top of page

കാമ്പസ് രാഷ്ട്രീയവും അക്രമി സംഘങ്ങളും

വാവ ബഷീർ എഴുതുന്നു: കാമ്പസുകളിലെ രാഷ്ട്രീയത്തിനും അക്രമി സംഘങ്ങൾക്കും എതിരായ മുന്നേറ്റം അനിവാര്യമാണ്.



പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി നേരിട്ട അതിക്രൂരമായ മർദ്ദനവും കൊലപാതകമെന്ന് സംശയിക്കപ്പെടുന്ന മരണവും കണ്ട് കേരളമാകെ ഞെട്ടിപ്പോയി. എന്നാൽ അദൃശ്യമായ ഭീകരതയുടെ വലിയൊരു മഞ്ഞുമലയുടെ ചെറിയൊരു മുകൾപ്പരപ്പ് മാത്രമാണത്. കാമ്പസ് രാഷ്ട്രീയത്തിന്റെ ആഴവും ഭീകരതയും വെളിയിൽ കാണുന്നതിനേക്കാൾ രാക്ഷസീയമാണ്.


വിദ്യാഭ്യാസ രംഗം ഇന്ന്  നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, കാമ്പസ് രാഷ്ട്രീയവും അതോടനുബന്ധിച്ചുള്ള അക്രമ പ്രവർത്തനങ്ങളുമാണ്. കേരള ഹൈക്കോടതി  മൂന്നുതവണ കാമ്പസ് രാഷ്ട്രീയം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയെങ്കിലും, അത് പ്രാബല്യത്തില്‍ വരുത്താന്‍  അതാതു കാലത്ത് ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ താല്പര്യം കാണിച്ചില്ല. തല്‍ഫലമായി  ഇന്നും കാമ്പസ്  രാഷ്ട്രീയവും, അക്രമങ്ങളും റാഗിംഗുമൊക്ക  നിര്‍ബാധം തുടരുന്നു.


പണ്ട് വിദ്യാര്‍ഥി സംഘടനകള്‍ കേന്ദ്രീകരിച്ചായിരുന്നില്ല, സീനിയര്‍  വിദ്യാര്‍ഥികള്‍ ഒരുമിച്ചായിരുന്നു റാഗിംഗ് നടത്തിയിരുന്നത്. പിന്നീട് വിവിധ സംഘടനകളിലുള്ള സീനിയേര്‍സ് ചേരിതിരിഞ്ഞ് നടത്തുകയും, ക്രമേണ അത് കാമ്പസുകളില്‍  മേല്‍ക്കയ്യുള്ള സംഘടനകളുടെ കുത്തകയായി മാറുകയും ചെയ്തു. എന്നാൽ റാഗിംഗ് കാമ്പസിലെ അക്രമങ്ങളുടെ ഒരു മുഖം മാത്രമാണ്. രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടാസംഘങ്ങളെ വളർത്തിയെടുക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടിക്കൂടിയാണ് ഇന്ന് കാമ്പസ് രാഷ്ട്രീയം പ്രവർത്തിക്കുന്നത്.


വിദ്യാർത്ഥി സംഘടനകളുടെ മറവില്‍ ഗുണ്ടാസംഘങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേസുകളും അറസ്റ്റും ഉണ്ടായാലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവരെ രക്ഷിക്കും എന്നുള്ളത് കൊണ്ടു തന്നെ, മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനും ഇവര്‍ ഭയക്കുന്നില്ല എന്നതാണ് പേടിപ്പെടുത്തുന്ന മറ്റൊരു വസ്തുത.കാലങ്ങളായി എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് കാമ്പസ്  രാഷ്ട്രീയത്തിനും അക്രമങ്ങൾക്കും  എതിരായി പൊതുജനങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നും മുറവിളികള്‍ ഉയരാറുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ അത് വന്നതുപോലെ തന്നെ കെട്ടടങ്ങുകയും ചെയ്യാറാണ് പതിവ്. ഒരു സംഘടനയും ഈ വിപത്തിനെതിരെ സമരം നടത്തിയതായി കേട്ടിട്ടില്ല.  


