കേരളത്തിലെ കാമ്പസുകൾ അധമ രാഷ്ട്രീയ താവളങ്ങൾ
ബി. മനോജ് ലാൽ എഴുതുന്നു: തെമ്മാടിക്കൂട്ടങ്ങൾക്ക് അഭയകേന്ദ്രങ്ങളായി, കൊലപാതകങ്ങൾക്ക് പരിശീലനം നൽകുന്ന കോട്ടകളായി കേരളത്തിലെ കലാലയങ്ങൾ മാറിയിരിക്കുന്നു.
കാമ്പസുകളിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യാദികാര്യങ്ങളെക്കുറിച്ചുള്ള നിലവാരമുള്ള ചർച്ചകളാണ് നടക്കേണ്ടത്. അതിൽ നിന്ന് വഴി മാറി അക്രമത്തിലേയ്ക്കും, എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിലേയ്ക്കും വഴി തിരിച്ചുവിടുന്നത് മൂല്യശോഷണം സംഭവിച്ച രാഷ്ട്രീയ പാർട്ടികളും നേതാക്കൻമാരുമാണ്.
കാമ്പസിൽ രാഷ്ട്രീയം വേണ്ട എന്നല്ല ഞാൻ ഉദ്ദേശിച്ചത്, രാഷ്ട്രീയ പാർട്ടികളും അവരുടെ ബ്രാഞ്ചു കമ്മിറ്റികളും വേണ്ട എന്നാണ്. പഠിച്ച് മിടുക്കരായി കുടുംബത്തെയും നാടിനെയും നയിക്കുന്ന മാതൃകാ മനുഷ്യരായി വിദ്യാർത്ഥികളെ മാറുന്ന കളരികളായിരിക്കണം കലാലയങ്ങൾ.
ഇന്ന് കലാലയ രാഷ്ട്രീയം തെമ്മാടിക്കൂട്ടങ്ങൾക്ക് അഭയകേന്ദ്രങ്ങളായി, കൊലപാതകങ്ങൾക്ക് പരിശീലനം നൽകുന്ന കോട്ടകളായി മാറിയിരിക്കുന്നു.
കേരളത്തിൽ ഇന്ന് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകങ്ങളായി മാറുന്ന വിദ്യാർത്ഥി സംഘടനകളെയാണ് കലാലയങ്ങളിൽ കണ്ടുവരുന്നത്. കേരളത്തിലെ കലാലയങ്ങൾ അധികാരത്തിന്റെയും അക്രമത്തിന്റെയും കേന്ദ്രങ്ങളായി വഴി മാറിയിരിക്കുന്നു.
അവിടെ ജാതി-മത-വർഗ-വർഗീയ-ഫാസിസ്റ്റ് ചിന്തകൾ തളം കെട്ടി നിൽക്കുന്നു. മിടുക്കരായ വിദ്യാർത്ഥികളെ കോളേജിലേക്കയച്ച് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രക്ഷാകർത്താക്കളെ ആംബുലൻസുകളുടെ ശബ്ദം ഭയവിഹ്വലരാക്കുന്നു. ഉറ്റവരുടെയും, ഉടയവരുടെയും ഏങ്ങലടിച്ചുള്ള കരച്ചിലുകൾക്ക് ഓരോ ദിനവും കേരളം കാതോർത്തിരിക്കുന്നു. എവിടെയും അസ്വസ്ഥതയുടെ ഞരക്കങ്ങൾ മാത്രം. ലോകം 2024-ൽ എത്തിയിരിക്കുമ്പോൾ കേരളത്തിലെ അധമരാഷ്ട്രീയം വരുതലമുറയ്ക്ക് നൽകിയ സംഭാവന ബഹുകേമം!
എത്രയെത്ര വിദ്യാർത്ഥി രക്തസാക്ഷികൾ! C.V.ജോസ്, ശ്രീകുമാർ, അഭിമന്യൂ... ഇവരെ കൂടാതെ സൈമൺ ബ്രിട്ടോയും ചെറിയാൻ ഫിലിപ്പും പോലെ ജീവിതത്തിലുടനീളം യാതന നേരിട്ടവരും നേരിടുന്നവരും വേറെ. എല്ലാറ്റിനും കാരണം കാമ്പസുകളിലെ അധമരാഷ്ട്രീയമാണ്. വരുതിയിൽ വരാത്തവരെ മെരുക്കിയെടുക്കാൻ പറ്റിയ ഗുണ്ടകളെ ഓരോ രാഷ്ടീയ പാർട്ടിയും കാമ്പസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടി കിട്ടുമ്പോൾ അവർ സാഡിസ്റ്റ് കൊലപാതക മുറകളിലേയ്ക്ക് മാറുന്നു.
പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി കാമ്പസ് ഇത്തരം തെമ്മാടി സംഘങ്ങളുടെ ഒരു കേന്ദ്രം മാത്രം മാണ് . കേരളത്തിലെ ഓരോ കാമ്പസും ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ പോകുന്ന ഓരോ അഗ്നിപർവ്വത മുഖങ്ങളാണ്. വടക്കെ ഇൻഡ്യയിൽ ABVP ആണെങ്കിൽ കേരളത്തിൽ SFI ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു എന്നു മാത്രം.
