കാത്തിരുന്ന പാക്കിസ്ഥാൻ വേരുകളുളള, തികഞ്ഞ സ്ത്രീവിരുദ്ധവും യാഥാസ്ഥിതികവുമായ നിയമങ്ങൾ നിറഞ്ഞ ദയൂബന്ദിസം പുറത്തേക്കു വന്നു.
അത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് സ്ത്രീകളെ തന്നെയായിരുന്നു. തൊഴിലിടത്തിൽ നിന്നും സ്ത്രീകളെ പുറത്താക്കി അവരുടെ ജീവിതം വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ടു,
പ്രൈമറി വിദ്യാഭ്യാസത്തിനപ്പുറം പോകാൻ പെൺകുട്ടികൾക്ക് അവകാശമില്ലാതാക്കി. രക്തബന്ധത്തിലെ പുരുഷന്റെ തുണയില്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അവകാശമില്ലാതെയായി. ഒടുവിൽ സ്ത്രീകളെ ഒരു ശരീരമായി മാത്രം കണ്ട് അവരെ മുഖമില്ലാത്ത രൂപങ്ങളാക്കി മാറ്റി ശരീരകമായും, മാനസികമായും പീഡിപ്പിച്ചു.
2001 സെപ്റ്റംബർ 11-ൽ അൽ ഖാഇദ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടു കൂടി അമേരിക്ക ബിൻലാദനേയും മുല്ല മുഹമ്മദ് ഒമറിനേയും തേടി വീണ്ടും അഫ്ഗാനിസ്ഥാൻ മണ്ണിലേക്ക് എത്തി. പക്ഷെ ലോകനേതാക്കൾ അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള രണ്ടാം വരവിനെ സാധൂകരിച്ചത് താലിബാന്റെ സ്ത്രീകളോടുളള മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ എന്നായിരുന്നു.
അങ്ങനെയെങ്കിൽ ഒരിക്കൽ ചാർളി വിൽസൺ ഈ കാര്യം അമേരിക്കൻ കോൺഗ്രസിൽ ഉന്നയിച്ചപ്പോൾ അന്നുതന്നെ അവർ ഈ ചുവടുവെയ്പ്പ് നടത്തണ്ടതായിരുന്നു. അമേരിക്കയുടെ അജണ്ട ബിൻലാദൻ, മുല്ല ഒമർ വധമായിരുന്നുവെങ്കിലും ഇക്കാലം സ്ത്രീകളുടെ ജീവിതം വീണ്ടും പുരോഗമിച്ചു. താലിബാൻ സേനയെ തുരത്തി പെൺകുട്ടികളുടെ മുന്നിൽ അമേരിക്ക വീണ്ടും വിദ്യാലയങ്ങൾ തുറന്നിട്ടു, തൊഴിലിടങ്ങളിൽ അവർ സജീവമായി. 2003-ൽ ഭരണഘടനയിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടുത്തി.
പാർലമെന്റിലും സ്ത്രീകൾ മഹനീയമായ സ്ഥാനങ്ങൾ വഹിച്ചു, ലോകമറിയുന്ന സ്ത്രീ വ്യക്തിത്വങ്ങൾ ഉണ്ടായി. 2004-ൽ സ്ത്രീകൾക്കെതിരായ അതിക്രമം ഇല്ലാതാക്കാൻ ഇ.വി.എ.ഡബ്ല്യു നിയമം അംഗീകരിച്ചു. ഈ പുരോഗതികളൊക്കെ കൈവരിച്ചിട്ടും സ്ത്രീകളോടുളള വിവേചനം അഫ്ഗാനിസ്ഥാൻ സമൂഹത്തിൽ വ്യാപകമായിരുന്നു.
ഈ സ്ത്രീ മുന്നേറ്റമാണ് ഇരുപത് വർഷത്തിനു ശേഷം 2021-ലെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അമേരിക്കൻ പിൻമാറ്റത്തോടു കൂടി ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. സ്ത്രീജീവിതങ്ങളെ മുൻപെന്നപോലെ തന്നെ താലിബാൻ ബുർഖക്കുളളിൽ തളച്ച് അവരുടെ കണ്ണുനീരിനെ ലോകത്തിന്റെ മുന്നിൽ നിന്ന് മറച്ചു. പലരും മൃഗീയമായി കൊലചെയ്യപ്പെടുന്നു. പ്രാണരക്ഷാർത്ഥം അഫ്ഗാനിസ്ഥാനിൽ നിന്ന് പാലയനം ചെയ്ത് പോയവരും ഏറെ.
