ഇന്ന് സോളി ഇടമറുക് ഓർമ്മദിനം
ചന്ദ്രപ്രകാശ് എസ് എസ് ന്യൂസ് ഗിൽ ന്യൂസ് പോർട്ടലിൽ എഴുതിയ ലേഖനം.
. സമരോത്സുകത കൈമുതലാക്കി യുക്തിവാദ പ്രവർത്തനത്തിന്റെ പ്രതീകമായി മാറിയ ഇടമറുകിന്റെ ജീവിതപങ്കാളിയായിരുന്നു സോളി. യുക്തിവാദ ജീവിതത്തിനോടൊപ്പം സഞ്ചരിക്കുകയും വ്യവസ്ഥാപിത രീതികളോട് കലഹിക്കുകയും സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടി പോരാടുകയും ചെയ്ത ധീരവനിതയാണ് സോളി ഇടമറുക്.
തിരുവനന്തപുരം മലയിൻകീഴിനടുത്തുള്ള മൂക്കുന്നിമലയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുമ്പോഴും വാർദ്ധക്യത്തിന്റെ അവശതകളിലും സോളി ഇടമറുകിന്റെ മനക്കരുത്ത് വളരെ ദൃഢവും അപാരവുമായിരുന്നു.
29/6/2006 ൽ മരണമടഞ്ഞ ഇടമറുക് എട്ട് വർഷത്തിന് ശേഷം ഭാര്യ സോളി മരിച്ചപ്പോൾ ശവം അടക്കാനുള്ള അനുവാദത്തിനായി ബിഷപ്പിന്റെ കാലുനക്കിയെന്ന പച്ചക്കള്ളം സ്ഥിരമായി സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇത് പ്രചരിപ്പിക്കുന്നതാരാണെന്ന് എടുത്തു പറയേണ്ടല്ലോ? അവരോട് സഹതാപം മാത്രം.
സോളി ഇടമറുകിന്റെ മൃതദേഹം തിരുവനന്തപുരത്ത് എം.എൻ.വി.ജി അടിയോടി ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം ഇടമറുകിന്റെ മകളും ഏതാനും സുഹൃത്തുക്കളും യുക്തിവാദികളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അനാട്ടമിവകുപ്പിന് കൈമാറുകയായിരുന്നു. ഇടമറുകിൻ്റെ മൃതദേഹം ന്യൂഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനാണ് നൽകിയത്.
ഏറ്റെടുക്കുന്ന പ്രവൃത്തിയോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും കൈമുതലായുള്ള സോളി, ജോസഫ് ഇടമറുകിന്റെ നേർ പകുതിയായി തന്നെ അരങ്ങിലും, അണിയറയിലും യുക്തിവാദ ആശയങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ധീരമായി പ്രവർത്തിച്ചു. ദൃഢമായ മാനസിക കരുത്തും, നീരുറവപോലെ തെളിഞ്ഞ നേരിന്റെ സുതാര്യതയും സോളിയെ വ്യത്യസ്തയാക്കി.
മുറുകെ പിടിച്ച യുക്തിവാദ ആശയങ്ങളെ അവസാനശ്വാസം വരെ കൈവെടിയാതെ സംരക്ഷിച്ച സോളിയുടെ യൗവനം മുതൽ മരണം വരെ സംഭവബഹുലമായിരുന്നു. യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇടമറുകിനോപ്പമുള്ള ജീവിതം അവരെ ഇരുത്തം വന്ന ഒരു ജീവിതചര്യയുടെ ഭാഗമാക്കി. ഇടമറുകിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഉണ്ടായ കുടുംബത്തിലെ ഒറ്റപ്പെടൽ സോളി ധീരമായി നേരിട്ടു.
കടുത്ത യാഥാസ്ഥിതിക ബോധവും മത-ജാതി കാഴ്ചപ്പാടുകളും കൊണ്ട് ശ്വാസം മുട്ടിയ ഒരു പഴയ കാലം.1954 ൽ യുക്തിവാദിയായ ജോസഫ് ഇടമറുകിനെ ജീവിതത്തിൽ ചേർത്തുവച്ച് ചങ്കൂറ്റത്തോടെ യാഥാസ്ഥിതികരേയും ജാതിമതാന്ധതയേയും നേരിട്ട്, ജീവിതത്തിൽ അസാമാന്യ ധൈര്യവും,കരുത്തും കാട്ടി മത-ജാതി തീവ്രവാദികളുടെ ഭീഷണികൾക്ക് പുല്ല് വില നൽകി, പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ച അവർക്ക് മുന്നിൽ ഒരു ഭീഷണിയും വിലപ്പോയില്ല. ഇടമറുകിനെ വിവാഹം കഴിച്ചതോടെ സോളിയുടെയും ജീവിതം മാറിമറിയുകയായിരുന്നു. ഇടമറുകിന്റെ സുഹൃത്തുക്കളെല്ലാം സോളിയുടേയും സുഹൃത്തുക്കളായി.
വിവാഹത്തെ തുടർന്ന് വീട്ടുകാർ ഇരുവരെയും സ്വന്തം വീടുകളിൽ നിന്നും പുറത്താക്കി. പിന്നീട് വാടക വീടുകളിൽ ജീവിതം തളിർത്തു. സനൽ ഇടമറുകിനെ ഗർഭിണിയായിരുന്ന കാലത്തെക്കുറിച്ച് സോളി ഇടമറുകിന്റെ വാക്കുകൾ – ” ഒരു കനത്ത മഴ പെയ്യുന്ന രാത്രി. എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് നടന്നു പോകവേ പ്രസവ വേദന തുടങ്ങി. അങ്ങനെ റോഡിൽ പെരുമഴയത്താണ് സനലിനെ പ്രസവിച്ചത്. ആകാശവും മഴയും നോക്കിയാണ് സനൽ ജനിച്ചു വീണത്.”
