കാമ്പസ് രാഷ്ട്രീയം - പ്രതികരണങ്ങൾ
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും രാഷ്ട്രീയ മത സംഘടനകളുടെ തിട്ടൂരത്തിനനുസരിച്ച് പ്രവർത്തിക്കുന്ന വികലമായ കാഴ്ചപ്പാടാണ് കാമ്പസ് രാഷ്ട്രീയത്തിന് ഇന്നുള്ളത്.
വിദ്യാർത്ഥികൾ തങ്ങളുടേതായ ആവശ്യങ്ങൾ ഉന്നതാധികാരിളെ അറിയിക്കേണ്ടുന്നതിന് രാഷ്ടീയമായല്ലാതെ ഒരുമിക്കണം.
ടെക്നോളജി വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഒരുമിക്കൽ എന്നത് ലഘുവായ കാര്യമാണ്.
സ്വന്തം കീശ വീർപ്പിക്കാൻ മാത്രം രാഷ്ട്രീയത്തെ ഉപയുക്തമാക്കുന്നവർക്കു മുന്നിൽ തലകുനിച്ച് ഉപദേശം തേടേണ്ടുന്ന ആവശ്യം വിദ്യാർത്ഥികൾക്ക് വേണ്ട.
വിദ്യാലയം വിദ്യ അഭ്യസിക്കാനുള്ള ഇടം മാത്രമാകണം. രാഷ്ട്രീയം വോട്ടു ചെയ്യേണ്ടുന്ന പ്രായം മുതൽ ആരംഭിച്ചാൽ മതി.
മതബോധവും പഠനവും ഇതേ രീതിയിൽ 18/20 വയസ്സിനു ശേഷം യുക്തിബോധത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായതിന് ശേഷം മതി.
ഗണേശൻ ചായോത്ത്
കാമ്പസിൽ രാഷ്ട്രീയം പാടില്ലന്ന കാഴ്ചപ്പാട് എനിക്കില്ല
കലാലയ രാഷ്ട്രിയത്തെ കുറിച്ച് പറയുമ്പോൾ അല്പം രാഷ്ട്രീയം കയറി വരുന്നത് സ്വാഭാവികമാണ്. കാമ്പസിൽ രാഷ്ട്രീയം പാടില്ലന്ന കാഴ്ചപ്പാട് എനിക്കില്ല. എന്നാൽ അത് എല്ലാരുടേയും വ്യക്തിത്വ വികാസത്തിനുതകണം എന്നതാണ് എന്റെ കാഴ്ചപ്പാട്.
70 കളുടെകാലം മുതൽ SFI അടക്കം കാലാകാലങ്ങളായി വളർത്തി കൊണ്ടുവന്ന കലാലയ രാഷ്ടീയത്തിന്റെ സകല മേന്മകളും, ഗുണങ്ങളും ഇല്ലായ്മ ചെയ്ത് അട്ടിമറിക്കപ്പെട്ടത് SFI എന്ന സംഘടനയിലൂടെ തന്നെയാണന്ന് ചരിത്രം നോക്കിയാൽ നിസ്സംശയം പറയാൻ കഴിയും.
ഈയുള്ളവനും 70-73 കാലത്ത് SFI-യിൽ ആയിരുന്നു. ഈ സംഘടനയുടെ സ്വാഭാവം തന്നെ അട്ടിമറിക്കപ്പെട്ടത് ഇന്നത്തെ മുഖ്യമന്ത്രി ആയ പിണറായി വിജയൻ CPI (M) പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷമാണന്നു കൂടി ചരിത്രം പരിശോധിച്ചാൽ കാണാമെന്നതാണ് വസ്തുത. അതിനു മുൻപുണ്ടായിരുന്ന CPI (M) നേതൃത്വവും നമുക്കറിയാം. AKG, EMS, ഗൗരിയമ്മ, അച്ചുതാനന്ദൻ മുതൽ ചടയൻ ഗോവിന്ദൻ വരെയുള്ളവർ നയിച്ച കാലമാണ് ഞാൻ സൂചിപ്പിക്കുന്നത്.
KSYF (പിന്നീട് DYFI ), SFI, തൊഴിലാളി സംഘടനയായ CITU അടക്കം എല്ലാം സാംസ്കാരിക അധ:പതനത്തിലേക്ക് എത്തി. ഒരു കാലത്ത് അഖിലേന്ത്യാ തലത്തിലും പ്രധാന പ്രതിപക്ഷമായിരുന്ന ഈ പാർട്ടിയുടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ എത്തിയതിന് കാരണക്കാരിൽ ഒരു പ്രധാനി അദ്ദേഹം തന്നെയാണ്.