ഓരോ കാമ്പസും രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ സ്വയം പ്രഖ്യാപിത തട്ടകങ്ങളാണ്. മറ്റുള്ള യൂണിയനുകളെയോ സംഘടനകളെയോ അവർ മുഷ്ടി ബലം കൊണ്ട് ഒതുക്കുന്നു. കലാപരിപാടികളിൽ പോലും ആ സംഘടനയിൽ പെട്ടവർക്കേ അംഗീകാരവും അവാർഡും കിട്ടുകയുള്ളൂ. അതിന് പിന്തുണ നൽകുന്ന അധ്യാപക സംഘടനകളും 'അൽ ഖയിദ'പോലെ പ്രവർത്തിക്കുന്നു. ഇത്തരം അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകൾ കാമ്പസുകളിൽ കപ്പിയും കയറും പോലെയാണ്.
എതിർ ശബ്ദങ്ങൾ ഇത്തരം സംഘടിത താലിബാനുകൾ മുളയിലേ തുള്ളുന്നു. ഇവർക്ക് ക്യാമ്പസ് 'മൃഗയാവിനോദ 'കേന്ദ്രങ്ങളാണ്.
ഒരിടത്തും പരസ്യ വിചാരണ നടത്താൻ ഒരാൾക്കും അവകാശമില്ല. പൊതുസമൂഹത്തിന് ആർക്കെതിരെയും ശിക്ഷ വിധിക്കാനും അധികാരമില്ല. ആധുനിക ജനാധിപത്യത്തിന് ചേരാത്ത അത്തരം പ്രവർത്തി കൈമുതലായുള്ളവരെ കലാലയങ്ങളിൽ പഠിക്കാൻ അനുവദിക്കരുത്. അവർ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടാസംഘങ്ങൾ മാത്രമാണ്. അവരിൽ നിന്ന് മനം മാറ്റവും നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല.
നാരായണ ഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, മന്നത്ത് പത്മനാഭൻ, വി.ടി തുടങ്ങിയവർ ഉഴുതുമറിച്ച മണ്ണിൽ അധമരാഷ്ടീയത്തിന്റെ വിത്തിട്ട് പരിപാലിച്ച് വളർത്തി വലുതാക്കി കേരളത്തെ ലാറ്റിൻ അമേരിക്കയിലെ കുറ്റവാളികൾ അധികാരത്തെ നിയന്ത്രിക്കുന്ന "ബനാന റിപ്പബ്ലിക്കുകൾ" പോലെ ആക്കിയതിന്, ആ നിലവാരത്തിലേയ്ക്ക് ഇകഴ്ത്തിയതിന്,100% ഉത്തരവാദികൾ മൂല്യശോഷണം സംഭവിച്ച കേരളത്തിലെ രാഷ്ട്രീയവും അതിന്റെ നേതാക്കളും മാത്രമാണ്.
അതേ സമയം തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ, രാഷ്ട്രീയ ഗുണ്ടായിസം തീരെയില്ലാത്ത കലാലയങ്ങളെ കണ്ടെത്തി അവിടങ്ങളിൽ അയയ്ക്കാൻ, അത്തരം നേതാക്കൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും നാം കാണാതെ പോകരുത്. നേതാക്കൾ അണികൾക്ക് മാതൃകയാവണം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഉത്‌ഘോഷിക്കുന്നവർ സ്വന്തം മക്കളെയോ, കൊച്ചുമക്കളെയോ രക്തസാക്ഷികളാക്കി മാതൃക കാണിക്കേണ്ട കടമ ഉള്ളവരല്ലേ? പഠിക്കാൻ പോയ പാവപ്പെട്ട വീട്ടിലെ കുട്ടി, രക്തസാക്ഷിയായി എത്തുമ്പോൾ ആദരാജ്ഞലി അർപ്പിക്കാൻ ഊഴം കാത്ത് നിൽക്കുന്നവർ, അലമുറയിട്ടുകരയുന്ന മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനെന്ന വ്യാജേനയെത്തുന്ന ഇവർ, എത്ര വലിയ കപട നാട്യക്കാരാണ്! അത്തരം നേതാക്കളോട് ഒന്നു ചോദിച്ചോട്ടെ: വല്ലവരുടെയും മക്കൾക്കും, കൊച്ചുമക്കൾക്കും മാത്രം ആദരാഞ്ജലിയും, അനുശോചനവും അർപ്പിച്ചാൽ നിങ്ങളുടെ കടമ തീരുമോ?
നിങ്ങളുടെ വീട്ടിലും മക്കൾക്കും, കൊച്ചുമക്കൾക്കും നിങ്ങൾക്ക് ആദരാജ്ഞലിയും, അനുശോചനവും അർപ്പിക്കണമെന്ന് തോന്നാത്തത് എന്തുകൊണ്ടാണ് ? ഇന്നു വരെ കാമ്പസ് രാഷ്ട്രീയത്തിൽ പെട്ട് ഏതെങ്കിലും നേതാക്കൻമാരുടെ മക്കൾ രക്തസാക്ഷി ആയിട്ടുണ്ടോ ? അണികൾ ഇനിയെങ്കിലും ചിന്തിച്ചാൽ നല്ലത്.
ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതൃത്വം കാ മ്പസുകളിലെ രാഷ്ട്രീയ ഗുണ്ടകളെ നിയന്ത്രിച്ചില്ലെങ്കിൽ, കേരളത്തിലെ കാമ്പസുകൾ ബഹിഷ്കരിച്ച് അന്യ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളോ വിദേശത്തോ പോയി കൂട്ടത്തോടെ രക്ഷപെടാൻ വിദ്യാർത്ഥികൾ തയ്യാറാവുക.
Comments