അടിയന്തിരാവസ്ഥക്കാലത്ത് ഇടമറുക് ജയിൽവാസം അനുഭവിച്ചു. വലിയ വിവാദപുരുഷനായിരുന്നു അക്കാലത്ത് ഇടമറുക്. പിന്നീടൂള്ള സോളി ഇടമറുകിന്റെ ജീവിതം ഇടമറുകിനൊപ്പം ദൽഹിയിലായിരുന്നു.
1977 ൽ ഇടമറുക് ദമ്പതികൾ മയൂർ വിഹാറിലെ ഒരു ഫ്ലാറ്റിൽ താമസമാക്കി. ഡൽഹിയിൽ ഇടമറുക് കേരള ശബ്ദം ബ്യുറോ ചീഫായി അക്കാലത്ത് പ്രവർത്തിച്ചു.
സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടും, യുക്തിവാദ പ്രവർത്തനങ്ങളോടും സോളി ഇടമറുക് ഇക്കാലത്ത് കൂടുതൽ സജീവമായി. യുക്തിവാദികൾ യോഗം ചേരാനെത്തുമ്പോൾ വീട്ടിലെ സ്ത്രീകളെ കൂടി കൂട്ടണമെന്ന് അവർ എപ്പോഴും നിർദ്ദേശിക്കാറുണ്ടായിരുന്നു.
ഇടമറുകിന്റെ കറ തീർന്ന യുക്തിവാദ പ്രവർത്തനങ്ങളുടെ മുന്നിലോ പിന്നിലോ നിൽക്കാതെ ഇടമറുകിന്റെ മരണം വരെ തോളോട് തോൾ ചേർന്ന് നില്ക്കുകയായിരുന്നു സോളി ഇടമറുക്. സോളി ഇടമറുകിന്റെ ഒഴുക്കിനെതിരെയുള്ള ജീവിതവും അസാമാന്യ കരുത്തും, വ്യവസ്ഥാപിത രീതികളോടുള്ള കലഹവും മാറ്റങ്ങൾക്കു വേണ്ടിയുള്ള തീവ്ര വാഞ്ചയും ഒരിക്കലും ലാഭങ്ങൾക്കു വേണ്ടിയായിരുന്നില്ല. ജീവിതത്തെ വിളക്കിത്തേച്ച് പ്രകാശ പൂരിതമാക്കാൻ അവർ മരണം വരെ പരിശ്രമിച്ചു. ഇടമറുകിന്റെ മരണശേഷവും സജീവമായി സമരപാതയിൽ തന്നെ നിലകൊണ്ടു. കേരളത്തിലെ കരുത്തുറ്റ സ്ത്രീകളുടെ ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു സോളി ഇടമറുക്. സനൽ ഇടമറുകിനെ കൂടാതെ ഇടമറുക് ദമ്പതികൾക്ക് ഗീത സ്കാർനർ എന്നൊരു മകൾ കൂടിയുണ്ട്.
സോളി ഇടമറുകിനെപ്പറ്റി പെരുമ്പടവത്തിന്റെ വാക്കുകൾ – “സോളി ചേച്ചി നിങ്ങൾക്ക് യുക്തിവാദിയും മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ അമരക്കാരിയും, പ്രിയങ്കരിയുമായിരിക്കും. എനിക്ക് അവർ അങ്ങനെയൊന്നുമല്ല. അവരെനിക്ക് ചേച്ചിയായിരുന്നു. അവർ എന്റെ കുടുംബാംഗമായിരുന്നു. സോളി ചേച്ചിയുടെ ഭൂമിയിലെ ജീവിതം അവസാനിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി. മൂല്യങ്ങളെ, ദർശനങ്ങളെ വിശ്വാസപൂർവം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു സോളി ചേച്ചി. എന്റെ മനസ്സിൽ സോളി ചേച്ചിയും ഇടമറുകും മരിക്കുന്നില്ല.”
അതെ, നമ്മുടെ മനസ്സിലും! 2014-ലാണ് സോളി ഇടമറുക് എന്ന ധീരവനിത നമ്മെ വിട്ടുപിരിഞ്ഞത്.
അഗ്നിയുടെ നിഴലിൽ
ഇ -ബുക്ക് പതിപ്പ് തയ്യാറാവുന്നു
മാർച്ച് 20-ന് പ്രസിദ്ധീകരിക്കുന്നു.
സോളി ഇടമറുകിന്റെ സംഭവ ബഹുലമായ ജീവിതത്തെക്കുറിച്ച് അവർ എഴുതിയ ഹൃദ്യമായ ആത്മകഥയാണ് അഗ്നിയുടെ നിഴലിൽ.
അഗ്നിക്ക് നിഴലില്ല - ചൂടും വെളിച്ചവും മാത്രമേയുള്ളൂ. ഇടമറുകിനോടൊപ്പം ജ്വലിച്ച് ചൂടും വെളിച്ചവും പ്രസരിപ്പിച്ച അവർ ആയിരങ്ങൾക്ക് പ്രചോദനമായി.
അഗ്നിയുടെ നിഴലിൽ (സോളി ഇടമറുക്) ഇ -ബുക്ക് ആയി പുതിയ പതിപ്പ് തയ്യാറാവുന്നു. മാർച്ച് 20-ന് പ്രസിദ്ധീകരിക്കുന്നു.
താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ മുൻകൂറായി ബുക്ക് ചെയ്യാം. https://imjo.in/FP3Up6
Comments