ഒരു വ്യക്തിവിദ്വേഷവുമല്ല ഞാൻ സംസാരിക്കുന്നത്. മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പതിറ്റാണ്ടുകളിലെ ശൈലിയെയാണ് ഞാൻ വിമർശിക്കുന്നത്. സ്വയം വിമർശനം ഇല്ലാതായി. കൂടെ നിൽക്കുന്നവരോട് ആജ്ഞാപിക്കുന്ന ശൈലി കൂടെ നിൽക്കുന്നവരും അംഗീകരിച്ച് ജനാധിപത്യ മര്യാദകളെ "കശാപ്പ്"ചെയ്തില്ലാതാക്കി. പ്രതിപക്ഷ ബഹുമാനം തൊട്ടു തീണ്ടിയിട്ടില്ല.
പ്രതിപക്ഷ ജീർണത കൂടി ഈയവസരത്തിൽ പറയേണ്ടിയിരിക്കുന്നു. എല്ലാ ദുരന്തങ്ങളും മുതലെടുത്ത്, ഗീബൽസിനെയും, സ്റ്റാലിനെയും നാണിപ്പിച്ച് കേരളം മുന്നോട്ടാണോ പിന്നോട്ടാണോ ഇപ്പോൾ പോകുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
രാജ്യത്ത് ഒരാത്മഹത്യ നടന്നാൽ അതിനു വരെ ഭരിക്കുന്ന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, സർക്കാർ മറുപടി പറയേണ്ടതുണ്ടെന്നും ജനങ്ങൾ പ്രതികരിക്കേണ്ടതുണ്ടെന്നും പറഞ്ഞു പഠിപ്പിച്ച ഒരു പാർട്ടിയാണ് CPI (M).
ചുരുക്കി പറഞ്ഞാൽ ഇതിന്റെ പരിണിത ഫലം ഒരു ബൃഹത്തായ സമൂഹം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന ഖേദകരമായ കാഴ്ചയാണ് നാം കാണുന്നത്. കഷ്ടമുണ്ട്.
എല്ലാ മത ജാതി പ്രീണനങ്ങളും നടത്തി പലരെ കൂടെ കൂട്ടിയിട്ടും, മൊത്തം കേരള ജനതയുടെ ഒരു ന്യൂനപക്ഷ ശതമാനമേ കൂടെയുള്ളൂ എന്നറിഞ്ഞിട്ടും കാണിക്കുന്ന ഈ ധാർഷ്ട്യത്തിന് കേരള സമൂഹം (സ്വന്തം തട്ടകത്തിൽ നിന്നടക്കം) മറുപടി കൊടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കുകയാണ്.
ജോർജ്ജ് കെ.പി
കൊന്നതാണെന്റെ പിഞ്ചു പൈതലിനെ - കവിത
രചന: റെനീഷ് തുരുത്തിക്കാടൻ
ആലാപനം: നിഷ തെറ്റയിൽ
വിദ്യാർത്ഥികൾ കക്ഷിരാഷ്ട്രീയ അടിമകളാകരുത്
യുക്തിവാദിസംഘം
പാലക്കാട് :
കലാലയങ്ങളിലെ കക്ഷിരാഷ്ട്രീയ ഇടപെടലുകൾ എതിർശബ്ദങ്ങളെക്കൂടി ബഹുമാനിക്കുന്ന ജനാധിപത്യ ബോധനിലവാരം ഇല്ലാത്തവരാക്കി വിദ്യാർത്ഥികളെ മാറ്റുന്നുണ്ടെന്നും അത് കൂടുതൽ സിദ്ധാർത്ഥൻമാരെ സൃഷ്ടിക്കാനിടവരുത്തുമെന്നും യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മത്സരത്തിലൂടെ ജയിച്ചുവരേണ്ടവരെ എതിരില്ലാതെ തിരഞ്ഞെടുക്കുന്നതുതന്നെ 'ഒരു തെരഞ്ഞെടുപ്പ് ഒരു പാർട്ടി' എന്ന ഏകാധിപത്യ ഫാസിസ്റ്റു രീതിയാണ്. ഉയർന്ന ജനാധിപത്യ, രാഷ്ട്രീയ മൂല്യബോധമുള്ള ജനതയെ വാർത്തെടുക്കാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാവണമെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡൻറ് ഡോ. അരുൺ എൻ എം അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം. ദയാനന്ദൻ, ജില്ലാസെക്രട്ടറി എം. സുനിൽകുമാർ , ഡോ. സി വിശ്വനാഥൻ, ഡോ. ബീന കായലൂർ, പ്രേംകുമാർ ഭാസ്കർ, ടി.കെ. ഷീല, ഡോണ തോമസ് തുടങ്ങിയവർ സംസാരിച്ചു.
എം. ദയാനന്ദൻ
Comments