വിഷു - മിത്തും യാഥാർത്ഥ്യവും
വിശ്വാസം - അതല്ല എല്ലാം. അനുപ്രിയ എഴുതുന്നു.
മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന മീന വിഷു വന്നെത്തി! വരികളിലെന്തോ സ്വരച്ചേർച്ചയുളളതു പോലെ തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാഥാർത്ഥ്യം മാത്രം. ഇന്ന് മലയാളികൾ ആഷോഷിക്കുന്ന വിഷു എന്ന കാർഷികോൽത്സവത്തിലെ മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള ഒരുമാസക്കാലയളവിന്റെ 26000 വർഷം നീളുന്ന പരിക്രമണസമയം നമുക്കൊന്നുനോക്കാം.
വിഷു, മേട മാസത്തിൽ നിന്നു മാറി ഒരു മാസം പിന്നിൽ മീനത്തിൽ ഉദയം ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയാകുന്നു. പക്ഷെ അറിവില്ലായ് കൊണ്ടും, ശാസ്ത്രത്തിലുപരി വിശ്വാസമാണ് എല്ലാറ്റിനും മുകളിൽ എന്ന നമ്മുടെ ചിന്താഗതി കൊണ്ടും, നമ്മൾ ഇപ്പോഴും വിഷു ആഘോഷിക്കുന്നത് മേടം 1-ന് തന്നെ. ശാസ്ത്രത്തിൽ അധിഷ്ഠിതമായിരുന്ന നമ്മുടെ പല ആഘോഷങ്ങൾക്കും, ഇന്ന് മതവിശ്വാസത്തിന്റെ മരീചികപോലുള്ള അടിസ്ഥാനം മാത്രമേയുള്ളു.
ഒരുകാലത്ത് കാലാവസ്ഥാടിസ്ഥാനത്തിലുളള കൃഷിയിറക്കലും, വിളവെടുപ്പുമായിരുന്നു ലോകത്തിലെ ഒട്ടുമിക്ക പുരാതന ഉത്സവങ്ങൾക്കുപ്പിന്നിലേയും കാരണങ്ങൾ. പിന്നീട് ആ ഉത്സവങ്ങളിലേക്ക് പ്രത്യേകിച്ച് ഇന്ത്യയുൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങളിൽ ചില മിത്തിക്കൽ കഥാപാത്രങ്ങളുടെ വീരേതിഹാസകഥകൾ കൂടി തുന്നിചേർക്കപ്പെട്ടു. അങ്ങനെ തുന്നിച്ചേർക്കപ്പെട്ടപ്പോൾ ഉത്സവങ്ങൾക്കു പിന്നിലെ ശാസ്ത്രത്തെ പിന്നിലാക്കി അതിലെ ഐതിഹ്യകഥകൾ വളരെ വേഗം മുന്നിലേക്ക് കുതിക്കാനും ആരംഭിച്ചു. തുന്നിചേർക്കപ്പെട്ട കഥകളിലെ, തെറ്റുചെയ്താൽ ശിക്ഷിക്കുന്ന ദൈവത്തെ ഭയന്ന് ഉത്സവങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ മനുഷ്യൻ സ്റ്റാമ്പ് പതിക്കുന്നതുപോലെ ചെയ്തു ശീലിച്ചു, ഇപ്പോഴും അത് ചെയ്തുകൊണ്ടേയിരിക്കുന്നു. യുക്തിബോധമില്ലാത്ത വിവേചന ശക്തിയില്ലാത്ത ഒരു യന്ത്രത്തെ പോലെ.
വിഷു എന്ന വാക്കിന്റെ അർഥം എന്തെന്നാൽ, പകലിനും രാത്രിക്കും ഒരേ ദൈർഘ്യമുള്ള ദിവസം. ജ്യോതി ശാസ്ത്രത്തിൽ ഇതിനെ മഹാവിഷുവം എന്ന് വിളിക്കുന്നു. ഭൂമി അതിന്റെ പരിക്രമണത്തിൽ, സൂര്യന് അഭിമുഖമായ് 90 ഡിഗ്രീ കോണിൽ വരുന്ന ദിവസം. ഇങ്ങനെ ഓരോ വർഷവും ഭൂമി രണ്ടു തവണ 90 ഡിഗ്രീ കോണിൽ എത്തുന്നു, മാർച്ച് 21 അല്ലെങ്കിൽ 22 (Vernal Equinox/Spring Equinox), സെപ്റ്റംബർ 21 അല്ലെങ്കിൽ 22 (Autumnal Equinox). അധിവർഷം അനുസരിച്ച് മാറ്റം വരുന്നത് കൊണ്ടാണ് 21 അല്ലെങ്കിൽ 22 ആകുന്നത്. ഈ ദിവസനങ്ങളിൽ സൂര്യോദയ സമയം തന്നെയാവും സൂര്യാസ്തമയത്തിനും.