ഇന്ന് ഈ സ്ത്രീ ജീവിതങ്ങൾക്ക് പുനർജീവൻ നൽകാൻ ശ്രമിക്കുകയാണ് ആംനെസ്റ്റി ഇന്റർനാഷണൽ എന്ന മനുഷ്യാവകാശ സംഘടന. ആംനെസ്റ്റിയുടെ കണക്കുപ്രകാരം സ്ത്രീകളോടും കുട്ടികളുമോടുളള താലിബാന്റെ പെരുമാറ്റം മനുഷ്യത്വ ലംഘനങ്ങളുടെ അതിരുകളെല്ലാം ഭേദിച്ചിരിക്കുന്നു.
ഇപ്പോൾ താലിബാനെ ഭയന്ന് യു.കെയിലേക്ക് കുടിയേറിയവരുടെ ജീവിതവും അത്ര സുഖകരമല്ല. യു.കെ സർക്കാർ അഫ്ഗാനിസ്ഥാനി അഭയാർത്ഥി സമൂഹത്തോട് പുലർത്തുന്ന മനോഭാവവും, അവർക്ക് നൽകുന്ന സംരക്ഷണവും തീർത്തും ശ്ലാഘനീയമല്ല.
അഭയാർത്ഥികൾക്കായി ഒരു പുനരധിവാസ പദ്ധതി സർക്കാർ കൊണ്ടുവന്നെങ്കിലും അത് കാര്യക്ഷമമായി നടപ്പിലായില്ല. മാത്രവുമല്ല അഭയാർത്ഥി കുടിയേറ്റം കുറയ്ക്കാനായി സർക്കാർ ഇമിഗ്രേഷൻ നടപടികൾ കടുപ്പമുളളതാക്കാനും ഒരുങ്ങുന്നു.
യാത്ര ഉപരോധം ഉപയോഗിച്ച് യു.കെ സുരക്ഷാ കൗൺസിൽ മുഖേന താലിബാന്റെ മേൽ ആംനെസ്റ്റി നിരന്തരമായി സമ്മർദം ചെലുത്തുന്നു.
അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, പെൺകുട്ടികൾക്കും അവരുടെ ആശ്രിതർക്കും സുരക്ഷിതമായ അഭയമൊരുക്കാനും യു.കെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഈ ചുരുങ്ങിയ കാലയളവിനുളളിൽ ആംനെസ്റ്റി ഇന്റർനാഷണലിനോടൊപ്പം കൈകോർത്തത് 32,000-ത്തോളം പേർ.
ഇന്ന് അനേകായിരം അഫ്ഗാനിസ്ഥാൻ സ്ത്രീകൾ സുരക്ഷിതവും സ്വതന്ത്രവുമായൊരു ജീവിതം ആംനെസ്റ്റി ഇന്റർനാഷണലിനോടൊപ്പം സ്വപ്നം കാണുന്നു.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റൊരാൾ അനുവദിച്ചു കൊടുക്കേണ്ടതല്ല എന്ന യുക്തിബോധം നിങ്ങളൾക്കുണ്ടെങ്കിൽ നിങ്ങൾക്കും ആംനെസ്റ്റി ഇന്റർനാഷണലിനോടൊപ്പം പങ്കുചേരാം. അവരുടെ ശബ്ദം ലോകം കേൾക്കേണ്ടതുണ്ട്.
________________________
ഉപനിഷത്തുകൾ വിമർശനപഠനം-ഇടമറുക്
ഉപനിഷത്തുകളെക്കുറിച്ച് മലയാളത്തിൽ ലഭ്യമായ ഏറ്റവും ആധികാരികമായ പഠനം (4 ഭാഗങ്ങൾ, 1070 പേജ്, വില ₹600) ഇപ്പോൾ 33 % ഡിസ്‌കൗണ്ടിൽ (₹400-ന്) ലഭിക്കുന്നു.
ഇടമറുകിന്റെ ഏറ്റവും പ്രധാന കൃതികളിലൊന്ന്. ദശാബ്ദങ്ങൾ നീണ്ട പഠനത്തിനു ശേഷം തയ്യാറാക്കിയ പുസ്തകം. ലളിതമായ ഭാഷ. മനസ്സിലാവുന്ന അവതരണം. കൃത്യമായ ഉദ്ധരണികളും റഫറൻസുകളും. അമൂല്യമായൊരു നിധി ആണ് ഈ പുസ്തകം.
ഏറെക്കാലമായി കിട്ടാനില്ലാതിരുന്ന ഇടമറുകിന്റെ ഈ കൃതി എക്കാലത്തേക്കും ഡിജിറ്റലായി സൂക്ഷിച്ചുവയ്ക്കാവുന്ന വിധത്തിൽ 4 ഇ- ബുക്കുകളായിട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓർഡർ അയച്ച് 24 മണിക്കൂറിനകം ലഭിക്കുന്നു.
Comments