ആരൊക്കെ എന്തൊക്കെ അവസരവാദ-നിലനില്പു രാഷ്ട്രീയം പറഞ്ഞാലും നാമെല്ലാം പരസ്യമായി വിളിച്ചുപറയേണ്ട ഒരു സത്യമുണ്ട്: "വിദ്യാഭ്യാസസ്ഥാപനം വിദ്യയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രം നടക്കേണ്ട, സാംസ്കാരികമായും  ധാര്‍മ്മികവുമായ സ്ഥലവും സ്ഥാപനവും ആയിരിക്കണം. രാഷ്ട്രീയത്തില്‍ പ്രത്യേക അഭിരുചിയുള്ളവര്‍ക്കും പാര്‍ലമെന്‍ററി മോഹമുള്ളവര്‍ക്കും പൊളിറ്റിക്സ് ഐച്ഛികവിഷമായെടുത്ത് അതു പഠിച്ചു പ്രാവീണ്യം നേടാമെന്നിരിക്കെ  കലാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അതിലേക്കു വലിച്ചിഴക്കേണ്ട  കാര്യമുണ്ടോ? 


കല്ലേറും കത്തിക്കുത്തും ബോംബേറും പൊതുമുതല്‍ നശിപ്പിക്കലും കാമ്പസുകളില്‍ ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതും ചേരിതിരിഞ്ഞു കൂട്ടത്തല്ലും സഹപാഠികളുടെ കയ്യും കാലും തല്ലിയൊടിക്കുന്നതും വെട്ടിക്കളയുന്നതും  കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതും കാമ്പസിനു വെളിയില്‍നിന്ന് ഇതിനെല്ലാം പിന്തുണ ലഭിക്കുന്നതുമൊക്കെ സാധാരണ സംഭവങ്ങളെപ്പോലെയാണ്  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇതിനു മറുപടി പറയണം. 


മറ്റൊരു പ്രധാന സംഗതി, കാമ്പസുകളില്‍ ലഹരിമരുന്നുകളുടെ ഉപയോഗമാണ്. സംഘടനകളുടെ നേതൃസ്ഥാനവും, സഹവിദ്യാര്‍ഥികളുടെ മുന്‍പില്‍ ഹീറോ ആവാനുള്ള ആവേശവും, കൂടെ ലഹരിയുടെ പിന്‍ബലവും കൂടി ലഭിക്കുമ്പോള്‍ എന്ത് ഹീനകൃത്യം ചെയ്യാനും മടിക്കാത്തവരായി  ലഹരി അടിമകൾ മാറുന്നു.


ഇനിയെങ്കിലും ഇതിന്  അറുതി വരുത്താന്‍ വേണ്ടപ്പെട്ടവര്‍  തയ്യാറായില്ലെങ്കില്‍, ഏറ്റവും അവസാനം വയനാട്ടില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായ സംഭവങ്ങള്‍  നമ്മള്‍ വീണ്ടും വീണ്ടും കാണേണ്ടിവരും, മക്കളെ  നഷ്ടപ്പെടുന്ന  മാതാപിതാക്കളുടെ രോദനം ഇപ്പോള്‍ കേട്ടതിലും ഉച്ചത്തില്‍ നമ്മുടെ കാതുകളില്‍ പതിക്കും. എന്തൊക്കെ സംഭവിച്ചാലും ഇതൊക്കെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടടങ്ങിക്കൊള്ളും എന്ന ചിന്ത, കൂടുതല്‍ അക്രമങ്ങള്‍ക്കും ക്രൂരകൃത്യങ്ങള്‍ക്കും ഇവര്‍ക്ക് പ്രേരണയാകുമെന്നുള്ളത്  തര്‍ക്കമില്ലാത്ത വസ്തുതയാണ്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, കാമ്പസ് രാഷ്ട്രീയത്തിനും റാഗിങ്ങിനും കാമ്പസ് അക്രമി സംഘങ്ങൾക്കും  എതിരായി  രാഷ്ട്രീയഭേദമന്യേ ഒരു മുന്നേറ്റം അനിവാര്യമാണ്. 


--------

കാമ്പസ് രാഷ്ട്രീയം എന്ന വിഷയത്തെപ്പറ്റി ഒരു ചർച്ച ആരംഭിക്കുകയാണ്. നിങ്ങളുടെ നിലപാടുകൾ ഒരു ചെറു ലേഖനമായി എഴുതി +91 9873588940 എന്ന വാട്സാപ്പ് നമ്പറിലേക്കോ Rationalists Network Kerala എന്ന വാട്സാപ്പ്  ഗ്രൂപ്പിലേക്കോ അയക്കുക.

വാട്സാപ്പ് ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക്: https://chat.whatsapp.com/Itqv97tygYZCLrsMvyKQae

Comentários


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page