കറങ്ങുന്ന ഒരു പമ്പരത്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ? അത് ഒരു ബിന്ദുവിൽ മാത്രം നിന്നല്ല കറങ്ങുന്നത്. കറങ്ങുമ്പോൾ ഒരു നിശ്ചിത സമയത്തിൽ, അതിന്റെ കറങ്ങുന്ന കേന്ദ്ര ബിന്ദുവിന് മാറ്റം ഉണ്ടാകും. ഇത്, ഏത് കറങ്ങുന്ന വസ്തുവിലും സംഭവിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ, സൂര്യന് ചുറ്റും പരിക്രമണം ചെയ്യുന്ന ഭൂമിക്ക്, സൂര്യന്റെയും ചന്ദ്രന്റെയും കാന്തിക പ്രഭാവ ഫലമായി, 26000 വർഷം കൂടുമ്പോൾ, അച്ചുതണ്ടിൽ വരുന്ന വ്യതിയാനമാണ്, മേടം 1 -ൽ സംഭവിച്ച് കൊണ്ടിരുന്ന മഹാവിഷുവം ഇപ്പോൾ 24 ദിവസം പിന്നിൽ മീനത്തിലേക്ക് മാറാൻ കാരണം. ഇനിയും 26000 വർഷം കഴിയുമ്പോൾ മഹാവിഷുവം സംഭവിക്കുന്നത് കുംഭത്തിലാകും. ഇത്തരത്തിൽ അക്ഷഭ്രംശം ( അച്ചുതണ്ടിന്റെ കേന്ദ്രബിന്ദുവിന്റ വ്യതിയാനാം) സംഭവിക്കുമ്പോൾ ഭൂമിയുടെ ധ്രൂവനക്ഷത്രവും കൂടെ മാറുന്നു. ബി.സി. 2500-ൽ നമ്മുടെ ധ്രുവനക്ഷത്രം വ്യാഴം രാശിയിലെ "ഠുബാൻ" ആയിരുന്നു, എ.ഡി ആരംഭത്തിൽ ഇത് ലഘുബാലു ഗണത്തിലെ 'കൊക്കാബ്" എന്ന നക്ഷത്രമായി. ഇപ്പോൾ ഇതേ ഗണത്തിലെ "പൊളാരിസ്" ആണ് നമ്മുടെ ധ്രുവനക്ഷത്രം. ഇനി 2100 വരെ പൊളാരിസ് തന്നെയാണ് നമ്മുടെ ധ്രുവനക്ഷത്രം. അതുവരെ വിഷുവും മീന മാസത്തിൽ തന്നെയാകും. 2100 കഴിഞ്ഞാൽ പൊളാരിസ് തന്നെ ഭൂമിയുടെ ധ്രുവനായ് എത്താൻ 25,800 വർഷം വേണ്ടിവരും.
ഇത്തരത്തിൽ ഭൂമിയുടെ ധ്രുവം മാറുന്നതിനനുസരിച്ച് മാറ്റി എഴുതപ്പെടേണ്ടതാണ് നമ്മുടെ പഞ്ചാംഗവും (മലയാളം കലണ്ടർ). നമ്മുടെ കൊല്ല വർഷ കലണ്ടർ എ.ഡി 825 - ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന അന്നത്തെ മഹാരാജാവ് ശ്രീ ഉദയമാർത്താണ്ഡ രൂപപ്പെടുത്തുമ്പോൾ വിഷുവം വന്നിരുന്നത് മേടം ഒന്നിനായിരുന്നു. അതുകൊണ്ട് ആദിവസം തന്നെയായിരുന്നു വർഷാരംഭമായി കണ്ടിരുന്നതും. അതിന് ശേഷം ധ്രുവം മാറിയിട്ടും നമ്മുടെ കൊല്ലവർഷത്തിൽ ആ തിരുത്ത് ആരും വരുത്തിയില്ല. മാത്രമല്ല, ഈ സമയത്തിനുള്ളിൽ ശാസ്ത്രത്തിന് മുകളിൽ മതവിശ്വാസം ജന മനസ്സുകളിൽ വന്യമായി പടർന്ന് പന്തലിക്കുകയും ചെയ്യ്തു.
