റുഷ്ദിയുടെ നർമ്മബോധം സജീവം - മകൻ സഫർ
റുഷ്ദിയുടെ അസാധാരണ നർമ്മബോധം ഇപ്പോഴും സജീവമാണെന്ന് മകൻ സഫർ റുഷ്ദി. വെന്റിലേറ്റർ മാറ്റിയെങ്കിലും അപകടനില പൂർണമായും തരണം ചെയ്യപ്പെട്ടുവെന്ന് പറയാറായിട്ടില്ല എന്നും സഫർ അറിയിച്ചു.
സൽമാൻ റുഷ്ദി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ മകൻ സഫർ റുഷ്ദി പറഞ്ഞു, "അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച പരിക്കുകൾ ഗുരുതരമാണെങ്കിലും, പതിവുളള അദ്ദേഹത്തിന്റെ വിചിത്രവും ധിക്കാരപരവുമായ നർമ്മബോധം മാറ്റമില്ലാതെ തുടരുന്നു." റുഷ്ദിക്ക് ഇപ്പോൾ കുടുംബവുമായി സംസാരിക്കാൻ കഴിയുന്നുണ്ട്. വെന്റിലേറ്ററിന് പുറത്തായതിനാൽ റുഷ്ദിയുടെ കുടുംബം വളരെ ആശ്വാസത്തിലാണ്.
സൽമാൻ റുഷ്ദിയുടെ മകൻ സഫർ റുഷ്ദി ബ്രിട്ടീഷ്-അമേരിക്കൻ അവാർഡിന് അർഹനായ ഒരു എഴുത്തുകാരനാണ്. പിതാവിനൊപ്പം സഫർ റുഷ്ദിയും 11 വർഷം പിതാവിന്റെ ഫത്വ നിഴലിൽ ജീവിച്ചു. ഇറാന്റെ പരമോന്നത മതാധികാരി ആയത്തൊള്ള ഖൊമേനി തന്റെ പിതാവിനെതിരെ ഫത്വ പുറപ്പെടുവിക്കുമ്പോൾ സഫറിന് ഒമ്പത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 11 പീഡാനുഭവ വർഷങ്ങളോളം റുഷ്ദിയുടെ മകന് നിഴലിലും ഭീതിയിലും ജീവിതം നയിക്കേണ്ടിവന്നു.
സഫർ പറയുന്നു, “അത് സംഭവിച്ചപ്പോൾ, അത് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചില്ല. അത് എന്നെ ഇന്നുള്ള വ്യക്തിയാക്കി മാറ്റി. ആദ്യമൊക്കെ ഫത്‌വ എനിക്ക് വളരെ രസകരമായിരുന്നു. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ, ഒരു ദിവസം ഞാൻ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വന്നത് എന്റെ വീട്ടിനുള്ളിൽ പോലീസിനെ കണ്ടെത്താനാണ്. തോക്കുകൾ കൈവശം വച്ചിരുന്ന ഈ ശക്തരുടെ കൂട്ടത്തിലായത് മികച്ച അനുഭവമായിരുന്നു. എന്നാൽ ഒരു പ്രധാന കാര്യം നടക്കുന്നുണ്ടെന്നും അത് നല്ലതല്ലെന്നും തിരിച്ചറിയാൻ ഞാൻ താമസിയാതെ കണ്ടെത്തി."
"സൽമാൻ റുഷ്ദി വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിലൂടെ നമുക്കെല്ലാവർക്കും അദ്ദേഹത്തിന്റെ നർമ്മം ആസ്വദിക്കാനാകും." - സഫർ പറഞ്ഞു.
സൽമാൻ റുഷ്ദിയുടെ നില മെച്ചപ്പെടുന്നു
ന്യൂയോർക്കിലെ ഒരു സാഹിത്യവേദിയിൽവച്ച് ഒരു ഭീകരവാദിയുടെ ആക്രമണത്തിനിരയായ നോവലിസ്റ്റ് സൽമാൻ റുഷ്ദി പെൻസിൽവേനിയയിലെ ഹോസ്പിറ്റലിൽ അപകടനില തരണം ചെയ്തുവെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് അറിയുന്നത്.
അദ്ദേഹം സംസാരിക്കുകയും "ഇനിയും ജീവിക്കാനുണ്ട്" എന്ന് ചെറുചിരിയോടെ പറയുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി. സ്വയം ശ്വസിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.
റുഷ്ദിയുടെ മുറിവുകളിൽ കഴുത്തിന്റെ മുൻഭാഗത്ത് വലതുഭാഗത്തായി മൂന്ന് കുത്തുകൾ, വയറ്റിൽ നാല് കുത്തുകൾ, വലതു കണ്ണിൽ ഒരു കുത്ത്, നെഞ്ചിൽ ഒരു മുറിവ്, വലത് തുടയിൽ മുറിവ് എന്നിവ ഉൾപ്പെടുന്നുവെന്ന് ചൗതൗക്വ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൺ ഷ്മിഡ് പറയുന്നു.
പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷതൗക്വാ ഇൻസ്റ്റിട്യൂട്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കവെ സ്റ്റേജിലേക്ക് പാഞ്ഞുകയറി റുഷ്ദിയുടെ പിന്നിലെത്തിയ കറുത്ത വസ്ത്രം ധരിച്ച അക്രമി അദ്ദേഹത്തെ പലതവണ കുത്തിവീഴുകയായിരുന്നു. കഴുത്തിലും വയറ്റിലും നിരവധി കുത്തുകളേറ്റ് ചോരയിൽ കുളിച്ചു സ്റ്റേജിൽ വീണ റുഷ്ദിക്ക് സദസ്സിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമികമായ ശുശ്രൂഷ നൽകി. അടിയന്തിര ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ഹെലികോപ്റ്ററിൽ അദ്ദേഹത്തെ പെൻസിൽവേനിയയിലെ ഇറൈ ആശുപത്രിയിൽ എത്തിച്ചു. അവിടെ അദ്ദേഹം ശസ്തക്രിയയ്ക്ക് വിധേയനായി. റുഷ്ദിയുടെ പ്രഭാഷണ പരിപാടിയുടെ അവതാരകനും പരിക്കേറ്റിട്ടുണ്ടെങ്കിലും അത് അപകടകരമല്ല.
കോവൂരിന്റെ സമ്പൂർണ കൃതികൾ, ഇടമറുകിന്റെയും സനൽ ഇടമറുകിന്റെയും പുസ്തകങ്ങൾ എന്നിവ ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക് : https://indianatheist.store
അക്രമിയെ അപ്പോൾത്തന്നെ സദസ്സിലും സ്റ്റേജിലും ഉണ്ടായിരുന്നവർ ചേർന്ന് കീഴ്‌പ്പെടുത്തി. അഞ്ചുപേരോളം ചേർന്ന് അക്രമിയെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോഴും അയാൾ റുഷ്ദിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത് . ന്യൂജേഴ്സിക്കാരനായ ഹാദി മതാർ എന്നയാളാണ് അക്രമി. അയാളെ മീറ്റിംഗിലുണ്ടായിരുന്നവർ കീഴ്പ്പെടുത്തി. തുടർന്ന് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു.
ഇന്ത്യൻ വംശജനായ നോവലിസ്റ്റ് സൽമാൻ റുഷ്ദി (75) ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിന്റെ കരളിന് കുത്ത് ഏറ്റിട്ടുണ്ട്. ഒരു കണ്ണ് നഷ്ടപ്പെട്ടേക്കുമെന്നും ഒരു കൈയിലെ രക്തധമനികൾ വിച്ഛേദിക്കപ്പെട്ട് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടേക്കുമെന്നും ആയിരുന്നു അന്തർദേശീയ വാർത്താ ഏജൻസികൾ ആദ്യം അറിയിച്ചത്.
സാത്താനിക് വേഴ്സസ് എന്ന 1988-ലെ റുഷ്ദിയുടെ നോവൽ വലിയ കോളിളക്കം ആണ് ഉണ്ടാക്കിയത്. മുസ്ലീങ്ങളുടെ പ്രവാചകനെ ഈ നോവൽ നിന്ദിക്കുന്നു എന്ന ആക്ഷേപം ഉണ്ടായി. ഇന്ത്യയാണ് ആദ്യം ആ പുസ്തകം നിരോധിച്ചത്. തുടർന്ന് പാകിസ്ഥാനും പിന്നീട് ഇസ്ലാമിക രാജ്യങ്ങളും നിരോധിച്ചു.
1981-ൽ പ്രസിദ്ധീകരിച്ച മിഡ്‌നെറ്റ്സ് ചിൽഡ്രൻ ആണ് ആദ്യ കൃതി. ആ പുസ്തകത്തിന് ബുക്കർ പുരസ്കാരം ലഭിച്ചു.
സാത്താനിക് വെഴ്സസിന്റെ പ്രസിദ്ധീകരണത്തെ തുടർന്ന് ഇറാനിലെ മതാധിപതി ആയത്തൊള്ള റൂഹള്ള ഖൊമേനി സൽമാൻ റുഷ്ദിയെ വധിക്കാൻ ആവശ്യപ്പെട്ട് ഫത്വ ഇറക്കി. റുഷ്ദിയെ വധിക്കുന്നയാൾക്ക് വൻ തുക പ്രതിഫലവും പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഗവണ്മെന്റ് റഷ്ദിക്ക് സുരക്ഷ നൽകാൻ തയ്യായായി. കഴിഞ്ഞ 20 വർഷമായി റുഷ്ദി അമേരിക്കയിലാണ് താമസം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോക നേതാക്കൾ റുഷ്ദിക്കെതിരായി നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ചവരിൽ ഉൾപ്പെടുന്നു.
Comments