ഈ ദിവസങ്ങളിൽ ഭൂമിയും സൂര്യനും മുഖാമുഖം 90° വരുന്നതിനാൽ ഭൂമിയുടെ കൃത്യം മധൃഭാഗത്തു കൂടിയുളള സൂര്യന്റെ ഉദയാസ്തമനം ലോകത്തിന്റെ പലഭാഗങ്ങളിലുമുളള പൗരാണിക നിർമ്മിതികളിലൂടേ നമുക്ക് നേരിട്ട് കാണുവാൻ സാധിക്കും. ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചും, മായൻ പിരമിഡും, പല പൗരാണിക ക്ഷേത്രങ്ങളും ഇതിന്റെയെല്ലാം ഉത്തമ ഉദാഹരണങ്ങളാണ്. പ്രകൃതിയുടെ ഈ വിസ്മയം കണ്ടനുഭവിക്കാൻ ഇപ്പറഞ്ഞ വിദേശരാജ്യങ്ങളിൽ പോകണമെന്നൊന്നുമില്ല. അത്തരതിലൊരു പൗരാണിക മധ്യമം നമ്മുടെ നാട്ടിലുമുണ്ട്.
വർഷത്തെ രണ്ട് വിഷുവം ദിനങ്ങളിലെയും സൂര്യാസ്തമയം നമ്മുടെ തലസ്ഥാനനഗരത്തിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിലൂടെയുള്ള നോക്കിയാൽ മതിയാകും. ഗോപുരത്തിന്റെ മധൃഭാഗത്തു നിന്നും ആരംഭിച്ച് ഏഴ് നിലകളിലെ വതിലുകളിലൂടെ അസ്തമിക്കുന്ന സൂര്യനെ അന്ന് നമുക്കവിടെ കാണാം.
സൂര്യന്റെ ഉത്തരായനം (വേനൽ) ആദ്യ ഘട്ടം തീർന്ന്, രണ്ടാം ഘട്ടം ആരംഭിക്കുന്ന മഹാവിഷുവം അഥവാ Spring equinox ലോകത്തിന്റെ പല ഭാഗങ്ങളിലേയും പൗരാണിക സംസ്കാരങ്ങൾ പ്രകൃതിയുടെ പുതുവർഷമായി ആഘോഷിക്കുമ്പോൾ, വിഷു അഥവാ മഹാവിഷുവം ആഘോഷിക്കേണ്ടതായിരുന്നില്ലേ നമ്മളും. എന്നാൽ നമ്മളിപ്പോൾ, മഹാവിഷുവം അല്ലാത്ത ഒരു സാധാരണ ദിവസം വിഷുവായ് ആഘോഷിക്കുന്നു. വെറുമൊരു മതാചാരമായി മാത്രം. അതായത്, ജന്മദിനം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയെ പോലെയാണ് ഇന്നത്തെ നമ്മുടെ വിഷു.
ഇന്ന് വിഷുവം ദിനങ്ങളിലെ അപൂർവ സൂര്യാസ്തമനം മൊബൈൽ ക്യമറകളിൽ പകർത്താൻ തിക്കിത്തിരക്കി വെമ്പൽ കൊളളുമ്പോൾ നമ്മൾ ഒന്നാലോചിക്കണം.
നമ്മുടെ പൂർവികർ നമുക്ക് എന്ത് പറഞ്ഞു തന്നു? എന്നാൽ ഇന്ന് നമ്മൾ എവിടെ എത്തി നിൽക്കുന്നു? ഒരു ആത്മവിചിന്തനവും, ഒരു പുനഃപ്രതിഷ്ടയും നമ്മുടെ മനസ്സിൽ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം,"വിശ്വാസം അതല്ല എല്ലാം!"
Very informative